കൊന്നൊടുക്കിയത് 1,430 പക്ഷികുലങ്ങൾ; ഇന്ത്യയിൽ ഭീഷണി നേരിടുന്നത് 1,118 ജീവിവർഗങ്ങൾ: എന്നുതീരും മാംസക്കൊതി?
Mail This Article
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടനയായ ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവഷൻ ഓഫ് നേച്ചർ (International Union for Conservation of Nature– ഐയുസിഎൻ) പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം നിരവധി ജീവിവർഗങ്ങൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ റെഡ് ലിസ്റ്റിൽ (The IUCN Red list of Threatened Species) ഉൾപ്പെടുത്തി വംശനാശത്തിന്റെ തീവ്രത അനുസരിച്ച് വിവിധ വിഭാഗങ്ങളിൽപ്പെടുത്തിയാണ് ഐയുസിഎൻ പട്ടിക പുറത്തിറക്കാറുള്ളത്. 111 സർക്കാർ ഏജൻസികൾ, 800 ൽപരം സർക്കാരിതര സംഘടനകൾ 16000 ൽ അധികം ശാസ്ത്രജ്ഞർ തുടങ്ങിയ വിപുലമായ ഒരു സംഘത്തിന്റെ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ പട്ടിക തയാറാക്കുന്നത്. 1964 മുതലാണ് ഐയുസിഎൻ ഈ പട്ടിക പുറത്തിറക്കുന്നത്. വർഷത്തിൽ രണ്ടു പ്രാവശ്യമാണ് ഈ ലിസ്റ്റ് പുറത്തിറക്കുക.
2023-ൽ ഐയുസിഎൻ പുറത്തുവിട്ട പട്ടിക പ്രകാരം 157,100-ൽപരം ജീവജാലങ്ങളിൽ 44000-ത്തിൽപരം എണ്ണം വംശനാശ ഭീഷണിയിലാണ്. ഈ ലിസ്റ്റിൽ 41 ശതമാനം ഉഭയജീവിവർഗത്തിൽപ്പെട്ടവയാണ്. സസ്തനികളിൽ 21 ശതമാനവും പൈൻ വർഗ മരങ്ങളിൽ 34 ശതമാനവും പക്ഷികളിൽ 12 ശതമാനവും സ്രാവുകളിൽ 37 ശതമാനവും പവിഴവർഗങ്ങളിൽ 36 ശതമാനവും കവചിത ജീവി (ക്രസ്റ്റേഷ്യൻസ്) വിഭാഗത്തിൽ (ഞണ്ട്, ചെമ്മീൻ തുടങ്ങിയവ) 28 ശതമാനവും ഉരഗങ്ങളിൽ 21 ശതമാനവും സൈക്കാഡ്സ് വിഭാഗത്തിൽ 70 ശതമാനവും വംശനാശ ഭീഷണി നേരിടുന്നു. ഓരോ പ്രത്യേക ജീവിവർഗവും നിലനിൽപിനായി നേരിടുന്ന വെല്ലുവിളികളുടെ തോത് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലാക്കി തരം തിരിച്ചാണ് ശാസ്ത്രീയമായ ഈ റെഡ് ലിസ്റ്റ് പുറത്തിറക്കുന്നത്.
ഒൻപതു ഗ്രൂപ്പുകളായി ജീവജാലങ്ങളെ തരം തിരിച്ചുകൊണ്ടാണ് റെഡ് ലിസ്റ്റ് (ചെമ്പട്ടിക) തയാറാക്കിയിരിക്കുന്നത്.
1. വംശനാശം സംഭവിച്ചത് (Extinct, EX)
വംശനാശം സംഭവിച്ച ജീവികളെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനോസറുകൾ, ഡോഡോ പക്ഷികൾ തുടങ്ങിയവയെ ഈ പട്ടികയിൽ പെടുത്തിയിരിക്കുന്നു.
2. കാട്ടിൽ വംശനാശം സംഭവിച്ചത് (Extinct in the wild, EW)
50 വർഷമായി കാട്ടിൽ കാണാതിരുന്ന ജീവിവർഗങ്ങൾ ഈ ലിസ്റ്റിൽ ഉൾപ്പെടും.
3. ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവ (Critically Endangered, CR)
എണ്ണം ഗണ്യമായി കുറയുന്ന ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെയുള്ളവ ഈ വിഭാഗത്തിൽപ്പെടും.
4. അപകടാവസ്ഥ (Endangered)
അതിവേഗം വംശനാശഭീഷണി നേരിടുന്നവയെ അപകടാവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അടിയന്തരമായി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ ഈ വിഭാഗത്തിൽപ്പെട്ടവയ്ക്ക് വംശനാശം സംഭവിക്കും.
