ADVERTISEMENT

ന്യൂ‍ഡൽഹി ∙ സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്നതുൾപ്പെടെ വിവാദ പരാമർശങ്ങൾ ഒഴിവാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പുതിയ എംബിബിഎസ് പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 31ന് എൻഎംസി അവതരിപ്പിച്ച കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യൂക്കേഷൻ കരിക്കുലം (സിബിഎംഇ) വിവാദങ്ങളെത്തുടർന്ന് ഈ മാസം ആറിനു പിൻവലിച്ചിരുന്നു. ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെയാണു വിവാദ ഭാഗങ്ങൾ ഒഴിവാക്കി പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചത്.

കന്യകാത്വത്തിനു നൽകിയിരുന്ന വിശദീകരണം, അതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ എന്നിവയും ഒഴിവാക്കിയിട്ടുണ്ട്. പലരും ഉയർത്തിയ അഭിപ്രായങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്തെന്നും ഇവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകളും നീക്കംചെയ്യലും നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കിയാണു പുതിയ മാർഗരേഖ എൻഎംസി അവതരിപ്പിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർമാരെ അപകീർത്തിപരമായും വിവേചനപരമായും പരാമർശിക്കുന്ന പാഠഭാഗങ്ങൾ മെഡിക്കൽ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നിർദേശം 2022 ൽ എൻഎംസി മെഡിക്കൽ കോളജുകൾക്കു നൽകിയിരുന്നു. മദ്രാസ് ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സ്വവർഗാനുരാഗം കുറ്റകരമാണെന്നതുൾപ്പെടെയുള്ള ഭാഗങ്ങളും ഇതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു.

എന്നാൽ, പിന്നീട് ഫൊറൻസിക് സയൻസുമായി ബന്ധപ്പെട്ട പഠനഭാഗത്ത് ഇവയെല്ലാം ഉൾപ്പെടുത്തിയാണ് പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചത്. സ്വവർഗാനുരാഗം ലൈംഗികകുറ്റകൃത്യമാണെന്നും ട്രാൻസ്‌വെസ്റ്റിസം (ക്രോസ് ഡ്രസിങ്) ലൈംഗിക വൈകൃതമാണെന്നതും ഉൾപ്പെടെ വിവാദ പരാമർശങ്ങൾ മാർഗരേഖയിലുണ്ടായിരുന്നു. ലൈംഗികബന്ധത്തിലെ പരസ്പരസമ്മതത്തിന്റെ പ്രാധാന്യം, വിവിധ ജെൻഡർ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ, ഇതുമായി ബന്ധപ്പെട്ടു രാജ്യത്തുള്ള നിയമങ്ങൾ, വിവാഹേതരബന്ധത്തിന്റെ ചരിത്രം, ഇതു ക്രിമിനൽ കുറ്റമല്ലാതാക്കിയ സാഹചര്യം, പരസ്പരസമ്മതത്തോടെയുള്ള സ്വവർഗലൈംഗിക ബന്ധങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസിൽ പഠിപ്പിക്കണമെന്നും പുതുക്കിയ മാർഗരേഖ നിർദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com