ADVERTISEMENT

പുതിയ പ്രതീക്ഷയുടെ ഒരു പുതിയ വര്‍ഷത്തിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണല്ലോ, ഈ അവസരത്തില്‍ ധാരാളം ആള്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. എന്നാല്‍, ചിലര്‍ ഈ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഒന്നും ഒരു കാര്യവുമില്ല എന്നു ചിന്തിക്കുന്നവരാണ്. കാരണം, പുതുവര്‍ഷത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വര്‍ഷം മുഴുവനും നടപ്പിലാക്കുന്നതില്‍ എല്ലാ വര്‍ഷവും പരാജയപ്പെടുന്നു എന്നുള്ളതാണ് അവരുടെ വാദം. എന്നിരുന്നാലും നമുക്കു പുതുവര്‍ഷത്തില്‍ നടപ്പിലാക്കാനായി കുറച്ചു കാര്യങ്ങള്‍ ഉണ്ടാവുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാം നമ്മളെ തന്നെ വിലയിരുത്തുന്നതും ഭാവിയെക്കുറിച്ചു പദ്ധതികള്‍ തയാറാക്കുന്നതും നമ്മുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുന്നതിനു സഹായിക്കും എന്നുള്ളത് ഒരു വസ്തുതയാണ്. ഒരു പദ്ധതിയും വിലയിരുത്തലും ഇല്ലാതിരിക്കുന്നത് നമ്മുടെ ജീവിതം മുരടിച്ച അവസ്ഥയില്‍ തുടരുന്നതിനു കാരണമാകും എന്നുള്ളത് എപ്പോഴും ഓര്‍ക്കുക. അതുകൊണ്ട്, നമുക്ക് എല്ലാവര്‍ക്കും പുതുവര്‍ഷത്തില്‍ എടുക്കുവാന്‍ കുറഞ്ഞത് ഒരു തീരുമാനമെങ്കിലും ഉണ്ടാവുക എന്നുള്ളത് വളരെ അത്യാവശ്യമാണ്.

ഈ വര്‍ഷത്തില്‍ എടുക്കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എന്നു പറയുന്നത് ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുക എന്നുള്ളതാണ്. കള്ളം പറയുന്നതിന് യാതൊരു മടിയും ഇല്ലാത്ത ഒരു സാമൂഹിക സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സത്യസന്ധമായി ജീവിക്കാം എന്നുള്ളത് വിപ്ലവാത്മകമായ ഒരു തീരുമാനമാണെന്ന് എപ്പോഴും ഓര്‍ക്കേണ്ടതാണ്. ജോര്‍ജ് ഓര്‍വല്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ് ‘‘കള്ളവും വഞ്ചനയും നിറഞ്ഞ ഒരു സമൂഹത്തില്‍ സത്യം പറയുക എന്നുള്ളത് ഒരു വിപ്ലവാത്മകമായ പ്രവൃത്തിയാണ്.” ആയതിനാല്‍ സത്യം പറയുന്നതു വഴി ജീവിതത്തിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയും എന്നുള്ള വസ്തുത ഓര്‍ക്കുക.

നാം സത്യം പറയുമ്പോള്‍ താല്‍ക്കാലികമായി നമുക്കു പലതരത്തിലുള്ള നഷ്ടങ്ങളും തിരിച്ചടികളും ഉണ്ടാവുമെങ്കിലും ആത്യന്തികമായി ജീവിതം കൂടുതല്‍ സംതൃപ്തിയോടുകൂടി മാറുന്നതായി കാണാന്‍ സാധിക്കും. താല്‍ക്കാലിക നേട്ടത്തിനുവേണ്ടി നാം ഒരു കള്ളം പറയുമ്പോള്‍ അത് നമ്മുടെ ഉള്ളില്‍ വലിയ രീതിയിലുള്ള ആശങ്കയ്‌ക്കും ആകുലതയ്ക്കും കാരണമാകുന്നു. എന്തെന്നാല്‍, ഒരു കാര്യം നമ്മള്‍ മറച്ചുവയ്ക്കുമ്പോള്‍ അത് മറഞ്ഞുതന്നെ ഇരിക്കാന്‍ വേണ്ടി നമ്മളുടെ മനസ്സ് പല രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കും, തല്‍ഫലമായി നാം വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഒരു സിനിമയിലെ ഡയലോഗ് ഇങ്ങനെയാണ് ‘‘നാം സത്യം പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ തലവേദന മാറി മറ്റുള്ളവര്‍ക്ക് തലവേദന പിടിക്കും.’’, അതായത്, സത്യം പറയുന്നതു വരെ ആ തലവേദന നമുക്ക് ഉണ്ടായിരിക്കും സത്യം പറഞ്ഞു കഴിഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് തലവേദന പിടിക്കുകയും ചെയ്യുമെന്നാണ്. നാം കള്ളമാണു പറയുന്നതെങ്കില്‍ അതു പറയുന്നത് നമ്മുടെ ഉള്ളില്‍ തന്നെ വലിയ രീതിയിലുള്ള മാനസിക സംഘര്‍ഷത്തിനു കാരണമാകുന്നു. ജീവിതം കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെയും സംതൃപ്തിയോടെയും മുന്നോട്ടു നയിക്കുന്നതിനു ഏറ്റവും പ്രധാന ഘടകം എന്നു പറയുന്നത് സത്യസന്ധമായി സംസാരിക്കുക എന്നുള്ളതു തന്നെയാണ്. അത് നമ്മുടെ മാനസികാരോഗ്യം വർധിപ്പിക്കുകയും ആശങ്കകളും ആകുലതകളും കുറഞ്ഞ ജീവിതാനുഭവം നമുക്കു നല്‍കുകയും ചെയ്യും എന്നുള്ളത് ഈ പുതുവര്‍ഷത്തില്‍ നാം ഓര്‍ത്തിരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ സത്യസന്ധമായി ജീവിതത്തില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ 2025ല്‍ നിങ്ങള്‍ക്ക് എടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പുതുവത്സര പ്രതിജ്ഞ അതു തന്നെ ആയിരിക്കും എന്ന് ഓര്‍ക്കുക. ഇത് പാലിക്കുകയാണെങ്കില്‍ വരും വര്‍ഷങ്ങളെയും സന്തോഷത്തോടെ വരവേല്‍ക്കാനുള്ള ഒരു പ്രചോദനം നല്‍കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

English Summary:

Revolutionize Your Life in 2025: The Power of Truth as Your New Year's Resolution.Stop the Mental Stress: How Honesty Can Be Your Best New Year's Resolution in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com