5. ദുർബലമായത് (Vulnerable, VU)
വംശനാശ സാധ്യതയുള്ള വിഭാഗമാണിത്. ആവാസവ്യവസ്ഥ നശിക്കുന്നതുമൂലമോ അമിതമായ ചൂഷണമോ കാരണം എണ്ണം തുടർച്ചയായി കുറയുന്ന വിഭാഗമാണിത്. ചൂഷണ നിയന്ത്രണവും ആവാസവ്യവസ്ഥയുടെ സംരക്ഷണവുമില്ലെങ്കിൽ ഇവ വംശനാശത്തിലേക്ക് നീങ്ങും.
6. വംശനാശ ഭീഷണിക്ക് അരികെ (Near Threatened, NT)
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവ, അപകടാവസ്ഥ, ദുർബലമായത് എന്നീ വിഭാഗങ്ങളിൽ പെടുന്നില്ലെങ്കിലും സമീപ ഭാവിയിൽ ഇതിലേതെങ്കിലും വിഭാഗത്തിൽ പെടുവാൻ സാധ്യതയുള്ള ജീവിവർഗങ്ങളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
7. ഏറ്റവും കുറഞ്ഞ ആശങ്ക (Least Concern)
സമീപ ഭാവിയിൽ വംശനാശം സംഭവിക്കാൻ സാധ്യത ഇല്ലാത്ത ജീവജാലങ്ങളാണ് ഈ വിഭാഗത്തിൽ.
8. ഡേറ്റ കുറവ് (Data Deficient, DD)
ഒരു ജീവി വർഗത്തെ കുറിച്ചുള്ള മതിയായ വിവരങ്ങൾ ലഭ്യമാകാത്ത പക്ഷം അവയെ ഡേറ്റ കുറവുള്ള വിഭാഗത്തിൽ ഉൾപ്പെടുത്തുകയും, ‘ഡേറ്റ ഡെഫിഷ്യന്റ്’ എന്ന് രേഖപ്പെടുത്തുകയും ചെയ്യും. ഡേറ്റയുടെ ദൗർലഭ്യം കാരണം ഇവ ഭീഷണിയുടെ ഒരു വിഭാഗത്തിലും ഉൾപ്പെടുന്നില്ല.
9. വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗങ്ങൾ (Not Evaluated, NE)
ഐയുസിഎന്നിന്റെ കണക്കു പ്രകാരം പരിപാലനസ്ഥിതിയെപ്പറ്റി വേണ്ടത്ര പഠനം നടത്താൻ കഴിയാത്ത ജീവിവർഗങ്ങളാണ് ഈ വിഭാഗത്തിൽ.
ഓരോ പ്രാവശ്യം റെഡ് ലിസ്റ്റ് പുറത്തിറക്കുമ്പോഴും ജീവിവർഗങ്ങളുടെ പട്ടികയിലെ സ്ഥാനങ്ങളിൽ മാറ്റങ്ങളുണ്ടാകും. ഉദാഹരണമായി, വംശനാശ ഭീഷണി നേരിടുന്ന ഒരു വർഗം പുതുക്കിയ ലിസ്റ്റിൽ തീവ്രവംശനാശം നേരിടുന്ന ലിസ്റ്റിലേക്ക് മാറാം. അതുപോലെ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങൾ വംശനാശ സാധ്യതയുള്ളതിലേക്കും മാറാം. ലിസ്റ്റിലുള്ള ജീവജാലവർഗങ്ങളുടെ വർധനവും കുറവും ഓരോ പ്രാവശ്യവും അപഗ്രഥിച്ച ശേഷമാണ് പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
മനുഷ്യന്റെ വളർച്ചയ്ക്കൊപ്പം അവൻ നടത്തിയ വേട്ടയാടലിന്റെ ഫലമായി ഭൂമിയിൽനിന്നു പല ജീവിവർഗങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. വടക്കേ അമേരിക്കയിൽ വ്യാപകമായി കണ്ടിരുന്ന പ്രാവ് ഇനത്തിൽപ്പെട്ട ഒരു പക്ഷിയായിരുന്നു സഞ്ചാരി പ്രാവ് (Passenger Pigeon). പത്തൊൻപതാം നൂറ്റാണ്ടിൽ 500 കോടിയോളം സഞ്ചാരി പ്രാവുകളാണ് വടക്കേ അമേരിക്കയിൽ ഉണ്ടായിരുന്നത്. ഒരു മൈൽ വീതിയിലും 300 മൈൽ നീളത്തിലും വരെ ഇവ കൂട്ടംകൂടി പറക്കാറുണ്ടായിരുന്നു. ആകാശം മറച്ച് യാത്ര ചെയ്തിരുന്ന ഇവയായിരുന്നു വടക്കേ അമേരിക്കയിലെ പക്ഷികളിൽ 40 ശതമാനവും. എന്നാൽ മനുഷ്യൻ ഈ പക്ഷിവർഗത്തെ വ്യാപകമായി വേട്ടയാടിയതോടെ അവ വംശനാശം സംഭവിച്ച ജീവിവർഗമായി മാറുകയായിരുന്നു.
