ADVERTISEMENT

വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്കു മാന്യമായ തൊഴിലും ഉറപ്പാക്കാനായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണിത്.

6 തസ്തിക നിർബന്ധം
പുതിയ നയപ്രകാരം സ്വകാര്യ സ്കൂളുകളിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഇൻക്ലൂഷൻ മേധാവി, ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസർ, സോഷ്യൽ വർക്കർ, നഴ്സ് എന്നീ 6 തസ്തികകൾ നിർബന്ധമാക്കി. ഈ തസ്തികയിലുള്ളവർ പ്രവൃത്തി സമയങ്ങളിൽ സ്കൂളിൽ ഉണ്ടാകണം. ഉയർന്ന നിലവാരമുള്ള സ്കൂളുകളിൽ കരിയർ യൂണിവേഴ്സിറ്റി ഗൈഡൻസ് കൗൺസിലർമാരെയും നിയമിക്കണം. അഞ്ഞൂറിൽത്താഴെ വിദ്യാർഥികളുള്ള പുതിയ സ്കൂളുകളിൽ ആദ്യ 5 വർഷത്തേക്ക് മുതിർന്ന അധ്യാപകനെ ആക്ടിങ് വൈസ് പ്രിൻസിപ്പലായി നിയമിക്കാനും അനുമതി നൽകി. ഓരോ വിഷയങ്ങൾക്കും എല്ലാ ക്ലാസുകളിലേക്കും അധ്യാപകർ ഉണ്ടാകണം. ഒഴിവു വരുന്ന തസ്തികയിൽ സ്ഥിരനിയമനം നടത്തും വരെ താൽക്കാലിക അധ്യാപകരെ നിയോഗിച്ച് വിദ്യാർഥികൾക്കു തുടർപഠനം ഉറപ്പാക്കണം. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. 2024–25 അധ്യയന വർഷം മുതൽ നയങ്ങൾ പ്രാബല്യത്തിലായെങ്കിലും 2026 ഫെബ്രുവരി ഒന്നിനകം നിയമം പാലിക്കാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.

ടീച്ചിങ് ലൈസൻസ്
നേരത്തേ നിയമിച്ച അധ്യാപകർക്ക് ജോലിയിൽ തുടർന്നുകൊണ്ട് ടീച്ചിങ് ലൈസൻസ് എടുക്കാൻ 2026–27 അധ്യയനവർഷം വരെ സാവകാശമുണ്ട്. ബിഎഡ് ഇല്ലാത്തവരാണെങ്കിൽ നിശ്ചിത സമയത്തിനകം യോഗ്യത ഉറപ്പാക്കി അധ്യാപന ലൈസൻസ് നേടിയിരിക്കണം. ഇതിനകം യോഗ്യത നേടാനായില്ലെങ്കിൽ മറ്റൊരു സ്കൂളിൽ പുതുതായി ജോലിക്കു ചേർന്ന് 2 വർഷത്തിനകം ലൈസൻസ് എടുത്താൽ മതി.

താൽക്കാലിക നിയമനം
അഡെക് നിയമപ്രകാരം മാത്രമേ പുതിയ അധ്യാപക, അനധ്യാപക റിക്രൂട്മെന്റ് നടത്താവൂ. 6 മാസത്തെ താൽക്കാലിക നിയമനത്തിന് നിബന്ധനകളിൽ ഇളവുണ്ട്. ആക്ടിങ് ഫിനാൻസ് ഡയറക്ടർ പോലുള്ള അനധ്യാപക തസ്തികകൾക്കു മാത്രമേ ഈ വ്യവസ്ഥ ബാധകമാകൂ. നിലവിലെ ജീവനക്കാരിൽ ഒരാളാണ് ഉദ്യോഗാർഥിയെങ്കിൽ തൊഴിൽ പരിചയം നിർബന്ധമില്ല. ഈ കാലയളവിൽ പദവിക്കു മുൻപ് ആക്ടിങ് എന്ന് ചേർത്തിരിക്കണം. സേവന കാലയളവ് പ്രവൃത്തിപരിചയമായി കണക്കാക്കും.

