ADVERTISEMENT

നവരാത്രിക്കാലം ചിലർക്ക് ഗൃഹാതുരതയുടെ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ നിറവും മണവും രുചിയുമുള്ള നവരാത്രിയോർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കെ.ആർ പ്രവീൺ.

തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ആസ്ഥാനമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്തുള്ള പത്മനാഭപുരത്ത്; രാജവാഴ്ചയുടെ തിരുശേഷിപ്പുകളിലൊന്നായി ഇന്നും നിലനിൽക്കുന്ന പത്മനാഭപുരം കൊട്ടാരത്തിൽനിന്നു പുറപ്പെട്ട് കാൽനടയായി തിരുവിതാംകൂറിന്റെ പിൽക്കാലത്തെ ആസ്ഥാനമായ തിരുവനന്തപുരത്ത് നവരാത്രിക്കാലത്ത് വിഗ്രഹങ്ങൾ കൊണ്ടുവച്ചാരാധിക്കുന്നൊരു പതിവുണ്ട്! 1839 ൽ സ്വാതി തിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയതാണ് ഒന്നേ മുക്കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള ഈ ചടങ്ങുകൾ.

നിലവിൽ പത്മനാഭപുരം കൊട്ടാരത്തിലെ പുത്തരിക്ക മാളികയിലെ തേവാരക്കെട്ടില്‍ സൂക്ഷിക്കുന്ന ഉടവാള്‍ കൈമാറുന്നതോടെയാണ് എല്ലാവര്‍ഷവും നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് തുടക്കമാകുന്നത്. വിദ്യയുടെ പ്രതീകമായ സരസ്വതീദേവിയുടെ വിഗ്രഹത്തെ ആനപ്പുറത്തും (പത്മനാഭപുരം കൊട്ടാരത്തിലെ തേവാരത്തിൽ വച്ചാരാധിക്കുന്നത്), ആയുധ വിദ്യയുടെ പ്രതീകമായി വേളിമല കുമാരസ്വാമി (കുമാര കോവിലിലെ മുരുക ഭഗവാൻ), ശക്തിപൂജയുടെ പ്രതീകമായി കുണ്ടണിനങ്ക / കുണ്ടണിമങ്ക (ശുചീന്ദ്രം ക്ഷേത്രത്തിലെ മുന്നൂറ്റി നങ്ക) തുടങ്ങിയ വിഗ്രഹങ്ങൾ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിക്കഴിഞ്ഞ് സരസ്വതീദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലുമാണ് പൂജയ്‌ക്കിരുത്തുക. വിജയദശമിക്കു ശേഷം ഒരു ദിവസം പൂജപ്പുരയിൽ നല്ലിരിപ്പും കഴിഞ്ഞാണ് വിഗ്രഹങ്ങൾ മടങ്ങുന്നത്.

യാത്രാമധ്യേ നവരാത്രി വിഗ്രഹങ്ങൾ, ഇറക്കി പൂജ നടത്തുന്ന മൂന്ന് ഇടത്താവളങ്ങളിലൊന്നും സർവോപരി എന്റെ ജന്മനാടുമായ പാറശ്ശാലയിൽ എത്തിച്ചേരുന്ന ദിവസത്തിന് എന്റെ വീക്ഷണത്തിൽ മറ്റൊരു പ്രത്യേകത കൂടെയുണ്ട്! മകന്റെ പ്രോഗ്രസ് റിപ്പോർട്ട് പോലും ഒപ്പിടാൻ സ്കൂളിൽ വരാത്ത, ദേശത്തെ പ്രധാന തിമില വിദ്വാനെന്നതിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനുമായിരുന്ന അച്ഛൻ സാക്ഷാൽ ശ്രീമാൻ ‘പാറശ്ശാല കേശവനാശാൻ’ എന്റെ പരദശം സഹപാഠികൾക്കു മുന്നിൽ പ്രത്യക്ഷനാകുന്ന അനന്യസുലഭമായ സന്ദർഭങ്ങളിലൊന്നായിരുന്നു പ്രസ്തുത ദിനം! അന്നേ ദിവസം ഉച്ചയാകുമ്പോൾ താതൻ നേരിട്ടെത്തി എന്നെ കൂട്ടികൊണ്ടു പോകും. അദ്ദേഹത്തിനു പിന്നിലായി സ്കൂൾ പടികൾ ഇറങ്ങുമ്പോൾ അനപ്പുറമേറിയ കുട്ടിയുടെ വികാരമാകും മുഖത്ത്! ഇത്ര ആവേശത്തിൽ അമ്പലത്തിലേക്കു വച്ചുപിടിക്കുന്നതു കണ്ട്, ഭക്തി മൂത്ത് ദേവീദേവൻമാരെ ദർശിച്ചനുഗ്രഹം നേടാനുള്ള വ്യഗ്രതയായി കണക്കാക്കരുത്!

