പ്രചോദനമായത് സ്‌റ്റീവ് ജോബ്സ്; ആരോഗ്യപ്രശ്നങ്ങൾ മറികടന്ന് നീറ്റ്-യുജിയില്‍ തിളങ്ങി ഷെയ്‌ഖ് ഗാലിബ് റാസ
Mail This Article
പലവിധ ആരോഗ്യപ്രശ്‌നങ്ങളോടു പടപൊരുതിയാണ് ഒഡീഷയിലെ സൊറോ ഗ്രാമത്തില്‍നിന്നുള്ള ഷെയ്‌ഖ് ഗലീബ് റാസ സ്വന്തം മെഡിക്കല്‍ പഠന സ്വപ്‌നങ്ങളെ മുന്നോട്ടു നയിച്ചത്. മൂത്രനാളി സംബന്ധമായ പ്രശ്‌നങ്ങളുമായി മല്ലിടിച്ച് മൂന്നു തവണ പരീക്ഷ എഴുതിയെങ്കിലും വിജയം കൈപ്പിടിയിലായില്ല. ഇത്തവണ നാലാം ശ്രമത്തില്‍ നീറ്റ്-യുജി പരീക്ഷയില്‍ വിജയക്കൊടി പാറിച്ച് ഡോക്ടറാകാനുള്ള സ്വപ്‌നത്തിലേക്കുള്ള ജൈത്രയാത്ര ആരംഭിക്കുകയാണ് ഈ ഇരുപതുകാരന്‍.
നീറ്റില്‍ 3835-ാം റാങ്കുമായി എസ്‌സിബി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്‌പിറ്റലിലാണ് റാസയ്‌ക്ക് പ്രവേശനം ലഭിച്ചത്. സ്‌കാര്‍ ടിഷ്യൂകള്‍ മൂലം മൂത്രനാളിയുടെ വീതി കുറയുന്ന യൂറിനറി ട്രാക്‌റ്റ് സ്‌ട്രിക്‌ച്ചര്‍ എന്ന രോഗമായിരുന്നു റാസയ്‌ക്ക്. 2021ലും 2022ലുമെല്ലാം ഇതിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ച് പരീക്ഷ എഴുതി. 2023ലെ പരീക്ഷയുടെ ആറു മാസങ്ങള്‍ക്കു മുന്‍പാണ് യൂറെത്രോപ്ലാസ്റ്റി ശസ്‌ത്രക്രിയയ്ക്ക് വിധേയനായത്. ഇതു മൂലം ദീര്‍ഘനേരം ഇരുന്നു പഠിക്കാനൊന്നും ഗാലിബിനു സാധിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിർദേശിച്ചതിനാല്‍ ഓഫ്‌ലൈന്‍ കോച്ചിങ്ങും ബാധിക്കപ്പെട്ടു. രോഗത്തെയും ശസ്‌ത്രക്രിയയെയും കുറിച്ചുള്ള ഉത്‌കണ്‌ഠകള്‍ വേറെ. ഇത് പഠനത്തിലുള്ള ശ്രദ്ധയെ കാര്യമായി ബാധിച്ചു.
ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പോകാന്‍ സാധിക്കാതെ വന്നതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴിയായി പഠനം. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ നോട്ടുകള്‍ അരികിലിരുന്നു വായിച്ചു കൊടുത്തും മറ്റും സഹോദരി സഹായിച്ചു. എന്നിട്ടും 2023ല്‍ നാലു മാര്‍ക്കിന്റെ വ്യത്യാസത്തില്‍ യോഗ്യത കൈവിട്ടുപോയി.
എന്നാല്‍. വിഷാദത്തില്‍ വീണുപോകാതെ തന്റെ തയാറെടുപ്പിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തിക്കൊണ്ട് റാസ വീണ്ടും പഠിച്ചു. ചോദ്യപേപ്പറിനെ രോഗിയായും പരീക്ഷഹാളിനെ ഓപ്പറേഷന്‍ തിയറ്ററായുമായാണ് സങ്കല്‍പ്പിച്ചിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസിനു നല്‍കിയ അഭിമുഖത്തില്‍ റാസ പറയുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ‘നിങ്ങളുടെ ഉള്‍പ്രേരണയാലോ ഭാഗധേയത്തിലോ ജീവിതത്തിലോ കർമത്തിലോ എന്തിലെങ്കിലുമൊക്കെ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടു പോകണമെന്ന’ സ്‌റ്റീവ് ജോബ്‌സിന്റെ വാക്കുകള്‍ പ്രചോദനമായെന്നും റാസ ചൂണ്ടിക്കാട്ടി.
ബയോളജി പോലുള്ള ചില വിഷയങ്ങളില്‍ ചെറുനോട്ടുകള്‍ ഉണ്ടാക്കുന്ന ശീലമാണ് സഹായകമായതെന്നും റാസ പറയുന്നു. പരീക്ഷയ്‌ക്കു മുന്‍പ് 22 മോക് ടെസ്‌റ്റുകളും അഞ്ച് സാംപിള്‍ പേപ്പറുകളും ചെയ്‌തെന്നും പ്രധാനപ്പെട്ട വിഷയങ്ങളും കണ്‍സെപ്‌റ്റുമെല്ലാം വീണ്ടും വീണ്ടും പഠിച്ചുറപ്പിച്ചെന്നും റാസ കൂട്ടിച്ചേര്‍ക്കുന്നു.