വിവേചനം പാടില്ല
നിയമനത്തിൽ ജാതി, മത, വംശ, ലിംഗ, വൈകല്യ വ്യത്യാസം പാടില്ല. ചില തസ്തികകളിൽ മാത്രം ലിംഗ നിയന്ത്രണം ബാധകമാക്കാം. ഭിന്നശേഷിക്കാർക്കു തുല്യ അവസരം ഉറപ്പാക്കണം.

അഡെക്‌ പാസ്‌
രേഖാമൂലം സമ്മതം നൽകിയാൽ 3 റോളുകളിൽ വരെ ജീവനക്കാരെ നിയമിക്കാൻ സ്കൂളുകൾക്ക് അധികാരമുണ്ട്. ഇതിനു പുറമെ പാഠ്യേതര ഉത്തരവാദിത്തവും നൽകാം. ജീവനക്കാരെല്ലാം സ്റ്റാഫ് ലൈസൻസിങ് പോർട്ടലിൽ (അഡെക് പാസിൽ) റജിസ്റ്റർ ചെയ്യണം. ജീവനക്കാരുടെ റോളുകൾ സംബന്ധിച്ച് അഡെക് പാസിൽ വ്യക്തമാക്കുകയും വേണം. പുതിയ ജീവനക്കാർക്കു നിയമന ഉത്തരവ് (ഓഫർ ലെറ്റർ) നൽകുകയും വർക്ക് പെർമിറ്റ് നേടുകയും വേണം.

പഠിപ്പിക്കാൻ കുട്ടികളും‌
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ താൽക്കാലിക ജോലിക്കെടുത്താലും അവരുടെ പഠനത്തെ ബാധിക്കാത്ത വിധത്തിലാകണം. മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ നിയമപ്രകാരം ഒഴിവുസമയ ജോലിയിൽ മുതിർന്ന വിദ്യാർഥികളെ പ്രവേശിപ്പിക്കാം. മറ്റൊരു സ്കൂളിലെ വിദ്യാർഥിയാണെങ്കിലും അവരുടെ പഠന, പരിരക്ഷ എന്നിവയിൽ വ്യത്യാസമുണ്ടാകരുത്.

സ്റ്റാഫ് കലണ്ടർ നിർബന്ധം;  രാജിക്കും അനുമതി വേണം
ജീവനക്കാരുടെ ജോലി സമയം, പ്രൊബേഷൻ കാലയളവ്, അവധി എന്നിവ സംബന്ധിച്ച് അഡെക് നിയമം പാലിക്കണം. പ്രൊബേഷൻ 6 മാസം കവിയരുത്. അവധിക്കാലത്തും മുഴുവൻ വേതനവും നൽകണം. അധ്യയന വർഷത്തെ അംഗീകൃത കലണ്ടറിനൊപ്പം ഓരോ സ്കൂളും അവധി ദിനങ്ങളും പ്രവൃത്തി ദിവസങ്ങളും വിശദീകരിക്കുന്ന സ്റ്റാഫ് കലണ്ടർ നൽകണം. ജീവനക്കാരുടെ ജോലി സംബന്ധിച്ച് അതത് സ്കൂളുകൾക്കു തീരുമാനിക്കാം. പ്രസവാവധി, രോഗാവധി, മരണം, രക്ഷാകർതൃ അവധി, പഠന അവധി, വിശ്രമ അവധി (യുഎഇ പൗരന്മാർക്കു മാത്രം) എന്നിങ്ങനെ അർഹതയുള്ള എല്ലാ അവധികളെക്കുറിച്ചും ജീവനക്കാരെ അറിയിക്കണം. വാർഷിക അവധികളും ഇടവേളകളും ഉൾപ്പെടെ അധ്യാപക തൊഴിൽ കരാറുകൾ 2 വർഷത്തേക്കാകണം. അഡെക് അംഗീകാരമില്ലാതെ അധ്യാപകരെ പിരിച്ചുവിടാൻ സ്കൂളിന് അധികാരമില്ല. രാജിവയ്ക്കാനും പിരിച്ചുവിടാനും അനുമതി നിർബന്ധമാണ്. എന്നാൽ, ഗുരുതര കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ നോട്ടീസ് കൂടാതെ സ്കൂളുകൾക്കു പിരിച്ചുവിടാം.

English Summary:

ADEC's new private school employment policy ensures safe learning and fair employment. The policy mandates key positions, regulates teacher licensing, and protects both students and staff rights.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com