കൂട്ടപിരിച്ചുവിടലിൽ നിങ്ങളും ഉൾപ്പെടുമെന്ന് ഭയമുണ്ടോ? തൊഴിലിൽ ഇൗ 5 കഴിവുണ്ടെങ്കിൽ പേടി വേണ്ട
Mail This Article
കമ്പനിക്കു നഷ്ടമുണ്ടാകുമ്പോള്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ടെക് ലോകത്തെ കമ്പനികള്‍. എന്നാല്‍ സ്ഥാപനം ലാഭം നേടുമ്പോഴും 13% ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഫ്രഷ് വര്‍ക്‌സ്. ഇക്കാര്യത്തില്‍ ഫ്രഷ് വര്‍ക്‌സ് ഒറ്റയ്‌ക്കല്ല എന്നതാണ് സത്യം. ഗൂഗിള്‍, ആമസോണ്‍, ഇന്റല്‍, ആപ്പിള്‍ പോലുള്ള വമ്പന്‍ കമ്പനികള്‍ പോലും ലാഭമുണ്ടാകുന്ന സമയത്തും ജീവനക്കാരെ പിരിച്ചു വിടാറുണ്ട്. സിസ്‌കോ അടുത്തിടെ 6000 ജീവനക്കാരെയും ഇന്റല്‍ 15,000 ജീവനക്കാരെയും പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നിർമിതബുദ്ധി അധിഷ്‌ഠിത സാങ്കേതികവിദ്യയുടെ വളര്‍ച്ച, ഒരു സാമ്പത്തികമാന്ദ്യം ഉണ്ടാകാനുള്ള സാധ്യത, വളരുന്ന പണപ്പെരുപ്പം, പലിശനിരക്ക് തുടങ്ങിയ കാരണങ്ങളാണ് ലാഭക്കണക്കുകള്‍ക്കിടയിലും ജീവനക്കാരെ കുറയ്‌ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോലി നഷ്ടമാകാതിരിക്കാന്‍ ടെക്കികള്‍ തങ്ങളുടെ സിവിയില്‍ മുതല്‍ക്കൂട്ടാക്കേണ്ട അഞ്ച് നൈപുണ്യശേഷികള്‍ ഇനി പറയുന്നവാണ്.
1. എഐ ആന്‍ഡ് മെഷീന്‍ ലേണിങ് ഇന്റഗ്രേഷന്‍
പല മേഖലകളിലായി നിര്‍മിതബുദ്ധിയുടെ ഉപയോഗം വളരുന്ന ഈ കാലത്ത് എഐയെ എങ്ങനെ വിവിധ ബിസിനസ് ഓപ്പറേഷനുകളുമായി സംയോജിപ്പിക്കാം എന്നുള്ള ധാരണ നിർണായകമായ ഒരു ശേഷിയാകും. ടെന്‍സര്‍ഫ്ലോ പൈടോര്‍ക് പോലുള്ള ടൂളുകളുമായി പരിചയം സ്ഥാപിക്കുന്നതും എഐ എത്തിക്‌സ്, മെഷീന്‍ ലേണിങ് മോഡല്‍സ്, ഡിപ്ലോയ്‌മെന്റ് സ്‌ട്രാറ്റെജി പോലുള്ള വിഷയങ്ങളില്‍ സെര്‍ട്ടിഫിക്കേഷനുകള്‍ സമ്പാദിക്കുന്നതും ഈ നേരത്ത് സഹായകമാകും.
2. ക്ലൗഡ് സെക്യൂരിറ്റി സ്‌പെഷ്യലൈസേഷന്‍
കൂടുതല്‍ കൂടുതല്‍ ബിസിനസുകള്‍ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങള്‍ വളര്‍ത്തുന്ന അവസരത്തില്‍ ക്ലൗഡ് സെക്യൂരിറ്റി വിദഗ്‌ധരുടെ ആവശ്യകതയും ഏറുകയാണ്. പരമ്പരാഗത ഐടി സുരക്ഷയില്‍നിന്ന് വ്യത്യസ്‌തമായി ക്ലൗഡ് സെക്യൂരിറ്റിക്ക് ഡേറ്റ സംരക്ഷണത്തിലും റിമോട്ട് സെര്‍വറുകളിലെ സുരക്ഷിത കണക്ഷനനുകളിലുമെല്ലാം പ്രത്യേക വൈദഗ്‌ധ്യം ആവശ്യമാണ്. എഡബ്ലുഎസ്, ഗൂഗിള്‍ ക്ലൗഡ്, അഷ്വര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ക്ലൗഡ് സെക്യൂരിറ്റി പ്രോട്ടോകോളുകളില്‍ വൈദഗ്‌ധ്യം നേടുന്നതും ജിഡിപിആര്‍, എച്ച്‌ഐപിഎഎ പോലുള്ള കോംപ്ലിയന്‍സ് റെഗുലേഷനുകളില്‍ ധാരണയുണ്ടാക്കുന്നതും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ മുന്‍തൂക്കം നിങ്ങള്‍ക്ക് നല്‍കും.
