എംബിബിഎസിനൊപ്പം മോഡലിങ്: കട്ട ആത്മവിശ്വാസത്തെ കൂട്ടുപിടിച്ച് സ്വപ്നങ്ങൾ കീഴടക്കി ഡോ.ലക്ഷ്മി
Mail This Article
കൂടുതൽ സ്റ്റൈലിഷോ, വെസ്റ്റേൺ ലുക്കോ, ഹൈഹീൽ ചെരുപ്പണിഞ്ഞ് റാംപ് നടത്തമോ ഇവയൊന്നും എ.എസ്.ലക്ഷ്മിക്കു മുൻപു പരിചയമില്ല. ആകെയുള്ളത് കട്ടആത്മവിശ്വാസം മാത്രം. പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായ ലക്ഷ്മി തിരക്കുപിടിച്ച പഠനത്തോടൊപ്പം തന്റെ പാഷനും കൂടെ കൊണ്ടുപോകുന്ന സന്തോഷത്തിലാണ്. ജീവിതത്തിൽ ഒരു ‘ലൈഫ് സ്റ്റൈൽ ഡോക്ടർ’ ആകാനുള്ള തയാറെടുപ്പിലാണ് ഈ മിടുക്കി.
‘സെൽഫ് ലൗ’
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ വെട്ടുവിള അനിൽ ആലയത്തിൽ അനിൽ ചന്ദ്രന്റെയും ഐ.ശോഭയുടെയും ഇളയ മകളാണു ലക്ഷ്മി. വെള്ള നിറമാണ് സൗന്ദര്യം, ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല, തടിയുള്ളത് മോശമാണ് എന്നീ ചിന്തകളിൽ നിന്ന് മാറി മുന്നോട്ടു പോകണമെന്നു തോന്നി. ‘സെൽഫ് ലൗവ്’ ആണ് ആദ്യം ഏതൊരാൾക്കും ഉണ്ടാവേണ്ടതെന്നാണു ലക്ഷ്മിയുടെപക്ഷം. ചെറുപ്പം മുതൽ അഭിനയത്തോടു താൽപര്യ മുണ്ടായിരുന്ന ലക്ഷ്മിയെ അതിനുവേണ്ടിയുള്ള ശ്രമങ്ങളാണു പിന്നീട് മോഡലിങ്ങിലേക്ക് എത്തിച്ചത്.
ഡിസൈനറായ സഹോദരി എ.എസ്.രേഷ്മയും പിന്തുണയുമായി ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായി. കോളജിലെ പരിപാടികളിലും വിവിധ ഫാഷൻ ഷോകളിലും പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം. ഈ വർഷം തൃശൂരിൽ നടന്ന ഇന്റർനാഷനൽ ഫാഷൻ റൺവേയിലും പങ്കെടുത്തിരുന്നു. ‘സിയറാ ഫാഷൻ’ എന്ന കമ്പനിക്കു വേണ്ടിയാണു മോഡലായത്. പഠനം മുടങ്ങാതെയുള്ള പരിപാടികളിൽ മാത്രമേ പങ്കെടുക്കാറുള്ളൂ. ഫോട്ടോ ഷൂട്ട് ഫോട്ടോകൾ ഇൻസ്റ്റയിലും പോസ്റ്റ് ചെയ്യാറുണ്ട്. സഹോദരി തുടങ്ങിയ ‘ഇവാ ഫാഷൻ’ എന്ന കമ്പനിയുടെ മാനേജരും ലക്ഷ്മിയാണ്. ഓണത്തിന് തിരുവനന്തപുരത്ത് 28 ടീമുകൾ പങ്കെടുത്ത ‘കളേഴ്സ് ഓഫ് ഓണം’ എന്ന പരിപാടിയിൽ ലക്ഷ്മി മോഡലായി ഇറങ്ങിയ ഇവാ ഫാഷൻ നാലാം സ്ഥാനവും ‘മോസ്റ്റ് ഗ്രേസ്ഫുൾ ലുക്ക് ഫോർ ദി ഇവന്റ്’ എന്ന ടൈറ്റിലും സ്വന്തമാക്കി.
ഡെർമറ്റോളജിസ്റ്റ് കം മോഡൽ
നല്ല ഡിസൈനർ കൂടിയായ ലക്ഷ്മി സമയം കിട്ടുമ്പോഴെല്ലാം സഹോദരിയെ സഹായിക്കുന്നതിന്റെ ഭാഗമായി ഇവാ ഫാഷനു ലഭിക്കുന്ന പല വർക്കുകളും ഏറ്റെടുത്ത് ഡിസൈൻ ചെയ്തു നൽകാറുണ്ട്. പഠനത്തിനുള്ള പോക്കറ്റ് മണിയും ഇങ്ങനെയാണു കണ്ടെത്തുന്നത്. ജലാലുദ്ദീൻ എന്ന പ്രഫഷനൽ മോഡലിങ്ങിനു വേണ്ടിയും ഇവാ ഫാഷൻ ഡിസൈൻ ചെയ്തിട്ടുണ്ട്. ഡെർമറ്റോളജിയിൽ സ്പെഷലൈസ് ചെയ്ത് ഡോക്ടർ ആയാലും മോഡലിങ് കൂടെക്കൊണ്ടു പോവുകയാണു ലക്ഷ്മിയുടെ ലക്ഷ്യം. അഭിനയം ഇഷ്ടമുള്ളതിനാൽ അത്തരം അവസരങ്ങൾ തേടി എത്തിയാൽ അതും പാഴാക്കില്ലെന്നു ലക്ഷ്മി പറഞ്ഞു.