ADVERTISEMENT

ആയിരം വർഷത്തിനിടയിലെ മഹതിയെ ടൈം മാസിക ഒരിക്കൽ തിരഞ്ഞെടുത്തു. വിജയി ഇന്ദിരാഗാന്ധി. 45 വർഷം ഇംഗ്ലണ്ട് ഭരിച്ച എലിസബത്ത് രാജ്ഞി രണ്ടാം സ്ഥാനത്ത്. ഇന്ദിര ആരാധിച്ചിരുന്ന ജോൺ ഓഫ് ആർക് മൂന്നാമതും. ദ് ട്രൂത്ത് എന്ന ആത്മകഥയിൽ ഇന്ദിര എഴുതി, മുത്തച്ഛൻ മോട്ടിലാൽ നെഹ്റുവാണ് എന്റെ സ്വഭാവം രൂപപ്പെടുത്തിയത്. ബാല്യത്തിൽ അദ്ദേഹത്തിന്റെ തോളത്തുകയറി പുറത്തു പോകാത്ത ദിവസങ്ങൾ കുറവായിരുന്നു. എൻസൈക്ലോപീഡിയ ഓഫ് ബയോഗ്രഫീസ് എന്ന പേരിൽ മഹാന്മാരും മഹതികളുമായ 20,000 ആളുകളെക്കുറിച്ച് കനപ്പെട്ട ഒരു പുസ്തകം പുറത്തിറങ്ങി. 1,000 പേജുകളുമായി 20 വാള്യങ്ങൾ.

തിരഞ്ഞെടുക്കപ്പെട്ട 20,000 പേരുടെ ബാല്യകൗമാരങ്ങൾ, വ്യക്തിത്വത്തിലെ പ്രത്യേകതകൾ തുടങ്ങിയവ ഡോക്ടർമാരും ശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരു മടങ്ങുന്ന സംഘം പഠിച്ചു. അവർ അദ്ഭുതകരമായ ഒന്നു കണ്ടെത്തി. 15,000 പേരെ വളർത്തിയതു ജന്മം നൽകിയ അച്ഛനോ അമ്മയോ അല്ല, മറിച്ചു മുത്തച്ഛനോ മുത്തശ്ശിയോ ആണ്. മുത്തശ്ശിമാർക്കായിരുന്നു മുൻതൂക്കം. സോക്രട്ടീസിന്റെ 3–ാം വയസ്സിൽ അച്ഛൻ മരിച്ചു. പ്ലേറ്റോയ്ക്ക് 4–ാം വയസ്സിലും. മുത്തശ്ശിമാരാണ് എടുത്തുവളർത്തിയത്. 6–ാം വയസ്സിൽ അരിസ്റ്റോട്ടിലിന്റെ അച്ഛനമ്മമാർ മരിച്ചു. മുത്തശ്ശിയുടെ സംരക്ഷണയിലായി.

ഇമ്മാനുവൽ കാൻഡിന് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ അപകടത്തിൽപെട്ടു മരിച്ചു. ലോകത്തെ വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത ചെങ്കിസ്ഖാനും യുഎസ് പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കനും 9–ാം വയസ്സിൽ അമ്മമാരെ നഷ്ടപ്പെട്ടു മൂവരും മുത്തശ്ശിമാരുടെ പക്കലെത്തി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച രാത്രിയിൽ ജവാഹർലാൽ നെഹ്റു നടത്തിയ പ്രസംഗം ലോങ് ഇയേഴ്സ് എഗോ… എന്ന വാചകത്തിലാണു തുടങ്ങുന്നത്. ചരിത്രത്തെ അപഗ്രഥിക്കാനും കാലഗണനാപ്രകാരം കാര്യങ്ങൾ ഓർത്തെടുക്കാനുമുള്ള ശേഷി സെൻസ് ഓഫ് ഹിസ്റ്ററി എന്നാണറിയുന്നത്. പണ്ടുപണ്ട്… എന്നാരംഭിക്കുന്ന മുത്തശ്ശിമാരുടെ കഥകളിൽ ചരിത്രമുണ്ട്. 250 വർഷം മുൻപു തിരുവിതാംകൂർ ഭരിച്ചതു മാർത്താണ്ഡവർമയാണെന്നു കുഞ്ഞിനറിയാമോ എന്നു മുത്തശ്ശി ചോദിക്കുമ്പോൾ ചരിത്രവും കുട്ടിമനസ്സിൽ ഇടംപിടിക്കുകയാണ്. യുധിഷ്ഠിരൻ, അർജുനൻ, ഭീമൻ, ഹെർക്കുലീസ്, സിൻദ്ബാദ്, ടാർസൻ, ഫാന്റം എത്രയെത്ര ഹീറോകളാണു ചുറ്റിലും. അർജുനന് അമ്പിൽ പിഴയ്ക്കില്ല.