മാംസത്തിനും തൂവലിനും വേണ്ടിയായിരുന്നു മനുഷ്യന്റെ ഈ വേട്ടയാടൽ. സഞ്ചാരി പ്രാവുകളുടെ അംഗസംഖ്യ വേട്ടയാടലിനെ തുടർന്ന് കുറഞ്ഞതോടെ അവയുടെ പ്രജനന കേന്ദ്രങ്ങളിൽ വരെ കടന്നുചെന്ന് വേട്ടയാടുവാൻ മനുഷ്യൻ ഒരു മടിയും കാട്ടിയില്ല. പ്രാവുകൾ എവിടെയുണ്ടെന്ന വിവരം വേട്ടക്കാരെ അറിയിക്കുവാൻ ടെലിഗ്രാഫ് സാങ്കേതിക വിദ്യപോലും അന്ന് ഉപയോഗിച്ചിരുന്നു. വേട്ടയാടലും പ്രജനനമില്ലായ്മയും ഒത്തുചേർന്നപ്പോൾ 500 കോടിയുണ്ടായിരുന്ന സഞ്ചാരിപ്രാവ് എന്ന പക്ഷിവർഗം ഭൂമിയിൽനിന്നു പൂർണമായും അപ്രത്യക്ഷമാകുകയായിരുന്നു. മാർത്ത എന്ന പേരുള്ള, അവസാനത്തെ സഞ്ചാരിപ്രാവ് 1914 സെപ്റ്റംബർ ഒന്നിന് സിൻസിനാറ്റി മൃഗശാലയിൽ മരണമടയുകയായിരുന്നു.
മറ്റു ജീവികൾ ഭക്ഷണത്തിനും നിലനിൽപിനുമായി വേട്ടയാടുമ്പോൾ മനുഷ്യന് വേട്ടയാടൽ ഭക്ഷണത്തിനൊപ്പം വിനോദത്തിനുമായിരുന്നു. ഒരു ജീവിവർഗത്തെ മാനസിക ഉല്ലാസത്തിനായി കൊല്ലുമ്പോൾ അത് പ്രകൃതിയോടു കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന ചിന്തയൊന്നും ബുദ്ധിവികാസം പ്രാപിച്ചു എന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യന് ഒരിക്കലും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിനു സഞ്ചാരിപ്രാവുകളെയാണ് വടക്കേ അമേരിക്കക്കാർ വിനോദത്തിനായി കൊന്നൊടുക്കിയത്. അതിനായുപയോഗിച്ചത് തോക്കുകളും ടെലിഗ്രാഫ് എന്ന സാങ്കേതിക വിദ്യയും. ആകാശപ്പരപ്പിൽ നിറഞ്ഞു പറന്നു വരുന്ന സഞ്ചാരിപ്രാവുകളെപ്പറ്റിയുള്ള വിവരം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തുള്ളവരെ ടെലിഗ്രാഫ് വഴി അറിയിക്കുന്നു. അവിടെ അവർ ഒരു വിനോദത്തിന് കളമൊരുക്കുന്നു. പറന്നുവരുന്ന സഞ്ചാരിപ്രാവുകളിൽ ഏറ്റവും കൂടുതൽ എണ്ണത്തിനെ ആകാശത്തുവച്ച് വെടിവച്ചിടുന്നവർക്കാണ് സമ്മാനങ്ങൾ. ഇങ്ങനെയുള്ള ഒരു മത്സരത്തിൽ 15 ലക്ഷം സഞ്ചാരിപ്രാവുകളെ ഒറ്റ പ്രാവശ്യം മത്സരാർഥികൾ വെടിവച്ചിട്ടു എന്ന് സയൻസ് ഡെയിലി പ്രസിദ്ധീകരിച്ച പഠനങ്ങളിൽ പറയുന്നു. വിജയിയായ മത്സരാർഥി അന്ന് ഒറ്റയ്ക്ക് കൊന്നുതള്ളിയത് 30000 സഞ്ചാരിപ്രാവുകളെയായിരുന്നു.
മനുഷ്യൻ കാരണം വംശനാശം വന്ന മറ്റൊരു പക്ഷിവർഗമാണ് അറേബ്യൻ ഒട്ടകപ്പക്ഷി. ഇവ സാധാരണ ഒട്ടകപ്പക്ഷിയേക്കാൾ വലുപ്പം കുറഞ്ഞവയാണ്. മാംസത്തിനും തൂവലിനും ചർമത്തിനുമായി ഇവ വ്യാപകമായി വേട്ടയാടപ്പെട്ടു. അറേബ്യൻ ഒട്ടകപ്പക്ഷിയുടെ ചർമം കൊണ്ടുള്ള കരകൗശലവസ്തുക്കൾക്ക് അന്ന് വലിയ ആവശ്യക്കാരുണ്ടായിരുന്നു. അടയിരിക്കുവാൻ വിമുഖത പ്രകടിപ്പിക്കാറുള്ള ഇവയുടെ പ്രജനനം വളരെ കുറവുമായിരുന്നു. വ്യാപകമായ വേട്ടയാടൽ ഈ പക്ഷിവർഗത്തെ വംശനാശത്തിലെത്തിച്ചു. 1945 ൽ സൗദി അറേബ്യയിലെ അൽ ഹസയിൽ വച്ചാണ് അവസാനത്തെ അറേബ്യൻ ഒട്ടകപ്പക്ഷി മരണമടയുന്നത്.
