കോഴി കൂവുന്നു, പശു അമറുന്നു; കോടതിയിലെത്തിയത് നൂറിലധികം പരാതികൾ: ഒടുവിൽ നിയമം പാസാക്കി
Mail This Article
മനുഷ്യനെപ്പോലെ തന്നെ പക്ഷികൾക്കും മൃഗങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ ഇവരെ ഒഴിപ്പിക്കാനായി ഒരു കൂട്ടം ആളുകൾ നിയമപരമായി നീങ്ങുന്നു. അത്തരത്തില്‍ നിരവധി സംഭവങ്ങൾ ഫ്രാൻസിലും നടന്നിരുന്നു. കോഴി കൂവുന്നു, പശു അമറുന്നു, തവള ശബ്ദമിടുന്നു തുടങ്ങി നൂറിലധികം പരാതികളാണ് കോടതിയിൽ എത്തിയത്. ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയ നഗരവാസികളുടേതായിരുന്നു കൂടുതൽ പരാതികൾ. ഒടുവിൽ ഇത്തരം പരാതികളൊന്നും പരാതികളല്ലെന്ന് പറഞ്ഞ് ഫ്രഞ്ച് പാർലമെന്റ് പുതിയ നിയമം തന്നെ പാസാക്കി.
2019ല്‍ മൗറീസ് എന്ന കോഴിയുടെ കൂവൽ ശല്യമെന്ന് ചൂണ്ടിക്കാട്ടി അയൽവാസി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഗ്രാമങ്ങളിൽ കോഴി കൂവാമെന്ന് കോടതി വിധിച്ചു. പിന്നീടും നിരവധി പരാതികൾ എത്തിയിരുന്നു. 92കാരിയായ കോളെറ്റ് ഫെറി, തന്റെ വീട്ടിലുള്ള തവളകൾ ശബ്ദമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഈ തവളകളെ പ്രദേശത്തുനിന്ന് മാറ്റാൻ കോടതി ഉത്തരവിട്ടു. പരാതികൾ നീണ്ടതോടെ ഫ്രാൻസ് ‘സെൻസറി ഹെറിറ്റേജ്’ നിയമം പാസാക്കി. എന്നിട്ടും അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാതായപ്പോൾ ഫ്രഞ്ച് പാർലമെന്റ് പുതിയ നിയമ നിർമാണത്തിന് തയാറാവുകയായിരുന്നു.
രാജ്യത്തിന് ഭക്ഷണം നൽകുന്നവരാണ് ഗ്രാമീണർ. നാട്ടിൻപുറങ്ങളിൽ ജീവിതം പറിച്ചുനട്ടശേഷം അവിടത്തെ ജനങ്ങളുടെ ജീവിതരീതി മാറ്റണമെന്ന് പറയാൻ നഗരവാസികൾക്ക് അവകാശമില്ലെന്ന് നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട്–മോറൈറ്റി വ്യക്തമാക്കി. ഗ്രാമീണമേഖലകൾ ഇഷ്ടമല്ലാത്തവർ നഗരങ്ങളിൽ തന്നെ തുടരുക. അല്ലെങ്കിൽ ഗ്രാമത്തിലെ ജീവിതരീതികൾക്ക് അനുസരിച്ച് ജീവിക്കാൻ പഠിക്കുകയെന്നും മന്ത്രി പറഞ്ഞു. ഫാം, ബാർ, റസ്റ്ററന്റ് തുടങ്ങിയവയ്ക്കു സമീപം താമസിക്കുന്നവർക്ക് ശബ്ദത്തെക്കുറിച്ച് പരാതിപ്പെടാൻ അവകാശമില്ല. ഫ്രാൻസിലെ നാട്ടിൻപുറങ്ങളിലും ഈ നിയമം ബാധകമാണ്. ജീവികളുടെ ശബ്ദങ്ങൾ, ട്രാക്ടറുടെ ശബ്ദം, കൃഷിക്കായുള്ള വളത്തിന്റെ മണം എന്നിവയിലൊന്നും പരാതിപ്പെടാനാകില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്.