തിരുനെൽവേലിയിൽ 24 മണിക്കൂറിൽ 540 മില്ലിമീറ്റർ മഴ; ഈ ന്യൂനമർദം കഴിഞ്ഞാൽ അടുത്തത് ഉടൻ!
Mail This Article
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ലക്ഷദ്വീപ് മാലിദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് ശനിയാഴ്ചയോടെ ദുർബലമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്തത്ര മഴയാണ് തിരുനെൽവേലി, തെങ്കാശി പ്രദേശങ്ങളിൽ പെയ്തത്. തിരുനെൽവേലിയിൽ 24 മണിക്കൂറിൽ 540 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
തിരുനെൽവേലി, തെങ്കാശി, മയിലാടുംതുരൈ, കൂടല്ലൂർ, തിരുവല്ലൂർ എന്നിവിടങ്ങളിലെ എല്ലാ മഴമാപിനികളിലും അളവിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനെൽവേലിയിലെ ഊത്ത് സ്റ്റഷനിലാണ് 540 മില്ലിമീറ്റർ രേഖപ്പെടുത്തിയിരിക്കുന്നത്. അംബാസമുദ്രത്തിൽ 366 മി.മീ, തെങ്കാശിയിൽ 230 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
കുറ്റാലം അരുവി കരകവിഞ്ഞൊഴുകയാണ്. വെള്ളച്ചാട്ടത്തിനടുത്തുള്ള കടകളിലും വീടുകളിലും വെള്ളംകയറിയ നിലയിലാണ്. തിരുനെൽവേലിയിലും പ്രളയസമാനമായ കാഴ്ചയാണ്.
ന്യൂനമർദത്തിന്റെ സ്വാധീനം മധ്യ തെക്കൻ കേരളത്തിലും അനുഭവപ്പെട്ടു. കോട്ടയം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളിലും മലയോര മേഖലയിലും മഴയുണ്ട്. നിലയ്ക്കലും സന്നിധാനത്തും മഴ പെയ്തു.
അതേസമയം, തെക്കൻ ആൻഡമാൻ കടലിൽ ശനിയാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
താപനില കുറഞ്ഞു
ഒരു ന്യൂനമർദം ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിലെ പകൽ താപനില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ശരാശരി താപനിലയായ 33.4 ഡിഗ്രി സെൽഷ്യസിൽ നിന്ന് 27.4 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. പത്തനംതിട്ടയിൽ 10 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറവ്. തിരുവനന്തപുരം– 8.5°c, തൃശൂർ–7.5, വയനാട്–7.4, കൊല്ലം–7, മലപ്പുറം–6, ആലപ്പുഴ–5.8 എന്നിങ്ങനെയും കുറവ് രേഖപ്പെടുത്തി.