ഇന്റേണ്‍ഷിപ്പിന് പിന്നാലെ നടന്നത് 6 മാസം; ഇന്ന് അതേ കമ്പനിയുടെ സിഇഒ
Mail This Article
പ്രമുഖ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ നൈക്കിയുടെ സിഇഒയായി അടുത്ത മാസം സ്ഥാനമേല്‍ക്കുകയാണ് എലിയട്ട് ഹില്‍.1988ല്‍ നൈക്കിയില്‍ ഒരു ഇന്റേണായി ജോലി ആരംഭിച്ച എലിയട്ട് വിവിധ സ്ഥാനങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ സിഇഒ ആകാന്‍ ഒരുങ്ങുന്നത്. 2020ല്‍ നൈക്കിയുടെ കണ്‍സ്യൂമര്‍ ആന്‍ഡ് മാര്‍ക്കറ്റ് പ്ലേസ് പ്രസിഡന്റായി വിരമിച്ച എലിയട്ടിനെ 27 ദശലക്ഷം ഡോളറിന്റെ പാക്കേജ് നല്‍കിയാണ് നൈക്കി കമ്പനി തലപ്പത്തേക്ക് തിരികെ വിളിക്കുന്നത്.
നൈക്കിയിലെ അപ്പാരല്‍ സെയില്‍സ് വിഭാഗത്തില്‍ ഇന്റേണായിട്ടായിരുന്നു തുടക്കം. ഈ ഇന്റേണ്‍ഷിപ്പിന് വേണ്ടി ആറ് മാസം കമ്പനിയിലെ ഒരു എക്‌സിക്യൂട്ടീവിനെ താന്‍ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതായി എലിയട്ട് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒഹിയോ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ എലിയട്ട് അവിടെ സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ്ങിനെ കുറിച്ച് ക്ലാസ് എടുക്കാനെത്തിയ ഒരു നൈക്കി കമ്പനി ഉദ്യോഗസ്ഥന്റെ അടുക്കലാണ് അഭ്യർഥനയുമായി എത്തിയത്. തനിക്കൊഴിച്ച് ക്ലാസിലെ മറ്റുള്ള എല്ലാവര്‍ക്കും ജോലിയായി എന്നെല്ലാം പറഞ്ഞാണ് ഒടുക്കം ഇന്റേണ്‍ഷിപ്പ് തരപ്പെടുത്തിയതെന്നും ഫോര്‍ട്ടിറ്റിയൂഡ് പോഡ്‌കാസ്‌റ്റിന് നല്‍കിയ അഭിമുഖത്തില്‍ എലിയട്ട് പറയുന്നു. രണ്ട് വര്‍ഷത്തെ ഈ ഇന്റേണ്‍ ജോലിക്ക് ശേഷം 1990ല്‍ എലിയട്ട് സ്‌പോര്‍ട്‌സ് ഗ്രാഫിക്‌സ് സെയില്‍സ് വിഭാഗത്തിലെത്തി. പിന്നീട് 2020ല്‍ വിരമിക്കുന്നത് വരെ 19 വിവിധ സ്ഥാനങ്ങളില്‍ മാറി മാറി നൈക്കിയില്‍ ജോലി ചെയ്‌തു. വിവിധ വെര്‍ട്ടിക്കലുകളിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് ശേഷം 2013ല്‍ നൈകി ജിയോഗ്രഫീസ് ആന്‍ഡ് സെയില്‍സ് പ്രസിഡന്റായി. സ്ഥിരോത്സാഹമാണ് കരിയറിലെ വിജയത്തിന്റെ അടിസ്ഥാനമെന്ന് എലിയട്ടിന്റെ ജീവിതം പഠിപ്പിക്കുന്നു. ആറ് മാസം തികച്ച് ഒരു കമ്പനിയില്‍ പലരും ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്ത സാഹചര്യമാണ് ഇന്ന് കോര്‍പ്പറേറ്റ് ലോകത്തിലുള്ളത്. അവിടെയാണ് ഒരേ കമ്പനിയോട് കൂറ് പുലര്‍ത്തി അതില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുന്ന എലിയട്ടിനെ പോലുള്ളവര്‍ വ്യത്യസ്‌തരാകുന്നത്.
നൈക്കിയുടെ വിജയത്തിനു പിന്നിൽ ഈ തീരുമാനങ്ങൾ
ലളിതമായ ഒരു ചിഹ്നത്തിലൂടെ ലോകമെമ്പാടും പരിചിതമായ ഒരു ബ്രാൻഡാണ് നൈക്കി (Nike). സ്പോർട്സ് ഷൂസ് നിർമ്മാണ വിതരണ മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനക്കാരായ നൈക്കി സ്പോർട്സ് അനുബന്ധ ഉപകരണ നിർമ്മാണത്തിലും മുൻനിരയിലാണ്. നൈക്കിയുടെ സഹസ്ഥാപകരിൽ ഒരാളായ ഫിൽ നൈറ്റിന്റെ (Phil Knight) തന്ത്രപരമായ തീരുമാനങ്ങളാണ് ഒരു ലോകോത്തര ബ്രാൻഡ് സൃഷ്ടിക്കാൻ കാരണമായത്.