പത്തൊൻപതാം നൂറ്റാണ്ട് വരെ ക്യൂബയിലും സമീപ ദ്വീപുകളിലും കണ്ടിരുന്ന ഒരു പക്ഷിവർഗമാണ് സപ്തവർണ്ണ തത്തയായ ക്യൂബൻ മകൗ (Cuban Macaw). ഇന്ന് കാണുന്ന സ്കാർലെറ്റ് മകൗ (Scarlet Macaw) വുമായി ഏറെ സാമ്യമുണ്ടായിരുന്ന പക്ഷിയായിരുന്നു ഇത്. തലയിൽ ചുവപ്പ്, ഓറഞ്ച്, നീല, പച്ച, തവിട്ട്, വെളുപ്പ് നിറങ്ങളും ശരീരത്തിൽ ഓറഞ്ച്, പച്ച, ചുവപ്പ്, നീല, തവിട്ടു നിറങ്ങളും ഉള്ള ഈ പക്ഷിക്ക് അതിന്റെ സൗന്ദര്യം തന്നെ ശാപമായി മാറുകയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്യൻമാരുടെയും അമേരിക്കക്കാരുടെയും കണ്ണുകൾ ഇവയിൽ പതിഞ്ഞതോടെ വംശനാശവും ആരംഭിക്കുകയായിരുന്നു. വ്യാപകമായി പിടികൂടപ്പെട്ട ക്യൂബൻ മകൗവിനെ കൂട്ടിലടച്ച് അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്തതോടെ തീൻമേശകളിലെ ഭക്ഷണമായും കൂട്ടിലെ കാഴ്ചവസ്തുവായും ഈ പക്ഷിവർഗം മാറുകയായിരുന്നു. ആവാസവ്യവസ്ഥിതിയിൽ വന്ന മാറ്റങ്ങളും ഇവയുടെ നിലനിൽപിനെ പ്രതികൂലമായി ബാധിച്ചു. 1885 ൽ ക്യൂബൻ മകൗ ഭൂമുഖത്തുനിന്നു പൂർണമായും വിടവാങ്ങി.
ജെന്യോണിസ് ന്യൂടോണി (Genyornis newtoni) എന്നു പേരുള്ള ഓസ്ട്രേലിയൻ പക്ഷി ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതിന്റെ കാരണവും മനുഷ്യന്റെ വേട്ടയാടൽ കാരണമായിരുന്നു. 50000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന പക്ഷിക്ക് വലുപ്പക്കൂടുതൽ കാരണം പറക്കുവാൻ കഴിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യരുൾപ്പെടെയുള്ള ശത്രുക്കളിൽനിന്ന് ഇവയ്ക്ക് ഓടി രക്ഷപ്പെടുവാൻ കഴിയുമായിരുന്നില്ല. വലിയ ചിറകുകളും ആടിന്റെ വലുപ്പവും ജെന്യോയോണിസുകൾക്കുണ്ടായിരുന്നു. മാംസഭുക്കുകളായ ജീവികൾ ഇവയെ ഭക്ഷിക്കാറുണ്ടായിരുന്നെങ്കിലും 50,000 വർഷം മുൻപ് മനുഷ്യൻ ഓസ്ട്രേലിയയിൽ എത്തിയതോടെ കഥ മാറി. ഇവയുടെ മാംസത്തോടുപരി മുട്ടകളോടായിരുന്നു മനുഷ്യനിഷ്ടം. വലുപ്പം കൂടുതലുള്ള മുട്ടകൾ ചുട്ടു തിന്നുന്നത് ഹരമാക്കിയ മനുഷ്യൻ ഒടുവിൽ ജെന്യോണിസ് പക്ഷിയുടെ അന്തകനായി മാറുകയായിരുന്നു. മണൽക്കൂനകളിൽ ഇവ ഇടുന്ന മുട്ടകൾ ആദ്യകാലങ്ങളിൽ ഉരഗങ്ങൾ മാത്രമേ ഭക്ഷിക്കാറുണ്ടായിരുന്നുള്ളൂ, അതിന് പരിധിയുമുണ്ടായിരുന്നു. മനുഷ്യൻ വ്യാപകമായി മുട്ടകൾ ഭക്ഷിച്ചു തുടങ്ങിയതോടെ പ്രജനനം നടക്കാതെ ഈ പക്ഷിവർഗത്തിന് വംശനാശം സംഭവിക്കുകയായിരുന്നു. കൊന്നുതിന്ന ഓസ്ട്രേലിയക്കാർ തന്നെ വംശമറ്റ ഈ പക്ഷിയെ ആദരിക്കുവാനായി സ്റ്റാംപ് ഇറക്കിയിട്ടുണ്ട്.
