ADVERTISEMENT

തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമർദം ഫെയ്ഞ്ചൽ ( Feinjal) ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം  കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി  90 കിലോമീറ്റര് വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത. ചെന്നൈ ഉൾപ്പെടെയുള്ള മേഖലയിൽ മഴ തുടരുകയാണ്. 

മഴയെ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയതായി റവന്യു, ദുരന്തനിവാരണ വിഭാഗം മന്ത്രി കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ പറഞ്ഞു. ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 1,193 എർത്ത് മൂവറുകൾ, 806 ബോട്ടുകൾ, 977 ജനറേറ്ററുകൾ, മരക്കൊമ്പുകൾ മുറിക്കാൻ 1,786 കട്ടറുകൾ, 2,439 മോട്ടർ പമ്പുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസകേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഓഫിസർമാരെയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

യാത്രികർക്ക് മുന്നറിയിപ്പ്

നഗരത്തിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുൻപു തന്നെ യാത്രയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് എയർപോർട്ട് അതോറിറ്റി യാത്രക്കാർക്കു നിർദേശം നൽകി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം റദ്ദാക്കപ്പെടാനോ പുറപ്പെടുന്നത് വൈകാനോ സാധ്യതയുള്ളതിനാലാണിത്. സർവീസുകളിൽ മാറ്റങ്ങളുണ്ടായാൽ യാത്രക്കാരെ അറിയിക്കണമെന്നു വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

നഗരത്തിലും സമീപ ജില്ലകളിലും ഇന്നു കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അത്യാവശ്യ കാര്യങ്ങളുള്ളവർ മാത്രമേ പുറത്തിറങ്ങാവൂവെന്നും അല്ലാത്തവർ വീട്ടിൽ തന്നെ കഴിയണമെന്നും അധികൃതർ അറിയിച്ചു.

∙ ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ഇന്ന‌് സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. സ്പെഷൽ ക്ലാസുകളോ പരീക്ഷകളോ നടത്താൻ പാടില്ല

∙ ഐടി കമ്പനികൾക്ക് വർക്ക് ഫ്രം ഹ്രോം സംവിധാനം

∙ ഇസിആർ, ഒഎംആർ എന്നിവിടങ്ങളിൽ ഇന്ന് ഉച്ച മുതൽ പൊതുഗതാഗത വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കും

∙ ബീച്ചുകളും പാർക്കുകളും അടച്ചിടും.

ഈ വർഷത്തെ നാലാമത്തെയും സീസണിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണിത്.  സൗദി അറേബ്യ നിർദേശിച്ച  പേരാണ് FENGEL ( pronounced as  FEINJAL).

പ്രഥമിക സൂചന പ്രകാരം കേരളത്തിൽ ഞായറാഴ്ച മുതൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യത. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നതിന്റെ തീവ്രതയനുസരിച്ച് ഇതിൽ മാറ്റംവരാം.

English Summary:

Cyclone Feinjal: Chennai on High Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com