മരുഭൂമിയിൽ നിന്നു തുറിച്ചുനോക്കുന്ന പ്രേതം; രാജ്യാന്തര ബഹിരാകാശനിലയത്തിൽ നിന്ന് ദുരൂഹചിത്രം
Mail This Article
രാജ്യാന്തര ബഹിരാകാശ നിലയം അടുത്തിടെ എടുത്ത ഒരു ചിത്രം ചർച്ചയായിരിക്കുകയാണ്. മരുഭൂമിയിൽ നിന്നു തുറിച്ചു നോക്കുന്ന ഒരു പ്രേതത്തിന്റെ മുഖമാണ് ചിത്രത്തിൽ. പേടിക്കേണ്ട, പ്രേതമൊന്നുമല്ല ഇത്. വടക്കൻ ചാഡിൽ സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ട്രു ഔ നാട്രോൺ എന്ന അഗ്നിപർവത ഗർത്തവും സോഡാ തടാകവുമാണ് ഇതിനു പിന്നിൽ. ഭൂമിയെ വട്ടം ചുറ്റുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരാണ് ഈ ചിത്രമെടുത്തത്.
പ്രേതത്തിന്റെ മുഖം പോലെ തോന്നുന്നത് അഗ്നിപർവതത്തിന്റെ ഗർത്തഘടനയിൽ നിന്നാണ്. ശക്തമായ അഗ്നിപർവത വിസ്‌ഫോടനം സംഭവിക്കുമ്പോഴാണ് ഇത്തരം ഗർത്തങ്ങൾ വരുന്നത്. ഘടനയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ചെറിയ കുന്നുകളാണ് ചിത്രത്തിലെ മുഖത്തിന്റെ കണ്ണുകളും മൂക്കും പോലെ അനുഭവപ്പെടുന്നത്. ഭൗമശാസ്ത്രപരമായി വളരെ ചെറുപ്പമുള്ളവയാണ് ഈ കുന്നുകൾ. കഴിഞ്ഞ ഏതാനും ആയിരം വർഷങ്ങൾക്കുള്ളിലാണ് ഈ ഘടന രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു.
ചിത്രത്തിന്റെ വായ പോലെ തോന്നുന്ന ഭാഗം നേട്രൺ എന്ന വെളുത്ത ധാതുവാലുള്ളതാണ്. സോഡിയം കാർബണേറ്റ്, സോഡിയം ബൈകാർബണേറ്റ്, സോഡിയം ക്ലോറൈഡ്, സോഡിയം സൾഫേറ്റ് എന്നിവയടങ്ങിയതാണ് നേട്രൺ. പ്രദേശത്തെ ഭൗമതാപ പ്രവർത്തനങ്ങളുടെ ഭാഗമായി നീരാവി ഉടലെടുക്കുന്നതാണ് ഈ ഘടനയ്ക്ക് കാരണം.
ചാഡിലെ ടിബെസ്റ്റി പർവതനിരയിൽ ഉൾപ്പെട്ട വിവിധ അഗ്നിപർവതങ്ങളിലൊന്നാണ് ട്രൂ ഔ നേട്രൺ. വളരെ വിദൂരസ്ഥലത്തു നിൽക്കുന്നതിനാൽ ഇതിൽ പര്യവേക്ഷണം നടത്താനോ വിവരങ്ങൾ ശേഖരിക്കാനോ പാടാണ്. 1960ൽ ഇതിൽ നടത്തിയ ഒരു പഠനത്തിൽ ഒരു കാര്യം തെളിഞ്ഞു. 14000 വർഷം മുൻപ് ഒരു ഗ്ലേഷ്യർ തടാകം ഇതിൽ നിറഞ്ഞിരുന്നു എന്നതാണ് ഇത്.
ഉപഗ്രഹങ്ങളുപയോഗിച്ചുള്ള നിരീക്ഷണം ഈ ഘടനയെക്കുറിച്ച് തകൃതിയായി നടത്തുന്നുണ്ട്. കേംബ്രിജ് സർവകലാശാലയിൽ നിന്നുള്ള 2 ഗവേഷകർ മേഖലയുടെ അഗ്നിപർവത പ്രവർത്തനങ്ങളെക്കുറിച്ച് ഒരു ടൈംലൈൻ തയാറാക്കിയിരുന്നു.