ADVERTISEMENT

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് ചെന്നൈയിലും ബെംഗളൂരുവിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വെള്ളത്തിലാണ്. മഴ കനക്കുന്നതിനാൽ ചെന്നൈയിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു നഗരത്തിലെ മായാനത ടെക് പാർക്ക്, ഗെദ്ദലഹള്ളി റയിൽവേ അടിപ്പാലം, ആർജിഎ ടെക് പാർക്ക് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.

അതിതീവ്ര ന്യൂനമർദം ഒക്ടോബർ 17ന് രാവിലെ തമിഴ്നാട് പുതുച്ചേരിക്കും ആന്ധ്രയിലെ നെല്ലൂരിനും ഇടയിൽ ചെന്നൈക്ക്‌ സമീപമായി കരതൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ  പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീവ്ര ന്യൂനമർദ സ്വാധീനത്താൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് വീശുകയാണ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രൂക്ഷമായ കടൽ കയറ്റം ഉണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്

തിരുവനന്തപുരം– കാപ്പിൽ  മുതൽ പൂവാർ വരെ
കൊല്ലം–ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ– ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ 
എറണാകുളം–മുനമ്പം മുതൽ മറുവക്കാട് വരെ 
തൃശൂർ– ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ 
മലപ്പുറം– കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ 
കോഴിക്കോട്– ചോമ്പാല മുതൽ രാമനാട്ടുകര വരെ 
കണ്ണൂർ– വളപട്ടണം മുതൽ ന്യൂമാഹി വരെ 
കാസർകോട്– കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കൂടാതെ, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

English Summary:

Chennai & Bengaluru Flooded as Deep Depression Nears Landfall: Holiday Declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com