വരാനിരിക്കുന്നത് വൻ വംശനാശം! 2100ൽ ജീവിവർഗങ്ങളിൽ മൂന്നിലൊന്നും നശിക്കും
Mail This Article
ലോകത്തെ ജീവിവർഗങ്ങൾ വൻ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും പരിസ്ഥിതി മേഖലയിലും മറ്റും ഈ സ്ഥിതി തുടർന്നാൽ ലോകത്തെ സ്പീഷീസുകളിൽ മൂന്നിലൊന്നും അപ്രത്യക്ഷരാകുമെന്നും പുതിയ പഠനം. പാരിസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിട്ടുള്ള ശരാശരി വ്യാവസായിക താപനിലയുടെ 1.5 ഡിഗ്രിക്ക് അപ്പുറം ആഗോളതാപനില ഉയർന്നാൽ ജീവിനാശം വർധിത തോതിൽ സംഭവിക്കുമെന്ന് ഗവേഷകർ പറയുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികളെയാകും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക. വ്യാവസായിക വിപ്ലവകാലം മുതൽ തന്നെ ഭൂമിയിൽ ഒരു ഡിഗ്രി സെൽഷ്യസിലധികം ചൂടു കൂടിയിട്ടുണ്ടെന്നാണു ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം താപനിലയിലും മഴപ്പെയ്ത്തിലുമൊക്കെ സ്വാധീനം ചെലുത്തും. ജീവിവർഗങ്ങളുടെ വ്യാപനത്തിനും ദേശാടനത്തിനുമൊക്കെ ഇതുവഴി വയ്ക്കാം. പൊടുന്നനെയുണ്ടായ ചൂടുള്ള താപനില മൊണാർക്ക് ബട്ടർഫ്‌ളൈയുടെ ദേശാടനത്തിനു വഴിവച്ചെന്നും അത് അവ പരാഗണം നടത്തുന്ന ചെടികളിലുൾപ്പെടെ പ്രതിഫലനങ്ങളുണ്ടാക്കിയെന്നതും ഇതിനു മികച്ചൊരു ഉദാഹരണം. പല വന്യജീവികളും തങ്ങളുടെ താമസസ്ഥലങ്ങൾ കൂടുതൽ മെച്ചമായവയ്ക്കുവേണ്ടി മാറ്റാറുണ്ട്.
78 വർഷത്തിനുള്ളിൽ ലോകം സമുദ്രജീവിവർഗങ്ങളുടെ വൻ കൂട്ടനാശത്തിനെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശക്തമായ താക്കീതുമായി അമേരിക്കയിലെ ന്യൂജഴ്സിയിലെ ശാസ്ത്രജ്ഞർ. ചൂട് ഓരോദിനവും കൂടിവരികയാണെന്നും ഇതിനു തടയിട്ടില്ലെങ്കിൽ ദിനോസറുകൾ അപ്രത്യക്ഷമായതുപോലെ സമുദ്രജീവികളും അപ്രത്യക്ഷരാകുന്ന സ്ഥിതി 2100ൽ വരുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഗ്രേറ്റ് ഡയിങ് എന്നു പേരുള്ള, സമുദ്രജീവികളുടെ കൂട്ടമരണം സമുദ്ര ഓക്സിജനിലെ കുറവും ആഗോളതാപനവും മൂലമാകും സംഭവിക്കുകയെന്നാണു ശാസ്ത്രജ്ഞർ നേരത്തെ പറഞ്ഞിരുന്നു.25 കോടി വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു സംഭവം ഭൂമിയിൽ നടന്നിരുന്നു. അന്ന് ഭൂമിയിലെ സമുദ്രജീവികളിൽ 95 ശതമാനവും അപ്രത്യക്ഷരായിരുന്നു. ഭൂമിയിലെ മൊത്തം ജീവജാലങ്ങളിൽ 90 ശതമാനവും ഇതിൽപെട്ട് നശിച്ചു. അന്നു ശേഷിച്ച 10 ശതമാനം ജീവികളിൽ നിന്നാണ് ഇന്നത്തെ എല്ലാ ജീവജാലങ്ങളുമുണ്ടായത്. പാൻജിയ എന്ന ഒറ്റ ഭൂഖണ്ഡം മാത്രമാണ് അന്നു ഭൂമിയിൽ ഉണ്ടായിരുന്നത്. പെർമിയൻ ട്രയാസിക് ഇവന്റ് എന്നും ഈ സംഭവം അറിയപ്പെടുന്നു.