ADVERTISEMENT

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥ പ്രതിസന്ധിയാണ്. വനങ്ങൾ നഷ്ടമാകുന്നതും കാർബൺഡയോക്സൈഡ് അമിതമായി പുറന്തള്ളപ്പെടുന്നതുമെല്ലാം ഭൂമിയുടെ നിലനിൽപ്പ് ഭീഷണിയിലാക്കുന്നുണ്ട്. നഗരവൽക്കരണത്തിന്റെ തോത് വർധിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി മറ്റൊരു നഗരം സൃഷ്ടിച്ചാൽ എങ്ങനെയുണ്ടാവും. സാധാരണ നഗരങ്ങൾ പോലെ കോൺക്രീറ്റ് കാടല്ല, നേരെമറിച്ച് ഓരോ കോണിലും പച്ചപ്പ് നിറച്ച് ഒരു വന നഗരം. അത്തരത്തിൽ തികച്ചും വേറിട്ട, പാരിസ്ഥിതിക വ്യാപ്തിയുള്ള ഒരു പദ്ധതിയാണ് ചൈന വിഭാവനം ചെയ്തത്. ദക്ഷിണ ചൈനയിലെ ലിയുഷൗ നഗരത്തിൽ പ്രകൃതിയെ സംരക്ഷിക്കാനായി ഒരു 'വനനഗരം' ഒരുങ്ങുകയാണ്.

ബിസിനസ് കേന്ദ്രങ്ങൾ, താമസസ്ഥലങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച ഒരു വനം എന്ന നിലയിലാണ് നഗരം ഒരുങ്ങുന്നത്. ലൂജിയാങ് നദിയുടെ കരയിൽ 175 ഹെക്ടർ പ്രദേശം വനനഗരമാക്കാനുള്ള ഒരുക്കങ്ങൾ ഏതാണ്ട് എട്ടുവർഷം മുൻപാണ് ആരംഭിച്ചത്. നിരത്തുകളിലും തുറസ്സായ ഇടങ്ങളിലും മാത്രമല്ല കെട്ടിടങ്ങളിൽ പോലും മരങ്ങൾ തളിർത്തു നിൽക്കുന്ന തരത്തിൽ ഒരു നഗരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവിൽ നിർമാണം തുടർന്നുകൊണ്ടിരിക്കുന്ന നഗരം പൂർത്തിയാകുമ്പോഴേക്കും നാൽപതിനായിരം മരങ്ങളുടെ തണലിലാവും ഇവിടുത്തെ ജീവിതം. 

(Photo:X/@ellkay_)
(Photo:X/@ellkay_)

നൂറിൽപരം ഇനങ്ങളിൽപ്പെട്ട ദശലക്ഷത്തിനു മുകളിൽ ചെടികളും ഇവിടെ കാണാനാവും. മേൽക്കൂരയിലും ബാൽക്കണിയിലും റോഡരികുകളിലും അങ്ങനെ നോട്ടം എത്തുന്നിടത്തെല്ലാം പച്ചപ്പ് നിറച്ചുകൊണ്ട് ഒരുങ്ങുന്ന ഈ നഗരത്തിന് പ്രതിവർഷം പതിനായിരം ടൺ കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ടാവും. ഇതിലൂടെ വായു മലിനീകരണ പ്രശ്നത്തിന് വലിയതോതിൽ പരിഹാരമാവും എന്നും കരുതുന്നു. ഇതിനുപുറമേ പ്രതിവർഷം 57 ടൺ മൈക്രോ പ്ലാസ്റ്റിക്കും ആഗിരണം ചെയ്യപ്പെടുമെന്ന് നിർമാതാക്കൾ പറയുന്നു. ഇത്രയധികം മരങ്ങളുടെയും ചെടികളുടെയും സാന്നിധ്യമുള്ളതുകൊണ്ടുതന്നെ 900 ടൺ ഓക്സിജൻ നഗരത്തിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഈ മേഖലയിലെ ശരാശരി താപനില കുത്തനെ കുറയ്ക്കാനും ശബ്ദമലിനീകരണം ഒഴിവാക്കാനും ഉതകുന്ന ഒന്നു കൂടിയായിരിക്കുമിത്. സോളാർപാനലും ജിയോ തെർമൽ എനർജിയും വിന്റനർജിയും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് സുസ്ഥിരത ഉറപ്പാക്കുന്ന ശൈലിയിലാവും നഗരത്തിന്റെ പ്രവർത്തനം. മാലിന്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നതിനുപുറമേ 30000 ത്തോളം ആളുകൾക്ക് താമസ സൗകര്യം ഒരുക്കുന്നതിലൂടെ ഭവന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം കൂടി നിർമാണത്തിന് പിന്നിലുണ്ട്. 

വ്യത്യസ്ത ഇനങ്ങളിലുള്ള മരങ്ങളും ചെടികളും ഉൾപ്പെടുത്തുന്നത് മൂലം കൂടുതൽ ജീവജാലങ്ങൾ ഇവിടം ആവാസ വ്യവസ്ഥയാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. ഇത് പ്രകൃതിക്ക് കൂടുതൽ ഗുണകരമാകും. ഇന്നത്തെ ജീവിതരീതികളിൽ വിട്ടുവീഴ്ച വരുത്താതെ പ്രകൃതിയോട് ഇണങ്ങി ജൈവവൈവിധ്യ സമ്പന്നമായ ചുറ്റുപാടിൽ മനുഷ്യനും മറ്റു ജീവജാലങ്ങളും ഒരേപോലെ കഴിയുന്ന ഒരു നഗരമായി മാറിയേക്കാവുന്ന ഒന്നാണ് ലിയുഷൗ വനനഗരം. ഒരുപക്ഷേ ലോകത്തിന് തന്നെ മാതൃകയായി മാറാൻ പോകുന്ന ഒന്ന്. 

2020ൽ നിർമാണം പൂർത്തിയാകുമെന്ന് കരുതിയെങ്കിലും ഇപ്പോഴും നഗരത്തിന്റെ നിർമാണം പുരോഗമിക്കുന്നതേയുള്ളു. സമാന മാതൃകയിൽ പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഒരു നഗരം മലേഷ്യയിൽ മുൻപ് തന്നെ നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിർമാണം പൂർത്തിയായ ശേഷവും പ്രതീക്ഷിച്ചത്ര ആളുകൾ ഇവിടേക്ക് താമസത്തിന് എത്താതെ വന്നതോടെ ഇന്ന് ഇവിടം പ്രേത നഗരമായി മാറിക്കഴിഞ്ഞു.

English Summary:

Forest City: Can This Radical Urban Design Save the Planet?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com