പാറശ്ശാല മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ പ്രതീതിയുടെ ഉന്മേഷത്തിലേക്കാണ് താതൻ അടിയനെ കൊണ്ടു ചെന്ന് കയറൂരി വിടുന്നത്. പിന്നെ അങ്ങോട്ട് കൂടുവിട്ടിറങ്ങിയ കിളിയാണ് ഞാൻ! വിഗ്രഹങ്ങൾ കൊണ്ടു വരുന്ന, വലിയ മുളയിൽ തീർത്ത വലിയ പല്ലക്കുകൾ, കനത്ത ഭാരമുള്ള വെള്ളിയിൽ തീർത്ത കുതിര വാഹനത്തിന്റെ ചുമലിലേറ്റി നഗ്നപാദരായി നടക്കുന്ന മല്ലൻമാർ, തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടവാള്‍, ചപ്രങ്ങൾ, കൊടി-തോരണങ്ങൾ, പൊലീസുകാർ, അവരുടെ കയ്യിലെ കുഴൽത്തോക്ക്, ആന, ആൾക്കൂട്ടം, പാട്ട്, ബഹളം.. അങ്ങനെ നീളും എന്നിലെ കുട്ടിയെ അങ്ങോട്ടേക്കടുപ്പിച്ചിരുന്ന, പാറിപ്പറന്നു നടക്കാൻ പ്രേരിപ്പിച്ചിരുന്ന കാഴ്ചകളുടെ ലിസ്റ്റ്.

കളിപ്പാട്ടക്കാരൻമാരുടെ അയ്യരുകളിയായിരുക്കും അന്നവിടെ! പക്ഷേ, ഈ കാലഘട്ടത്തിൽ പഴയ പോലെ; ആൾക്കാർ കളിപ്പാട്ടങ്ങളുമായി ഒഴുകി വരാറില്ലെന്നത് വേദനാജനകമായൊരു സത്യമാണ്! ആ വ്യവസായത്തിന് സംഭവിച്ച മാറ്റം എത്രത്തോളമാണെന്ന് പഴയ കാഴ്ചകൾ ഓർമയുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകും. ഒന്നും വാങ്ങില്ലെങ്കിലും അവർക്കരികിൽ ചെന്നുനിന്ന് കളിപ്പാട്ടങ്ങളെയൊക്കെ കൺകുളിർക്കെ കണ്ട്, ആ ചേട്ടൻ അനുവദിച്ചാൽ അതിലൊക്കെയൊന്ന് തൊട്ടു തലോടി കിട്ടുന്ന മനസ്സുഖം ഇന്ന് ഏതൊരു മാളിൽ കയറിയിറങ്ങിയിട്ടും എത്ര പുതിയ ടോയ്സ് കൈക്കലാക്കിയിട്ടും കിട്ടിയിട്ടില്ല!

ക്ഷേത്ര ജീവനക്കാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കി വിതരണം നടത്തിയിരുന്ന ‘പാനകം’ എന്ന പാനീയമാണ് മറ്റൊരാകർഷണം! വിഗ്രഹങ്ങൾക്ക് അകമ്പടി സേവിക്കുന്നവരുടെ ക്ഷീണവും ദാഹവും ശമിപ്പിക്കാൻ നൽകുന്നതാണ് ഈ ജ്യൂസ്. സാധനം ഒരൊന്നൊന്നര ഐറ്റമാണ്. ശർക്കര വെള്ളത്തിൽ ചേർത്ത് നന്നായി തിളപ്പിച്ച ശേഷം അടുപ്പിൽനിന്ന് ഇറക്കി വയ്ക്കും. തുടർന്ന് കൃത്യമായ അളവിൽ ചുക്ക്, കുരുമുളക്, ഏലക്ക എന്നിവ ചേർക്കും (എരിവിന്റെ അനുപാതം ഇവ ചേർക്കുന്നതിനനുസരിച്ച് മാറും). എന്നിട്ട് ചൂടാറുന്നതിനു മുമ്പ് ചെറുനാരങ്ങകൾ അതിലേക്ക് പിഴിഞ്ഞൊഴിക്കും. ആഹ്, അടാർ പാനകം തയ്യാർ. പ്രസ്തുത പാനീയം മേൽപറഞ്ഞ ഉത്സവാന്തരീക്ഷത്തിൽ കുടിച്ചാൽ ഒരുപക്ഷേ അമൃതിന് ഈ സ്വദായിരിക്കുമെന്ന് തോന്നിപ്പോകും!

മറ്റെങ്ങും ലഭിക്കാത്ത ചില പ്രത്യേകതരം കളർ മുട്ടായികളായിരുന്നു പലഹാരങ്ങൾക്കിടയിലെ അന്നത്തെ താരം. ചോക്കു മുട്ടായി എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പല വർണങ്ങളിൽ ലഭിച്ചിരുന്ന ചോക്കിന്റെ രൂപത്തിലുള്ള അവ നുണഞ്ഞ് അതിന്റെ കളർ നാവിലാക്കി അത് എല്ലാരേയും നാവു നീട്ടി കാണിച്ചു നടക്കുന്നത് അന്ന് ഞങ്ങൾ പിള്ളേർക്കൊക്കെ എന്തോ വലിയ അന്തസ്സായിരുന്നു! പിൽക്കാലത്ത്, ഇവയുടെ ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയെങ്കിലും ഇപ്പോഴും ഈ ഐറ്റം കിട്ടിയാൽ ഒരെണ്ണമെങ്കിലും എടുത്ത് നുണയാതിരിക്കാൻ പറ്റില്ല. കാരണം, ഞാനാ മിഠായി നുണയുന്നത് മധുരം ആസ്വദിക്കാനല്ല, ഓർമകൾ അയവിറക്കാനാണ്.

Content Summary:

K.R. Praveen shares his Navaratri memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com