ഒറിഗോൺ സർവകലാശാലയിൽ നിന്നും ബിരുദമെടുത്തതിനു ശേഷം സ്റ്റാൻഫോർഡ് ബിസിനസ് സ്കൂളിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുന്ന കാലത്താണു ജപ്പാൻ ഉൽപന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ചു ഫിൽനൈറ്റ് മനസ്സിലാക്കുന്നത്. പഠനകാലത്ത് ഒരു മികച്ച അത്‌ലീറ്റ് ആയിരുന്ന ഫിൽ സ്പോർട്സ് ഷൂസ് ബിസിനസ് ചെയ്യാൻ താൽപര്യപ്പെട്ടു. ഉന്നത നിലവാരമുള്ള ഉൽപന്നം തേടി ജപ്പാനിലേക്കു തിരിച്ചു. ജപ്പാനിലെ പ്രശസ്ത ഷൂ നിർമ്മാണ കമ്പനിയായ ഒണിത്‌സുക ടൈഗറിൽ തന്നെ പരിചയപ്പെടുത്തിയത് അമേരിക്കയിലെ പ്രശസ്തമായ സ്പോർട്സ് ഉപകരണ വിതരണ കമ്പനി ആയ ‘ബ്ലൂ റിബൺ സ്പോർട്സ്’ പ്രതിനിധി ആയാണ്. എന്നാൽ അങ്ങനെ ഒരു കമ്പനി ഫിൽനൈറ്റിന്റെ ഭാവനയിൽ മാത്രമാണുണ്ടായിരുന്നത്. ഫിൽ തന്റെ വാക്ചാതുര്യത്തിലൂടെ ജപ്പാൻ കമ്പനിയുമായി ഒരു കരാർ തരപ്പെടുത്തി. തന്റെ അത്‌ലറ്റിക് കോച്ചായിരുന്ന ബിൽ ബോവർമാനെ ജപ്പാൻ കമ്പനിയുടെ ഷൂസ് പരിചയപ്പെടുത്തി. ബോവർമാന് ഉൽപന്നം ഇഷ്ടപ്പെടുകയും ഫിൽ നൈറ്റിനൊപ്പം ബിസിനസിൽ പങ്കാളി ആവുകയും ചെയ്തു. 1964ൽ ജപ്പാനിൽ നിന്നെത്തിച്ച 1300 ജോടി ഷൂസ് ‘ബ്ലൂ റിബൺ സ്പോർട്സ് കമ്പനി’യുടെ പേരിൽ വിറ്റഴിച്ചു.
ജപ്പാനിൽ നിന്നും എത്തിച്ച ഷൂസുകൾ നൈറ്റിന്റെ കാറിന്റെ ഡിക്കിയിൽ നിറച്ച് ഉപഭോക്താക്കളുടെ അടുത്തെത്തിച്ചായിരുന്നു കച്ചവടം. രണ്ടു വർഷങ്ങൾക്കു ശേഷം കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ ആദ്യത്തെ റീട്ടെയിൽ സ്റ്റോറാരംഭിച്ചു. കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കാനായി ജോഗിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു ഗ്രന്ഥം 1966ൽ ഫിൽ നൈറ്റ് പുറത്തിറക്കി. ഈ ഗ്രന്ഥത്തിന്റെ ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞതോടെ ഷൂസിന് ആവശ്യക്കാരേറി. മുൻനിര ബ്രാൻഡുകളുമായുള്ള കടുത്ത മൽസരങ്ങൾക്കിടെ സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. പണം സ്വരൂപിക്കാനായി അക്കൗണ്ടന്റായും അധ്യാപകനായുമൊക്കെ പണിയെടുത്ത ഫിൽ നൈറ്റിന്റെ മാനോവീര്യംകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ചു.
1971ൽ ജപ്പാൻ കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കേണ്ടി വന്നതോടെയാണു സ്വന്തം ബ്രാൻഡായ ‘നൈക്കി’ തുടങ്ങിയത്. വിജയത്തിന്റെ ഗ്രീക്ക് ദേവതയായ നൈക്കിയുടെ പേരു നിർദേശിച്ചത് ജീവനക്കാരനായിരുന്ന ജഫ് ജോൺസൻ. തന്റെ വിദ്യാർഥിനി ആയിരുന്ന കാരലിൻ ഡേവിഡ്സനെക്കൊണ്ട് രൂപകൽപ്പന ചെയ്യിച്ച നൈക്കിയുടെ ലോഗോ ഏറെ ശ്രദ്ധേയമായി. 1984ൽ ബാസ്കറ്റ് ബോൾ താരം മൈക്കൾ ജോർഡനുമായുണ്ടാക്കിയ കരാർ കമ്പനിയുടെ വളർച്ചയ്ക്കു വഴിയൊരുക്കി. കരാറിലേർപ്പെടുമ്പോൾ ജോർഡൻ സുപ്രധാനമായ ഒരു കളിയിൽ പോലും പങ്കെടുത്തു തുടങ്ങിയിരുന്നില്ല. കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കിയതുവഴി ഒന്നാം നിരയിലേക്കുയരാൻ നൈക്കിക്ക് കഴിഞ്ഞു. ‘ഷൂ ഡോഗ്’ എന്ന പേരിൽ 2016ൽ പുറത്തിറക്കിയ ആത്മകഥയിലൂടെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് ഒരു ലോകോത്തര ബ്രാൻഡ് പടുത്തുയർത്തിയ കഥ ഫിൽ വിവരിക്കുന്നു. ‘‘മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന തീരുമാനങ്ങളാണ് ഞാൻ എടുത്തത്. എന്നാൽ എനിക്ക് എന്റെ സ്വപ്നത്തിലും എന്നിലും വിശ്വാസമുണ്ടായിരുന്നു’’ ഫിൽ നൈറ്റ് പറയുന്നു.