ADVERTISEMENT

കുട്ടികൾ ഇനി പഠിക്കാൻ മുൻഗണന കൊടുക്കേണ്ടത് എഐയും മാത്‌സും സ്റ്റാറ്റിസ്റ്റിക്സും ഡേറ്റ സയൻസും. അതിന്റെ കൂടെ കംപ്യൂട്ടർ വിജ്ഞാനവും ആർജിക്കട്ടെ. 5 വർഷത്തിനകം നിർമിത ബുദ്ധി ഓട്ടമേഷൻ മൂലം പ്രോഗ്രാമർമാരുടെ ആവശ്യം തീരെ കുറയുമ്പോൾ ഇതാവും രക്ഷ. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനിയുടെ സഹസ്ഥാപകനും അൻപതിലേറെ സ്റ്റാർട്ടപ് കമ്പനികളിലെ നിക്ഷേപകനുമായ രാജീവ് മാധവൻ പറയുന്നതാണിത്. യുഎസിലെ മികച്ച നിക്ഷേപകർക്കു നൽകുന്ന റെഡ്ഹെറിങ് ടോപ് ഇൻവെസ്റ്റർ അവാർഡ് നേടിയ രാജീവിന് ആഗോള ഐടി രംഗത്തെ ഏറ്റവും പുതിയ പ്രവണതകൾ അടുത്തു നിന്നു കാണുന്നതിന്റെ അനുഭവ‍‍ ജ്ഞാനമുണ്ട്.

സ്വയം 3 സ്റ്റാർട്ടപ് കമ്പനികൾ ആരംഭിച്ച് വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാഗ്‌മ ഡിസൈൻ ഇന്നവേഷൻ, ആംബിറ്റ് ഡിസൈൻ, ലോജിക് വിഷൻ എന്നിവ. അതിൽ മാഗ്‌മയെ പിന്നീട് സിനോപ്സിസ്‍ എന്ന കമ്പനി ഏറ്റെടുത്തു. കഴിഞ്ഞ 10 വർഷത്തിനിടെ 30 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുമുണ്ട്. തുടക്കക്കാരുടെ കമ്പനികളിൽ മുതൽ മുടക്കുന്നതിനൊപ്പം അവർക്ക് ടെക്കികളെ റിക്രൂട്ട് ചെയ്യാനും ഉൽപന്നം വികസിപ്പിക്കാനും ഉപയോക്താക്കളെ കണ്ടുപിടിക്കാനും വിപണനത്തിനുമെല്ലാം സഹായം നൽകും. ഇതിനൊക്കെ അടുത്തുണ്ടാകണം എന്നതിനാലാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ കഴിയാത്തതെന്ന് രാജീവ് മാധവൻ ചൂണ്ടിക്കാട്ടി.

indian-kids-hispanolistic-istock-photo-com
Representative Image. Photo Credit : Hispanolistic / iStockPhoto.com

തൃശൂർ ചുന്ദ്രിയിൽ കുടുംബാംഗമായ രാജീവ് (59) സൂരത്കൽ എൻഐടിയിൽ എൻജിനീയറിങ്ങിനും കാനഡയിൽ എംഎസിനും ശേഷമാണ് യുഎസിലെത്തിയത്. തുടക്കം മുതൽ കംപ്യൂട്ടർ ഓട്ടമേഷൻ രംഗത്തായിരുന്നു. രോഗനിർണയം കംപ്യൂട്ടർവൽക്കരിക്കാനുള്ള എവിഡെന്റ്ലി ഡോട്ട് കോം എന്ന കമ്പനിയിലാണ് ഇപ്പോൾ നിക്ഷേപം. രോഗലക്ഷണങ്ങളും ലാബ് റിസൽറ്റും സ്കാൻ റിസൽറ്റുമെല്ലാം നൽകിയാൽ രോഗം നിർണയിക്കുന്ന സോഫ്റ്റ്‌വെയറാണിത്. യുഎസിലെ 7 ആശുപത്രികളിൽ നടപ്പാക്കി.

ഡോക്ടറുടെ പ്രസക്തി ഇല്ലാതാക്കുകയല്ല, രോഗനിർണയം എളുപ്പമാക്കുകയാണെന്ന് രാജീവ് മാധവൻ പറഞ്ഞു. എന്നാൽ, ഡോക്ടറെ വേണ്ടാത്ത സ്ഥിതി അടുത്ത ഒരു തലമുറക്കാലം പ്രതീക്ഷിക്കുന്നില്ല. എവിഡെന്റ്ലി ആദ്യ ഓഹരിവിൽപനയ്ക്കു തയാറെടുക്കുകയാണ്. പറയുന്നതു പ്രവർത്തിപഥത്തിൽ വരുത്തുന്നതിന്റെ ഭാഗമായി രാജീവ് മാധവൻ തന്റെ മക്കളെ കണക്കും ഡേറ്റയും സ്റ്റാറ്റിസ്റ്റിക്സുമാണു പഠിപ്പിച്ചത്. എഐയും ബയോമെഡിക്കലും മൂത്തമകൾ പഠിച്ചപ്പോൾ സ്റ്റാറ്റിസ്റ്റിക്സും ഡേറ്റ സയൻസുമാണ് ഇളയ മകൾ പഠിച്ചത്.

rajeev-madhavan-founder-clear-ventures
രാജീവ് മാധവൻ
English Summary:

Future-Proof Your Child: Why AI and Data Science are the New Essentials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com