ന്യൂസീലൻഡിൽ വ്യാപകമായി കണ്ടിരുന്ന ഒരു വിഭാഗമായിരുന്നു മോവ പക്ഷികൾ (Moa). 18.5 ദശലക്ഷം വർഷം ഭൂമിയിലുണ്ടായിരുന്നു എന്നു കരുതപ്പെടുന്ന മോവ പക്ഷികൾ 700 വർഷങ്ങൾക്കു മുൻപ് ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഏകദേശം പത്തു തരം ഇനങ്ങളുണ്ടായിരുന്ന ഇവയിൽ ആനയുടെ വലുപ്പമുള്ളവയും ഉണ്ടായിരുന്നു. ശത്രുക്കളില്ലാത്തതിനാൽ ഇവയ്ക്ക് വിഹരിച്ച് പറക്കേണ്ട ആവശ്യമില്ലായിരുന്നു. കാലക്രമേണ ഈ പക്ഷികൾ പരിണാമപ്രക്രിയയുടെ ഭാഗമായി കുറുകിയ ചിറകുള്ളവയായിമാറുകയായിരുന്നു. കുറുകിയ ചിറകുകളും ഭാരക്കൂടുതലും പിന്നീട് ഈ പക്ഷിവർഗത്തിന്റെ വംശനാശത്തിന് കാരണമാകുകയും ചെയ്തു. പോളിനേഷ്യക്കാരായ മാവോറികൾ കെട്ടുചങ്ങാടത്തിൽ ന്യൂസീലൻഡിലെത്തിയതോടെ മോവ പക്ഷികളുടെ വംശനാശവും തുടങ്ങുകയായിരുന്നു. ശത്രുക്കളിൽനിന്നു വേഗത്തിൽ ഓടിയൊളിക്കാനോ പറന്നകലാനോ കഴിയാതിരുന്ന മോവകളെ മാവോറികൾക്ക് അനായാസം വേട്ടയാടുവാൻ കഴിഞ്ഞു. മോവകളുടെ മാംസവും മുട്ടയും മാവോറികളുടെ ഇഷ്ട ഭക്ഷണമായിമാറിയതോടെ 700 വർഷങ്ങൾക്ക് മുൻപ് ഈ ഭീമൻ പക്ഷിവർഗത്തിന്റെ വംശമറ്റുപോകുകയും ചെയ്തു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ മഡഗാസ്കറിൽ ജീവിച്ചിരുന്ന പക്ഷിവർഗമായിരുന്നു ആനപ്പക്ഷികൾ (Elephant bird). പേര് സൂചിപ്പിക്കും പോലെ ലോകത്തിലെ ഏറ്റവും വലിയ പക്ഷിയായിരുന്നു ആനപ്പക്ഷികൾ. ആനപ്പക്ഷികൾക്ക് വലുപ്പത്തിനൊത്ത് ഭാരവുമുണ്ടായിരുന്നു. സസ്യഭുക്കുകളായ ഇവയ്ക്ക് പത്തടിയോളം ഉയരവും അഞ്ഞൂറ് കിലോയ്ക്കും എണ്ണൂറ് കിലോയ്ക്കുമിടയിൽ ഭാരമുണ്ടായിരുന്നു. നാലിനം ആനപ്പക്ഷികളാണുണ്ടായിരുന്നത്. ഇവയിൽ ഏറ്റവും വലിയ ഇനം വൊറോംബ് ടൈറ്റൻ (Vorombe titan) ആയിരുന്നു. വലുപ്പക്കൂടുതലും പറക്കുവാനുള്ള കഴിവില്ലായ്മയും കാരണം ഇവയെ ഏറ്റവും അനായാസേന വേട്ടയാടുവാൻ മനുഷ്യനു കഴിഞ്ഞു. ആയിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യന്റെ വേട്ടയാടൽ കാരണം ഈ പക്ഷിഭീമൻ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു.
