പ്രതീക്ഷകൾ തെറ്റി, മഞ്ഞിൽ നഗരം മൂടി; ഒടുവിൽ രക്ഷയ്ക്കായി പട്ടാളക്കാരെ വിളിച്ചു
Mail This Article
1999 ജനുവരി 2. ടൊറന്റോ നഗരത്തിൽ മഞ്ഞ് പെയ്യാൻ തുടങ്ങി... കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും കനേഡിയൻ പ്രവിശ്യയായ ഒന്റാറിയോയുടെ തലസ്ഥാന നഗരവുമായ ടൊറന്റോ മഞ്ഞുവീഴ്ച കാണുന്നത് ആദ്യമായിരുന്നില്ല. ടൊറന്റോയിൽ മിതമായ ചൂടുള്ള വേനൽക്കാലവും അതീവ തണുപ്പുള്ള ശൈത്യകാലവുമാണ്. തണുപ്പിന്റെ സീസൺ ഡിസംബർ ആരംഭം മുതൽ മാർച്ച് പകുതി വരെ നീണ്ടുനിൽക്കും. ശരാശരി താപനില -7.7 ഡിഗ്രി സെൽഷ്യസിനും -1.1 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഒരു വർഷത്തിൽ നഗരത്തിൽ ശരാശരി 28.11 ഇഞ്ച് മഴയും 47.8 ഇഞ്ച് മഞ്ഞുവീഴ്ചയും ലഭിക്കും.
ഇതുപോലെ ആ ജനുവരിയും കടന്നുപോകുമെന്നു കരുതിയിരുന്നു. പക്ഷേ ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും സ്ഥിതിഗതികൾ മാറി നൂറ്റാണ്ടിലെ മഞ്ഞുവിഴ്ചയെന്നറിപ്പെടുന്ന തരത്തിലേക്കു മാറി. മീറ്റർ കണക്കിനു പുതഞ്ഞ മഞ്ഞുകൂമ്പാരത്തിൽ നിന്നും നഗരത്തെ പൊക്കിയെടുക്കാൻ നിസഹായനായ മേയർക്ക് സൈനികരുടെ സഹായം തേടേണ്ടിവന്നു. 118.4 സെന്റീമീറ്റർ മഞ്ഞാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭൂമിയിലേക്കു വീണത്. ആ കഥ ഇങ്ങനെ:
മുൻപ് പറഞ്ഞതുപോലെ മഞ്ഞുകാറ്റ് വീശിത്തുടങ്ങിയത് ജനുവരി 2ന് ആയിരുന്നു. ഗതാഗതത്തെ അൽപം ബാധിച്ചതല്ലാതെ ആരിലും പരിഭ്രാന്തി പടർന്നില്ല. പക്ഷേ ജനുവരി 4 ആയപ്പോഴേക്കും സ്ഥിതി ഗുരുതരമായി. സ്നോ എമർജൻസി പ്രഖ്യാപിക്കുന്ന രീതിയിലായി. അടുത്തയാഴ്ച പിന്നിട്ടപ്പോൾ തെരുവുകളെല്ലാം മഞ്ഞിൽമൂടി. നഗരത്തിലെ സ്കൂളുകളൊക്കെ അടച്ചുപൂട്ടി. ഓഫിസുകളെയും ബിസിനസുകളെയുമൊക്കെ ബാധിച്ചു.
ടൊറന്റോയിൽ അതിശീത കാലാവസ്ഥാ മുന്നറിയിപ്പ് നീണ്ടുപോയി. ഭവനരഹിതരെ തണുപ്പിൽ നിന്ന് അകറ്റി നിർത്താൻ അധിക വിഭവങ്ങൾ അധികൃതർ ലഭ്യമാക്കി. രാത്രി പുറത്ത് ചിലവഴിക്കണമെന്ന് നിർബന്ധം പിടിക്കുന്ന ചിലർക്കായി, പൊലീസും സ്ട്രീറ്റ് പട്രോളിങ് കൗൺസിലർമാരും കയ്യുറകളും തൊപ്പികളും സ്ലീപിങ് ബാഗുകളും ചൂടുള്ള ഭക്ഷണ പാനീയങ്ങളും നൽകി. പരിഭ്രാന്തനായ മേയർ, സൈന്യം ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു.
550-ലധികം സൈനികരെയും അവരുടെ ഉപകരണങ്ങളും സ്നോ മൊബീലുകളുമൊക്കെയായി ഒരു യുദ്ധം നേരിടുന്നതുപോലെയാണ് മേയർ ലാസ്റ്റ്മാൻ ആ മഞ്ഞുവീഴ്ചയെ നേരിട്ടത്. ലാസ്റ്റ്മാൻ അൽപ്പം കൂടുതൽ പരിഭ്രാന്തനായെന്നും ഇത്രയും വെപ്രാളം കാണിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും പരിഹാസമുയർന്നു. ആർക്കും ചിരിക്കാം, പക്ഷേ ഇവിടെ വന്ന് എന്താണ് സംഭവിക്കുന്നതെന്ന് കാണണമെന്നാണ് ലാസ്റ്റ്മാൻ വെല്ലുവിളിച്ചത്.
1999 ലെ ഗ്രേറ്റ് കനേഡിയൻ സ്നോസ്റ്റോം കനേഡിയൻ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായി തുടരുന്നു. പ്രകൃതിയുടെ ശക്തിയെക്കുറിച്ചും ശീതകാല കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഇത് വ്യക്തമായ ഓർമപ്പെടുത്തലായിരുന്നു. അടിയന്തരാവസ്ഥയുടെ മുന്നൊരുക്കത്തിന്റെ പ്രാധാന്യവും തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയും ഈ സംഭവം ഓർമപ്പെടുത്തി.