ഗൂഗിളിലെ ശമ്പളമൊക്കെയെന്ത്? ജെന്നിഫറിന് ഇതൊക്കെ 'നിസാരം'!
Mail This Article
ജോലി കിട്ടുന്നത് വരെ അയ്യോ ജോലി കിട്ടിയില്ലേ എന്ന വിഷമമാണ്. കിട്ടി കഴിഞ്ഞാലോ, പ്രമോഷന്‍, ശമ്പള വര്‍ദ്ധന എന്നിങ്ങനെ പല കാര്യങ്ങള്‍ ആലോചിച്ചാകും ടെന്‍ഷന്‍. ഇടയ്‌ക്കിടെയുള്ള സ്ഥാനക്കയറ്റങ്ങള്‍ കരിയറിലെ വളര്‍ച്ചയ്‌ക്കും ജോലിയോടുള്ള താത്‌പര്യവര്‍ദ്ധനയ്‌ക്കും അത്യാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകില്ല. എന്നാല്‍ സ്ഥാനക്കയറ്റം മാത്രമല്ല, ചിലപ്പോഴൊക്കെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള സ്ഥാന ഇറക്കങ്ങള്‍ അഥവാ ഡീമോഷനും കരിയറിന് ഗുണം ചെയ്യുമെന്ന് പറയുകയാണ് റൈസിങ് ടീം സ്ഥാപകയും സിഇഒയുമായ ജെന്നിഫര്‍ ഡള്‍സ്‌കി.
യാഹൂ, ഗൂഗിള്‍, ഫെയ്സ്ബുക് പോലുള്ള മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ച വ്യക്തിയാണ് ജെന്നിഫര്‍. 1999ല്‍ യാഹൂവിലെ മാര്‍ക്കറ്റിങ് വിഭാഗത്തിലാണ് ജെന്നിഫര്‍ തന്റെ എംബിഎ പഠനത്തിന് ശേഷം കരിയര്‍ ആരംഭിച്ചത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അന്ന് യാഹൂവില്‍ ലഭിച്ച ജോലിക്ക് വാഗ്‌ദാനം ചെയ്‌ത ശമ്പളം പാതിയായിരുന്നെങ്കിലും വ്യത്യസ്‌തമായ രീതിയില്‍ എന്നും ചിന്തിക്കാന്‍ ഇഷ്ടപ്പെട്ട ജെന്നിഫര്‍ ആ ജോലി തിരഞ്ഞെടുക്കുകയായിരുന്നു.
ഇതേ യാഹൂവില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ക്കറ്റിങ്ങില്‍ നിന്ന് ജനറല്‍ മാനേജ്‌മെന്റ് വിഭാഗത്തിലേക്ക് മാറാന്‍ ജെന്നിഫര്‍ തീരുമാനിച്ചപ്പോഴും അപ്പോള്‍ ഇരുന്ന ലെവലില്‍ നിന്ന് രണ്ട് ലെവല്‍ താഴെയുള്ള റോളിലേക്ക് ഡീമോഷനോട് കൂടിയാണ് ജെന്നിഫര്‍ മാറിയത്. അപ്പോഴും പലരും നെറ്റിചുളിച്ചു. പക്ഷേ, അതായിരുന്നു തന്റെ കരിയറിലെ പ്രധാനപ്പെട്ട വഴിത്തിരിവെന്ന് ജെന്നിഫര്‍ പറയുന്നു. പുതിയ റോളില്‍ ഏറെ താമസിക്കും മുന്‍പ് സ്ഥാനക്കയറ്റം ലഭിച്ച ജെന്നിഫര്‍ ഒന്നരവര്‍ഷത്തില്‍ മറ്റ് ആറ് ബിസിനസ്സുകളുടെ കൂടി മേല്‍നോട്ട ചുമതലയുള്ള ഗ്രൂപ്പ് വൈസ് പ്രസിഡന്റായി മാറി.
യാഹൂ പോലൊരു കമ്പനിയിലെ അത്രയും ഉയര്‍ന്ന ജോലി ഉപേക്ഷിച്ചാണ് ഡീല്‍മാപ്പ് എന്ന ചെറിയൊരു സ്റ്റാര്‍ട്ട് അപ്പിലേക്ക് ജെന്നിഫര്‍ മാറുന്നത്. അപ്പോഴും എല്ലാവരും വിമര്‍ശിച്ചു. എന്നാല്‍ ഡീല്‍മാപ്പിനെ ഗൂഗിള്‍ ഏറ്റെടുത്തതോടെ ജെന്നിഫര്‍ മുന്‍പത്തേതിനേക്കാള്‍ ഉയര്‍ന്ന ശമ്പളത്തോടെ ഗൂഗിളില്‍ എത്തി. എന്നാല്‍ ജെന്നിഫറിന്റെ വെല്ലുവിളികളോടും പരീക്ഷണങ്ങളോടുമുള്ള ത്വര അവിടെയും അവസാനിച്ചില്ല. ഗൂഗിളിലെ ആരും കൊതിക്കുന്ന ശമ്പളം വിട്ടെറിഞ്ഞ് പിന്നീട് change.org എന്ന പെറ്റീഷന്‍ വെബ്‌സൈറ്റിന്റെ പ്രസിഡന്റ്, സിഇഒ റോളിലേക്ക് ജെന്നിഫര്‍ കൂട് മാറി. ഇവിടെ നിന്ന് പിന്നീട് ഫേസ്‌ബുക്കിലെത്തി പല വര്‍ഷം അവിടെയും സീനിയര്‍ റോളുകളില്‍ തിളങ്ങി.
25 വര്‍ഷം ഇത്തരം പല സ്ഥാപനങ്ങളിലെ സീനിയര്‍ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് 2020ല്‍ ജെന്നിഫര്‍ റൈസിങ് ടീം ആരംഭിക്കുന്നത്. സാമ്പത്തിക ശേഷി കുറഞ്ഞവരും എന്നാല്‍ മിടുക്കരും പ്രചോദിതരുമായ യുവാക്കളെ സര്‍വകലാശാല പഠനത്തിനായി സഹായിക്കുന്ന സ്ഥാപനമാണ് റൈസിങ് ടീം. കരിയറിനെ വ്യത്യസ്‌തമായ ട്രാക്കില്‍ കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാന ഇറക്കങ്ങള്‍ തിരഞ്ഞെടുക്കാനും മടിക്കരുതെന്നാണ് ജെന്നിഫര്‍ നല്‍കുന്ന ഉപദേശം.