3. ഡെവ് ഓപ്‌സ് ഓട്ടമേഷന്‍
വേഗത്തിലുള്ള സോഫ്‌ട് വെയര്‍ വികസനത്തിനും വിന്യാസത്തിനും ഡവലപ്‌മെന്റ് ഓപ്പറേഷന്‍സ് അഥവാ ഡെവ് ഓപ്‌സ് നിർണായകമാണ്. എന്നാല്‍, വര്‍ക്ക്‌ഫ്ലോകള്‍ കൂടുതല്‍ സുസംഘടിതമാക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനുമായി ഡെവ് ഓപ്‌സിലെ ഓട്ടമേഷനാണ് ഇന്ന് കൂടുതല്‍ ഊന്നല്‍ നല്‍കപ്പെടുന്നത്. കൺടിന്യൂവസ് ഇന്റഗ്രേഷന്‍, കണ്‍ടിന്യൂവസ് ഡിപ്ലോയ്‌മെന്റ് പൈപ്ലൈനുകള്‍, ഓട്ടമേഷന്‍ ഫ്രേംവര്‍ക്കുകള്‍, കണ്ടെയ്‌നറൈസേഷന്‍ ശേഷികള്‍ തുടങ്ങിയവയുള്ള ടെക്കികള്‍ക്ക് എവിടെയും ഇന്ന് സ്ഥാനമുണ്ട്. ഓപ്പറേഷണല്‍ ചെലവുകള്‍ കുറയ്‌ക്കാന്‍ ഇത്തരം നൈപുണ്യശേഷികളുള്ള ജീവനക്കാര്‍ കമ്പനികളെ സഹായിക്കാറുണ്ട്.
4. ഡേറ്റ എന്‍ജിനീയറിങ് വിത്ത് ബിഗ് ഡേറ്റ
ഡേറ്റയില്‍ അധിഷ്‌ഠിതമായ തീരുമാനങ്ങളാണ് ഇന്ന് പല സ്ഥാപനങ്ങളും കൈക്കൊള്ളുന്നത്. കരുത്തുറ്റ ഡേറ്റ അടിസ്ഥാന സൗകര്യങ്ങള്‍ അതിനാല്‍ ആവശ്യമാണ്. ബിഗ് ഡേറ്റ പ്രോസസിങ്ങിന് ഊന്നല്‍ നല്‍കിയുള്ള ഡേറ്റ എന്‍ജിനീയറിങ് അതിനാല്‍തന്നെ വളരെ ഡിമാന്‍ഡ് ഉള്ള നൈപുണ്യശേഷിയാണ്. ഇടിഎല്‍ ടൂളുകള്‍ ഉപയോഗിച്ച് ഡേറ്റ പൈപ്പ്‌ലൈനുകള്‍ മാനേജ് ചെയ്യാന്‍ കഴിയുന്നവര്‍ക്കും അപാഷെ കാഫ്‌ക, ഹഡൂപ്, സ്‌പാര്‍ക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും ഏത് ഐടി കമ്പനിയിലും അതിനാൽത്തന്നെ സ്ഥാനമുണ്ടാകും.
5. യൂസര്‍ എക്‌സ്‌പീരിയന്‍സ് അനലറ്റിക്‌സ് ആന്‍ഡ് ഒപ്‌റ്റിമൈസേഷന്‍
വ്യാപകമായ ക്ലയന്റ് ബേസുകളെ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നിരന്തരമായ യൂസര്‍ എക്‌സ്‌പീരിയന്‍സ് അത്യാവശ്യമാണ്. അടിസ്ഥാനപരമായ ഡിസൈന്‍ ശേഷികള്‍ക്ക് അപ്പുറം യുഎക്‌സ് അനലറ്റിക്‌സ് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹോട്ട്‌ജാര്‍, ഗൂഗിള്‍ അനലറ്റിക്‌സ് പോലുള്ള യുഎക്‌സ് റിസര്‍ച് ടൂളുകളിലെ ഗ്രാഹ്യവും അതിനാല്‍ ടെക്കികള്‍ക്ക് അനുഗ്രഹമാകുമെന്നുറപ്പ്.