ADVERTISEMENT

1824 ഫെബ്രുവരി 20 നാണ് ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞനായ വില്യം ബക്‌ലാൻഡ് ഒരുകൂട്ടം ഫോസിൽ അസ്ഥികളുടെ മുന്നിൽ നിന്നത്. ഓക്സ്ഫഡിനു സമീപത്തുനിന്നു കുഴിച്ചെടുത്തതായിരുന്നു അത്. ഭൂമിയുടെ ഗതകാലത്തിൽ മറഞ്ഞുപോയ ഉരഗവർഗത്തിൽപ്പെട്ട ഏതോ വലിയ ജീവിയുടേതാണ് ഈ ഫോസിലെന്നു ബക്‌ലാന്‍ഡിനു മനസ്സിലായി. മെഗലോസറസ് എന്ന് ആ ജീവിക്ക് ബക്‌ലാൻഡ് പേരു നൽകി. ഭീമൻ പല്ലിയെന്നായിരുന്നു ആ പേരിനർഥം. ഇതായിരുന്നു ദിനോസറിന് ശാസ്ത്രലോകം ആദ്യമായി നൽകിയ പേര്. പിന്നീട് 16 വർഷം കൂടിക്കഴിഞ്ഞാണ് ദിനോസർ എന്ന പേര് ഉപയോഗത്തിലെത്തിയത്. 

ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നിൽ അസ്തമിച്ചുപോയ ആ ജീവികൾക്കായി ലോകം നടത്തിയ തിരച്ചിലാണ് പിൽക്കാലത്ത് കണ്ടത്. ദിനോസറുകളെക്കുറിച്ചുള്ള കഥകളും വിവരണങ്ങളും മറ്റു വിവരങ്ങളുമെല്ലാം ലോകത്തെ ത്രില്ലടിപ്പിച്ചു. ദിനോസർ ഫോസിലുകൾ ഭൂമിയിൽ മിക്കയിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദിനോസറുകളിൽ സസ്യഭുക്കുകളും മാംസഭുക്കുകളും മിശ്രഭുക്കുകളും ഉൾപ്പെടുന്നു. ആറരക്കോടി വർഷം മുൻപാണ് ഈ ജീവികൾക്കു വംശനാശം വന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതായിരുന്നു കാരണം.

(Photo: Twitter/@Grouse_Beater)
(Photo: Twitter/@Grouse_Beater)

ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്ന ദിനോസറുകളെ മൊത്തത്തിൽ കൊന്നൊടുക്കിയതിനു കാരണമായ ഛിന്നഗ്രഹം ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയ്ക്കുള്ള ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്നാണ് എത്തിയത്. പ്രത്യേകതരം രാസഘടനയുള്ളതിനാൽ ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. ഇതിലൊന്നാണ് ഭൂമിയിൽ പതിച്ച് ദിനോസർ യുഗത്തിന് അന്ത്യമേകിയത്. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്ന പടുകുഴിയിൽ ഈ ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.  ഛിന്നഗ്രഹപതനം മൂലമുണ്ടായതാണത്രേ ഈ പടുകുഴി.

ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ നശിപ്പിച്ചിരുന്നു. എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപക തോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം. ദിനോസറുകൾ നശിച്ചത് ഛിന്നഗ്രഹം വീണതു മൂലമല്ലെന്നും അഗ്നിപർവത വിസ്ഫോടനം മൂലമാണെന്നും വാദിക്കുന്നവരും കുറവല്ല. 

ദിനോസറിന്റെ ഫോസിൽ (Photo:X/@rocksolidfossil)
ദിനോസറിന്റെ ഫോസിൽ (Photo:X/@rocksolidfossil)

ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ കേന്ദ്ര കഥാപാത്രം. അനേകം വർഗങ്ങളുള്ള ജീവികുടുംബം ആണെങ്കിലും അതോടെ ദിനോസർ എന്നാൽ ടി.റെക്സ് എന്നായി ആളുകളുടെ മനസ്സി‍ലെ വിചാരം. ഒരു കോഴിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന പെൻഡ്രെയിഗ് മിൽനറേ എന്ന ‍ചെറു ദിനോസറിൽനിന്നു പരിണാമം സംഭവിച്ചാണു ടി–റെക്സുകൾ ഉണ്ടായത്. പ്രാചീന ഭൂമിയിലെ ഏറ്റവും വലിയ വേട്ടക്കാരായും കരുത്തരായും പിന്നീട് അവർ മാറി.

സ്റ്റാൻ (Photo:X/@michaelgreshko)
സ്റ്റാൻ (Photo:X/@michaelgreshko)

ടി.റെക്സ് വിഭാഗത്തിൽ നിന്നു കണ്ടെത്തിയിട്ടുള്ള പ്രശസ്തമായ ഫോസിലാണു സ്റ്റാൻ. ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ഒരു ടി.റെക്സ് ദിനോസറിന്റെ ഏറെക്കുറെ പരിപൂർണമായ ശേഷിപ്പായിരുന്നു ഇത്. 2020 ഒക്ടോബർ ആറിനു നടന്ന ഒരു ലേലത്തിൽ ഈ ഫോസിൽ 3.18 കോടി യുഎസ് ഡോളറിന് (ഏകദേശം 230 കോടി രൂപയോളം) വിറ്റുപോയി.

ഹെക്ടർ (Photo:X/@Incinerox)
ഹെക്ടർ (Photo:X/@Incinerox)

ഹെക്ടർ എന്ന ഫോസിൽ ഡെയ്നോനിക്കസ് ആന്റിറോപസ് എന്ന വിഭാഗത്തിൽ പെടുന്ന ദിനോസറിന്റേതാണ് .ഡെയ്നോനിക്കസ് വിഭാഗത്തിലുള്ള ദിനോസറുകളിൽ ഏറ്റവും പൂർണതയുള്ള ഫോസിൽ സ്പെസിമെനുകളിലൊന്നാണു ഹെക്ടർ. 9 അടി നീളമുണ്ടായിരുന്ന ഈ ദിനോസറുകൾ വടക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു പണ്ട് റോന്ത് ചുറ്റിയിരുന്നത്. വളരെ കരുത്തുറ്റ കാൽനഖങ്ങൾ ഉണ്ടായിരുന്ന ദിനോസറുകളാണ് ഇവ. ഒരു അരിവാൾ പോലെ വളഞ്ഞിരുന്ന ഈ മൂർച്ചയേറിയ കാൽനഖങ്ങളുപയോഗിച്ച് ഇവ ഇരകളെ മുറിപ്പെടുത്തിയിരുന്നു.

ഇവ കൂടാതെ ധാരാളം തരത്തിലുള്ള ദിനോസർ വർഗങ്ങൾ ഭൂമിയിലുണ്ടായിട്ടുണ്ട്. ഇന്ന് കാണുന്ന പക്ഷികൾ ദിനോസറുകളിൽ നിന്നു പരിണാമം സംഭവിച്ച് ഉണ്ടായതാണെന്നു കരുതപ്പെടുന്നു.

English Summary:

The first dinosaur was named 200 years ago. We know so much more now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com