ഏതു പേമാരിയെയും വകവയ്ക്കാതെ സിൻദ്ബാദ് കടലിലേക്കിറങ്ങും. സൂക്ഷ്മതയും ധീരതയും തുടങ്ങി വീരപുരുഷന്മാരുടെ 10 ഗുണങ്ങളെങ്കിലും ശ്രദ്ധിക്കുന്ന കുട്ടി തന്റെ ജീവിതത്തിൽ അതിൽ 4–5 എണ്ണമെങ്കിലും പകർത്തുമെന്നുറപ്പ്. ഈജിയൻ തൊഴുത്തു വൃത്തിയാക്കുന്നതു ശ്രമകരമാണെന്നു കണ്ട ഹെർക്കുലീസ് നദിയുടെ ഒഴുക്ക് അതുവഴി തിരിച്ചുവിടാൻ ശ്രമിക്കുന്നു. താൻ അമ്പെയ്തു വീഴ്ത്തിയ മൃഗത്തിന് അവകാശവാദവുമായി എത്തിയ വേടൻ പരമശിവനാണെന്നു അർജുനൻ നിരീക്ഷണബുദ്ധിയാൽ തിരിച്ചറിയുന്നു. മുത്തശ്ശിയുടെ ഈ കഥകൾ ഭാവിയിൽ നേരിടാനിരിക്കുന്ന ഏതു പ്രതിസന്ധിയുടെ മുന്നിലും പതറാതെ പരിഹാരം കാണണമെന്നും തീരുമാനങ്ങൾ തക്കസമയത്ത് എടുക്കണമെന്നുമുള്ള ബോധമാണു പകരുന്നത്. കഥ പറയാൻ മുത്തശ്ശിക്ക് എത്രയെത്ര വാക്കുകളാണ്. മുതിർന്നവരുടെ പദസഞ്ചയവും പ്രയോഗങ്ങളും വ്യാകരണവും കുട്ടിമനസ്സിൽ പതിയുന്നു. ഭാരതപര്യടനം മാരാർ സമർപ്പിച്ചിരിക്കുന്നതു മുത്തശ്ശിക്കാണ്. ലോകത്ത് ഏറ്റവുമധികം പുസ്തകങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുള്ളതും മുത്തശ്ശിമാരുടെ പേരിൽത്തന്നെ. മുത്തച്ഛന്റെ തോളിലിരുന്നു റോഡിലിറങ്ങുന്ന കുട്ടി മുത്തച്ഛനു കിട്ടുന്ന അഭിവാദ്യങ്ങളും നാട്ടുവാർത്തകളും കൂടി പിടിച്ചെടുക്കുകയാണ്. നാട്ടുകാരുടെ സല്യൂട്ടുകളത്രയും വാങ്ങിയെടുക്കുന്ന ഈ കൊച്ചുമിടുക്കനോ മിടുക്കിയോ മുതിർന്നാൽ നാടിനു നടുവിലിറങ്ങി രണ്ടു വാക്കു പറയാൻ മടിയില്ലാത്തവരായി മാറും.

തള്ളയാടിന്റെ വാക്കു കേൾക്കാതെ ചെന്നായയുടെ വായിലായ കുട്ടിയാടിന്റെ കഥ പറയുമ്പോൾ മുത്തശ്ശി വലിയ വായിൽ കരയും. മാതാപിതാക്കൾ പറയുന്നതു കേട്ടില്ലെങ്കിൽ ആപത്താണെന്നു കുട്ടിക്കു ബോധ്യമാകും. മുത്തച്ഛനെയും മുത്തശ്ശിയെയും കെട്ടിപ്പിടിച്ചുറങ്ങുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യവും മെച്ചമാകുമെന്നു മെഡിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൊച്ചുമക്കളോടൊപ്പം ഉല്ലസിച്ചു കഴിയുന്ന മുതിർന്നവരും തങ്ങളുടെ ഫിറ്റ്നസ് വീണ്ടെടുക്കും. അവധിക്കാലത്ത്  കുട്ടികളെ അവരുടെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം വിടുക. നാട്ടുവായു ശ്വസിച്ചും വയലേലകളിലോടിയും ഗ്രാമക്കുളത്തിൽ നീന്തിത്തുടിച്ചും അവർ മിടുക്കരാകട്ടെ.

English Summary:

The Grandmother Effect: How They Shape Extraordinary Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com