ഇസ്രയേലിനെയും പലസ്തീനെയും കൂട്ടിയിണക്കിയ കാട്ടുതീ! തീ അണയ്ക്കാൻ കൈകോർത്ത ബദ്ധശത്രുക്കൾ
Mail This Article
വർഷം 2021
ജറുസലം നഗരത്തിനു സമീപം സതഫ് മേഖലയിലെ കുന്നുകളിൽ വലിയ കാട്ടുതീ ഉടലെടുത്തു. മെഡിറ്ററേനിയൻ മേഖലയിൽ ഉടലെടുത്ത താപതരംഗത്തിന്റെ ബാക്കി പത്രമായിട്ടാണ് ഇസ്രയേലിലെ കാട്ടുതീയും സംഭവിച്ചത്. തീയിൽ 5000 ഏക്കറോളം കാടുകൾ കത്തിനശിച്ചു.
ഇസ്രയേലിൽ മൂന്നുലക്ഷം ഏക്കറോളം വനഭൂമിയുണ്ട്. ജൂയിഷ് നാഷനൽ ഫണ്ട് നടത്തിയ വമ്പൻ മരംനടീൽ ക്യാംപെയ്‌ന്റെ ഫലമായാണ് ഈ വനസമ്പത്ത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഏറ്റവും തീവ്രമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്നും ഇസ്രയേലാണ്.
അന്നു കാട്ടുതീ അണയ്ക്കുന്നതിന് ഇസ്രയേലിനെ പിന്തുണച്ച് പലസ്തീൻ അതോറിറ്റിയും രംഗത്തെത്തി. നാലു ഫയർ ട്രക്കുകളെയും 20 അഗ്നിശമന സേനാംഗങ്ങളെയും പലസ്തീൻ അതോറിറ്റി തീയണയ്ക്കാനായി അയച്ചു. ഈ ശ്രമത്തിന് ഇരുവരെയും അഭിനന്ദിച്ച് യുഎസ് ആഭ്യന്തരവകുപ്പും രംഗത്തെത്തി.
ഒടുവിൽ കാട്ടുതീ നിയന്ത്രണവിധേയമായതായി ഇസ്രയേൽ അറിയിച്ചു. ‘കാട്ടുതീ അണയ്ക്കുന്നതിൽ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സഹകരണം ആനന്ദകരമാണ്. ഇത്തരം സഹവർത്തിത്വത്തിന്റെ കൂടുതൽ ഉദാഹരണങ്ങൾ ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു’–യുഎസ് ആഭ്യന്തരവകുപ്പ് അന്നു ട്വീറ്റിൽ വ്യക്തമാക്കി.
അതാദ്യമായിരുന്നില്ല രാജ്യാന്തരവേദിയിലെ ഏറ്റവും വലിയ എതിരാളികൾ തമ്മിലുള്ള സഹകരണം. അന്നു നാലാം തവണയാണ് പ്രകൃതിദുരന്തങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇസ്രയേലും പലസ്തീനും കൈകോർത്തത്. 2010ൽ വടക്കൻ ഇസ്രയേലിൽ കാർമൽ എന്നു പേരിൽ വൻ കാട്ടുതീ സംഭവിച്ചിരുന്നു. 44 പേർ മരിച്ച ഈ ദുരന്തത്തിലും രക്ഷാപ്രവർത്തനത്തിൽ പലസ്തീൻ സഹകരിച്ചു.