ദ്വീപുകളിലെ പാറക്കെട്ടുകളിലും സമുദ്രത്തിലുമായി ജീവിച്ചിരുന്ന ഒരു പക്ഷിയായിരുന്നു ഗ്രേറ്റ് ഓക്ക് (Great auk). 75 മുതൽ 85 സെന്റിമീറ്റർ വരെ ഉയരവും അഞ്ചുകിലോഗ്രാം വരെ ഭാരവും 15 സെന്റിമീറ്റർ വരെ നീളവും ഈ പക്ഷിക്കുണ്ടായിരുന്നു. പുറംഭാഗം കറുപ്പും വയറും നെഞ്ചും വെളുപ്പും നിറത്തിൽ കണ്ടിരുന്ന ഇവ ഇരതേടി ദേശാടനം നടത്താറുള്ള പക്ഷിയായിരുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ കണ്ടുവരാറുണ്ടായിരുന്ന ഗ്രേറ്റ് ഓക്ക് ഭക്ഷണത്തിനായി സ്പെയിൻ, ഐസ്‌ലൻഡ്, ഗ്രീൻലാൻഡ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കടൽ ഭാഗങ്ങളിലേക്ക് ദേശാടനം ചെയ്യുക പതിവായിരുന്നു. ഞണ്ട്, കൊഞ്ച് തുടങ്ങിയ കവചിതജീവികളും മൽസ്യങ്ങളുമായിരുന്നു ഇഷ്ട ഭക്ഷണങ്ങൾ. കടലിലാണ് സഞ്ചാരമെങ്കിലും ഇവ മുട്ടയിടുന്നത് പാറകളിൽ ആയിരുന്നു. ഗ്രേറ്റ് ഓക്കിന്റെ വംശനാശത്തിന് കാരണമായത് പതിനഞ്ചാം നൂറ്റാണ്ടിൽ അറ്റ്ലാന്റിക്കിൽ എത്തിച്ചേർന്ന നാവികരും മീൻ പിടുത്തക്കാരുമായിരുന്നു. മീൻ പിടുത്തക്കാർക്ക് മീനിനേക്കാൾ ഇഷ്ടം ഗ്രേറ്റ് ഓക്കിനോടായിരുന്നു. മാംസത്തിനായി വ്യാപകമായി വേട്ടയാടപ്പെട്ടതോടെ ഈ പക്ഷിവർഗം വംശനാശത്തിനിരയാകുകയായിരുന്നു. 1852 ൽ ഈ പക്ഷിവർഗം വംശനാശം നേരിട്ടതായി സ്ഥിതീകരിച്ചു.
ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസിൽ ജീവിച്ചിരുന്ന ഒരു പക്ഷിയായിരുന്നു ഡോഡോ. മനുഷ്യൻ മൗറീഷ്യസിൽ കാലുകുത്തി നൂറുവർഷം തികയും മുൻപേ ഭൂമിയിൽനിന്നു വിടവാങ്ങുവാൻ വിധിക്കപ്പെട്ട പക്ഷിവർഗമാണ് ഇവ. ഒരു മീറ്ററിലധികം ഉയരവും 20 കിലോഗ്രാം വരെ ഭാരവും ഉണ്ടായിരുന്ന ഡോഡോകൾക്ക് ഭാരക്കൂടുതൽ കാരണം പറക്കുവാൻ കഴിയില്ലായിരുന്നു. പഴവർഗങ്ങൾ ആയിരുന്നു പ്രധാന ഭക്ഷണം. മനുഷ്യൻ കടന്നെത്തുംവരെ തികച്ചും സുരക്ഷിതമായിരുന്നു ഡോഡോകളുടെ ജീവിതം. മൗറീഷ്യസ് ദ്വീപിൽ ജന്തുക്കളുടെ അംഗസംഖ്യ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഡോഡോകൾക്ക് മൃഗങ്ങളുടെ വേട്ടയാടലിനെ വലുതായി അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. തൽഫലമായി പരിണാമ ഘട്ടത്തിൽ ഇവയ്ക്ക് പറക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടു. തറയിൽ കൂടുകൂട്ടി കഴിഞ്ഞിരുന്ന ഇവ പ്രജനന കാലത്ത് ഒരു മുട്ട മാത്രമേ ഇടാറുണ്ടായിരുന്നുള്ളൂ.
1505-ൽ പോർച്ചുഗീസുകാർ മൗറീഷ്യസിൽ എത്തിയതോടെ ഡോഡോകളെ ഭക്ഷണത്തിനായി കൊന്നൊടുക്കുവാൻ തുടങ്ങി. വളരെ വേഗം ഡോഡോകളെ വേട്ടയാടുവാൻ കഴിയുമായിരുന്നു. അലസതയും ഭയമില്ലായ്മയും ചേർന്ന സ്വഭാവക്കാരായ ഡോഡോകൾ വേട്ടക്കാരിൽനിന്നു രക്ഷപ്പെടുവാൻ ശ്രമിക്കാറുമില്ലായിരുന്നു. മനുഷ്യനോടൊപ്പം എത്തിച്ചേർന്ന നായ്ക്കളുൾപ്പെടെയുള്ള മൃഗങ്ങളും ഡോഡോകളെ വേട്ടയാടി. എലികൾ, കുരങ്ങുകൾ, നായ്ക്കൾ തുടങ്ങിയവ കാരണം ഡോഡോകളുടെ മുട്ടകളും വ്യാപകമായി നശിക്കപ്പെട്ടു. ഡോഡോകൾക്കൊപ്പം മുട്ടകളും നശിക്കപ്പെട്ടതോടെ ഈ പക്ഷിവർഗം അതിവേഗം വംശനാശത്തിന് ഇരയാകുകയായിരുന്നു. മനുഷ്യൻ മൗറീഷ്യസിൽ കാലുകുത്തിയശേഷം 100 വർഷം മാത്രമേ ഡോഡോകൾക്ക് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.
