‘100% ജോലി’ എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ല; കോച്ചിങ് സെന്ററുകൾക്ക് കേന്ദ്ര മാർഗരേഖ
Mail This Article
കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാനുള്ള അന്തിമ മാർഗരേഖ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 54.6 ലക്ഷം രൂപയാണ് 18 കോച്ചിങ് സെന്ററുകളിൽനിന്ന് ഇതുവരെ ഈടാക്കിയത്. 45 നോട്ടിസുകൾ നൽകി. അക്കാദമിക് സപ്പോർട്ട്, ഗൈഡൻസ്, സ്റ്റഡി പ്രോഗ്രാം, ട്യൂഷൻ എന്നീ നിർവചനങ്ങളിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും മാർഗരേഖയുടെ പരിധിയിൽ വരും. കുറഞ്ഞത് 50 വിദ്യാർഥികളുണ്ടാകണമെന്നു മാത്രം. സ്പോർട്സ്, ഡാൻസ് അടക്കമുള്ള കലാ–കായിക ക്ലാസുകൾക്ക് ഇത് ബാധകമല്ല.
കേന്ദ്രം കണ്ടെത്തിയ ചില ചട്ടലംഘനങ്ങൾ
∙ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ 3 പേരുടെ ചിത്രങ്ങൾ 6 വീതം കോച്ചിങ് സെന്ററുകളാണ് പരസ്യത്തിൽ ഉപയോഗിച്ചത്. സിവിൽ സർവീസ് അഭിമുഖത്തിനുള്ള പരിശീലനം മാത്രമാണ് ഈ സെന്ററുകളിൽ ഇവർ സ്വീകരിച്ചത്.
∙ 2022 ൽ സിവിൽ സർവീസിലേക്ക് 933 പേരെയാണ് നിയമനത്തിനായി യുപിഎസ്‍സി ശുപാർശ ചെയ്തതെങ്കിൽ പ്രധാന കോച്ചിങ് സെന്ററുകൾ ആകെ പരസ്യം ചെയ്തത് 3,636 പേരുകൾ. 2023 ൽ 1,016 പേരെ ശുപാർശ ചെയ്തപ്പോൾ പരസ്യങ്ങളിലുണ്ടായിരുന്നത് 2,689 പേർ.
∙ വർഷങ്ങൾക്കു മുൻപ് ഏതെങ്കിലുമൊരു കോഴ്സ് പഠിച്ച വിദ്യാർഥിക്ക് മറ്റേതെങ്കിലും പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിക്കുമ്പോൾ പരസ്യം ചെയ്യുക.
∙ പരസ്യത്തിലുള്ള പല വിദ്യാർഥികൾക്കും കോച്ചിങ് സെന്ററുകൾ നൽകിയിരുന്നത് സൗജന്യ ഗൈഡൻസ് മാത്രം.
പ്രധാന വ്യവസ്ഥകൾ
∙ കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളിൽ പേര്, ചിത്രം, വിഡിയോ തുടങ്ങിയവ ഉപയോഗിക്കുന്നതിന് ഉദ്യോഗാർഥിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഫലം വന്ന ശേഷം മാത്രമേ അനുമതി തേടാവൂ.
∙ പരസ്യങ്ങളിൽ ‘100% ജോലി/സിലക്‌ഷൻ ഉറപ്പ്’ എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ല. ഉദ്യോഗാർഥിയുടെ സ്വന്തം പരിശ്രമത്തെ അവഗണിച്ച്, കോച്ചിങ് കൊണ്ടു മാത്രമാണ് ഉന്നതവിജയമുണ്ടായതെന്ന തരത്തിൽ പരസ്യങ്ങൾ പാടില്ല.
∙ കോഴ്സുകൾ, ഫീസ്, വിജയശതമാനം, റാങ്കിങ്, കോഴ്സുകളുടെ അംഗീകാരം, സൗകര്യങ്ങൾ അടക്കമുള്ളവയിൽ വ്യാജ അവകാശവാദങ്ങൾ പാടില്ല.
∙ പരസ്യങ്ങളിലെ ചിത്രങ്ങൾക്കൊപ്പം വിജയിയുടെ റാങ്ക്, ഓപ്റ്റ് ചെയ്തിരുന്ന കോഴ്സ്, ദൈർഘ്യം, കോഴ്സിന് ഫീസ് ഉണ്ടായിരുന്നോ എന്നതടക്കം വ്യക്തമാക്കണം.
∙ പരസ്യത്തിൽ അവകാശവാദങ്ങളുടെ അതേ വലുപ്പത്തിൽ നിബന്ധനകളും നൽകണം.