ബൈക്കുകൾ തകർത്ത് ബസിനുനേരെ പാഞ്ഞ് ആന; പിന്തിരിപ്പിക്കാൻ പിന്നാലെയോടി തെരുവുനായ
Mail This Article
തെരുവുനായകൾ വഴിയാത്രക്കാർക്ക് പലപ്പോഴും ശല്യമാകാറുണ്ട്. എന്നാൽ അവർ തന്നെ മനുഷ്യന്റെ ജീവൻ രക്ഷിച്ചാലോ? കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പ്രചരിച്ച വിഡിയോ അതിനുദാഹരണമാണ്. ഉത്തരേന്ത്യയിലാണ് സംഭവം. നാട്ടിലിറങ്ങിയ കാട്ടാനയെ ഓടിക്കാനായി നായ കുരച്ചുകൊണ്ട് പിന്നാലെയോടുകയാണ്. ബൈക്കുകൾ തകർത്തശേഷം ആന ബസിനുനേരെ പാഞ്ഞു. എന്നാൽ പിന്നാലെ തന്നെ നായയും പോയി. ആനയുടെ വരവ് കണ്ട് പരിസരത്തുണ്ടായ ജനങ്ങൾ കടകളിലേക്ക് കയറുകയും അവിടെനിന്നും ശബ്ദമുണ്ടാക്കി ആനയെ ഓടിക്കാനും ശ്രമിച്ചു.
ആന ബസിനടുത്തേക്ക് എത്തിയപ്പോഴേക്കും ചിലർ ബസ് പിന്നോട്ടെടുക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ നായ പിന്നിലെത്തിയതോടെ ആന പതറുകയും ബസിനു മുന്നിലൂടെ മറ്റൊരു വശത്തേക്ക് പോവുകയും ചെയ്തു. ചെറിയ നായയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. ജനങ്ങളുടെ ജീവൻ രക്ഷിച്ചതിനാൽ ഇനിമുതൽ ആ തെരുവുനായ നാട്ടിലെ ഹീറോ ആയിരിക്കുമെന്നും ചിലർ കുറിച്ചു.