മനുഷ്യൻ കാരണം 1430 ഇനങ്ങളിലുള്ള പക്ഷിവർഗങ്ങൾ വംശനാശമടഞ്ഞു എന്നാണ് യുകെ ആസ്ഥാനമായ സെന്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജി (UK Centre for Ecology & Hydrology) പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നത്. ഈ വംശനാശത്തിന് മനുഷ്യനോടൊപ്പം എലി, പന്നി, പട്ടി തുടങ്ങിയ ജീവിവർഗങ്ങൾക്കും നിർണായക പങ്കുള്ളതായി പറയുന്നു. പക്ഷികളുടെ കൂടുതകർക്കുന്നതിനും, മാംസം, മുട്ട തുടങ്ങിയവയെ ആഹാരമാക്കുന്നതിനും മറ്റു ജീവിവർഗങ്ങൾ മത്സരിച്ചിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഐയുസിഎന്നിന്റെ റെഡ്‌ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള 47 ജീവിവർഗങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പു നൽകുന്നു. വൈറ്റ് ബെല്ലിഡ് ഹെറോൺ, ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി, തവിട്ടുകഴുകൻ, കാതില കഴുകൻ, പിങ്ക് തലയുള്ള താറാവ്, തലേക്കെട്ടൻ തിത്തിരി, കരണ്ടിക്കൊക്കൻ മണലൂതി എന്നീ പക്ഷിവർഗങ്ങളാണ് ഇന്ത്യയിൽ വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
മൂന്നാർ തവള, ചൊറിയൻ തവള, പൊന്മുടി തവള, സുഷിലി ഇലതവള, പറക്കുന്ന അണ്ണാൻ, ഹിമാലയൻ ചെന്നായ, ഏഷ്യാറ്റിക് ചീറ്റ, എൽവിറ എലി, വടക്കൻ സുമിത്രാൻ കാണ്ടാമൃഗം, ചീങ്കണ്ണി, നദികളിൽ ജീവിക്കുന്ന ആമയായ നോർത്തേൺ റിവർ ടെറാപിൻ, ചൂരലാമ തുടങ്ങിയ ഉഭയജീവികളും സസ്തനികളും ഉരഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്.
ഇന്ത്യയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ പട്ടികയിൽ 1118 ജീവിവർഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 235 മൽസ്യ സ്പീഷിസുകളും 131 തരം നട്ടെല്ല് ഇല്ലാത്ത ജീവികളും ഉൾപ്പെടുന്നു. 93 ഇനം പക്ഷികൾ വംശനാശ ഭീഷണി നേരിടുമ്പോൾ 93 ഇനം സസ്തനികളും വംശനാശഭീഷണി നേരിടുന്നു. 75 ഇനം ഉരഗവർഗങ്ങളും രണ്ടിനം ഫംഗസുകളും 7 ഇനം മൊളസ്കുകളും 428 ഇനം സസ്യവർഗങ്ങളും വംശനാശ ഭീഷണിയിലാണ്. വംശനാശം നേരിടുന്ന ജീവിവർഗങ്ങളിൽ ബംഗാൾ കടുവ, ഏഷ്യൻ സിംഹം, ഇന്ത്യൻ കാട്ടുനായ, കാട്ടുപൂച്ച, നീലത്തിമിംഗലം, ചാരത്തിമിംഗലം, ചിറകൻ തിമിംഗലം, ഗംഗ ഡോൾഫിൻ, ഇന്ത്യൻ ആന, ഇന്ത്യൻ കാട്ടുകഴുത, സിംഹവാലൻ കുരങ്ങ്, വെരുക്, കരിങ്കുരങ്ങ്, വരയാടുകൾ, തേൻകരടി, ഹിമപ്പുലി, കാട്ടുചുണ്ടെലി, കാട്ടുപോത്ത്, കാട്ടെരുമ, മേഘപ്പുലി, കടൽപശു, ഇന്ത്യൻ കാണ്ടാമൃഗം, ചെമ്പൻ പാണ്ട തുടങ്ങിയ ജീവിവർഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
പശ്ചിമഘട്ടത്തിലും കേരളത്തിലുമായി കാണപ്പെടുന്ന നട്ടെല്ലുള്ള ജീവികളിൽ ഏകദേശം 11 ശതമാനം വംശനാശഭീഷണിയുടെ നിഴലിലാണ്. 1850 നട്ടെല്ലുള്ള ജീവിവർഗങ്ങളാണ് കേരളത്തിലുള്ളത്. ഇവയിൽ 23 ഇനങ്ങൾ തീവ്രമായ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. 90 ഇനങ്ങൾ വംശനാശ ഭീഷണിയിലുമാണ്. 92 ഇനങ്ങളെ വംശനാശം നേരിടുവാൻ സാധ്യതയുള്ളവയുടെ പട്ടികയിൽ പെടുത്തിയിരുന്നു. മൂന്നാർ തവള, പൊന്മുടി തവള, ചൂരലാമ തുടങ്ങിയവ തീവ്ര വംശനാശം നേരിടുന്ന വിഭാഗത്തിൽപ്പെടുമ്പോൾ ആന, സിംഹവാലൻ കുരങ്ങ്, കാട്ടുചുണ്ടെലി, ഈനാമ്പേച്ചി, കടുവ തുടങ്ങിയവ വംശനാശ ഭീഷണി നേരിടുന്ന ഗണത്തിലാണ്.
ലോകത്തിലെ ജീവിവർഗങ്ങളുടെ പട്ടികയിൽ 82 ശതമാനവും സസ്യങ്ങളാണ്. ഏകദേശം 423,000 ത്തിൽപരം സസ്യങ്ങൾ ഭൂമിയിലുണ്ടെന്നാണ് 2022 വരെയുള്ള കണ്ടെത്തൽ. പല സസ്യങ്ങളെയും ഇനിയും കണ്ടെത്തുവാനുമുണ്ട്. 2020 ൽ സ്റ്റേറ്റ് ഓഫ് ദ് വേൾഡ്സ് പ്ലാന്റ്സ് ആൻഡ് ഫംഗസ് (State of the World's Plants and Fungi) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്, ഇന്ന് കാണുന്ന സസ്യജാലങ്ങളിൽ 40 ശതമാനവും വംശനാശഭീഷണി നേരിടുന്നു എന്നാണ്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനകം 800 ഓളം സസ്യവൈവിധ്യങ്ങൾക്ക് വംശനാശം സംഭവിച്ചതായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ് (Royal Botanic Gardens, Kew) നടത്തിയ പഠനങ്ങൾ പറയുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതലുള്ള വിവരങ്ങൾ ശേഖരിച്ചാണ് ക്യൂവിലെ ഗവേഷണ സംഘം ഈ റിപ്പോർട്ട് തയാറാക്കിയത്. സസ്യങ്ങൾക്ക് വംശനാശം സംഭവിക്കുമ്പോൾ ആ സസ്യത്തെ ആശ്രയിച്ച് കഴിയുന്ന ജീവികളുടെ വംശനാശത്തിനും വഴിയൊരുക്കുമെന്നും അതിലൂടെ ഭൂമിയിലെ അവാസവ്യവസ്ഥ തന്നെ ഭീഷണിയിലാകുമെന്നും ക്യൂവിലെ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
2022-ൽ കാനഡയിലെ മോൺട്രിയലിൽ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ പുറത്തുവിട്ട പഠന റിപ്പോർട്ട് പറയുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിലെ സസ്യ ജീവി വൈവിധ്യങ്ങളുടെ പത്തിലൊന്ന് നശിച്ചുപോകുമെന്നാണ്. ഐയുസിഎൻ റിപ്പോർട്ടിലും പറയുന്നത് 150388 ജീവജാലങ്ങൾ ഭൂമിയിൽ വംശനാശ ഭീഷണി നേരിടുകയും 42000 ത്തിലധികം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുകയും ചെയ്യുമെന്നാണ്. ആഗോളതാപനത്തിന്റെയും തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുഖ്യകാരണക്കാർ മനുഷ്യനായതിനാൽ ഈ ജൈവവൈവിധ്യ നാശത്തിന്റ ഉത്തരവാദിത്തത്തിൽനിന്നു മനുഷ്യന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
ജീവികളുടെ ഡിഎൻഎ ഘടനകൾ സൃഷ്ടിച്ച് അവയെ പുനഃസൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പോലും നിലവിലുള്ളവയെ സംരക്ഷിച്ച് നിർത്തുവാനുള്ള ബാധ്യത മനുഷ്യനുണ്ട്. കാരണം മൃഗങ്ങൾ ഭക്ഷണത്തിനായി വേട്ടയാടിയപ്പോൾ മനുഷ്യൻ അവസരത്തിലും അനവസരത്തിലും ആവശ്യത്തിനും അനാവശ്യത്തിനുമായി പ്രകൃതിയെയും ജീവജാലങ്ങളെയും പരിധിയില്ലാതെ ചൂഷണം ചെയ്യുകയായിരുന്നു. അതുകൊണ്ടു തന്നെ നിലനിൽക്കുന്ന ജീവജാലങ്ങളെയെയെങ്കിലും മനുഷ്യൻ സംരക്ഷിക്കണം. കാരണം ഭൂമിയിലെ ആവാസവ്യവസ്ഥയിൽ പരസ്പര പൂരിതങ്ങളായാണ് ജീവജാലങ്ങളുടെ നിലനിൽപ്പ്.