കടലിനടിയിൽ നൂറിലധികം അഗ്നിപർവത കുന്നുകൾ, ജീവിവർഗങ്ങൾ; ലോകത്തിനുമുന്നിൽ കലവറ തുറന്ന് ഈസ്റ്റർ ദ്വീപ്
Mail This Article
തെക്ക് കിഴക്കൻ പസഫിക്കിൽ, ചിലിയുടെ അധീനതയിലുള്ള ദ്വീപാണ് ഈസ്റ്റർ ദ്വീപ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിൽ ഒന്ന് നിലനിന്നത് ഈസ്റ്റർ ദ്വീപിലായിരുന്നു. റാപാ നൂയി എന്ന തദ്ദേശീയ നാമത്തിൽ അറിയപ്പെടുന്ന ഈ ദ്വീപിൽ നിന്നും സമീപത്തെ തീരത്ത് നിന്നുമായാണ് അൻപതോളം പുതിയ ജീവിവർഗങ്ങളെ ഗവേഷകർ കണ്ടെത്തിയത്. ഇതിൽ കണവ, ഞണ്ട്, ചെമ്മീൻ, നക്ഷത്ര മത്സ്യങ്ങൾ, സ്പോഞ്ചുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
പുതിയ ജീവികളുടെ പറുദീസ
യുഎസിലെ ഷ്മിറ്റ് സമുദ്രഗവേഷണ സ്ഥാപനത്തിലെ ഗവേഷകരാണ് ഇപ്പോഴത്തെ ഈ കണ്ടെത്തലുകൾക്ക് നയിച്ച പര്യവേഷണം നടത്തിയത്. ചിലിയുടെ തീരദേശങ്ങളിലുള്ള സമുദ്രാന്തർ ജീവികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ ഗവേഷകർ ഈസ്റ്റർ ദ്വീപിലും എത്തിയത്. ഈസ്റ്റർ ദ്വീപിലെ സലാസ് ഗോമസ് താഴ്‌വര എന്നറിയപ്പെടുന്ന മേഖലയിൽ മുൻപ് അഗ്നിപർവതങ്ങളായിരുന്ന നൂറിലധികം കുന്നുകൾ ഇപ്പോൾ കടലിനടിയിൽ ഉണ്ട്. ഇവിടെ നിന്നും പഠനത്തിനിടെ ഗവേഷകർ തിരിച്ചറിഞ്ഞത് നൂറ്റി അറുപതോളം പുതിയ ജീവികളെയാണ്. ഇതിൽ അൻപതെണ്ണമാകട്ടെ ശാസ്ത്രലോകത്തിന് തന്നെ പുതിയവയാണ്.
ഇങ്ങനെ കണ്ടെത്തിയവയിൽ പ്രകാശസംശ്ലേഷണം കൊണ്ട് ജീവിക്കുന്ന ലോകത്തിലെ ഏറ്റവും ആഴത്തിൽ കാണപ്പെടുന്ന ജീവിയും ഉൾപ്പെടുന്നു, ലെപ്റ്റോസെറിസ് എന്നറിയപ്പെടുന്ന ഈ ജീവി വ്രിംങ്കിംൾ കോറൽ അഥവാ ചുരുളുകളുള്ള പവിഴപ്പുറ്റുകളുടെ ഇനത്തിൽ പെടുന്നവയാണ്. ഇത്രയും വൈവിധ്യമാർന്ന ജന്തുജാലങ്ങൾ ഈ മേഖലയിൽ ഉള്ളത് ഈസ്റ്റർ ദ്വീപിന്റെ പരിസരപ്രദേശങ്ങളുടെയും പാരിസ്ഥിതിക മൂല്യം വർധിപ്പിക്കുകയാണ് എന്ന് ഗവേഷകർ പറയുന്നു. അതുകൊണ്ട് തന്നെ ഈ ദ്വീപിനെ മാത്രമല്ല സമീപമുള്ള കടൽ മേഖലയേയും സംരക്ഷിക്കേണ്ട ആവശ്യകത കൂടി ഈ പഠനത്തിലുടെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഈ പഠനത്തിലൂടെ പുറത്ത് വന്ന വിവരങ്ങൾ ഈ മേഖലയെ സംരക്ഷിത പ്രദേശമാക്കി മാറ്റാൻ സഹായിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.
അപൂർവങ്ങളും ഇതുവരെ കണ്ടെത്താത്തതും ആയ ജീവികളെ തിരിച്ചറിഞ്ഞതിന് പുറമെ ഏതാണ്ട് 78,000 കിലോമീറ്റർ ചുറ്റളവോളം കടലിന്റെ അടിത്തട്ട് അളക്കാനും ഈ ഗവേഷണത്തിലൂടെ സാധിച്ചു. ഇങ്ങനെ സർവേ നടത്തിയ മേഖലയിൽ നിന്ന് ഇതുവരെ തിരിച്ചറിയാതെ പോയ മൂന്ന് മലനിരകൾ കൂടി കടലിനടയിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. മുൻപ് അഗ്നിപർവതങ്ങളായിരുന്ന് പിന്നീട് മലനിരകളായി മാറിയ സീ മൗണ്ട് വിഭാഗത്തിൽ പെടുന്നവയാണ് ഇതും. ചലിക്കുന്നതും, ചലിക്കാത്തതുമായി ഒട്ടനവധി കടൽജീവികൾക്ക് സുരക്ഷിതമായ സങ്കേതം ഒരുക്കുന്നതിൽ ഇത്തരം സീമൗണ്ടുകൾക്ക് വലിയ പങ്കുണ്ട്.
ഇടക്കാല വസതി
ചെറുജീവികൾക്ക് മാത്രമല്ല, ഓരോ സീസണിലും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കുടിയേറുന്ന സ്രാവുകൾ, തിമിംഗലങ്ങൾ, മറ്റ് മൂനുകൾ, കടലാമകൾ എന്നിവയുടെ ഇടക്കാല വസതിയായി വർത്തുക്കുന്ന പ്രദേശം കൂടിയാണ് ഈ സീ മൗണ്ടുകൾ. ചെറുജീവികളാൽ സമ്പന്നമായ ഇടം വ്യത്യസ്ത വലിപ്പത്തിലുള്ള ജീവികൾക്ക് അനുയോജ്യമായ ഭക്ഷ്യശൃംഖല സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെയാണ് കുടിയേറ്റ് സമയത്ത് മികച്ച ഒരു ഇകടക്കാല കേന്ദ്രമായി ഈ മലകൾ വർത്തിക്കുന്നതും.
ഇതാദ്യമായല്ല ഈ മേഖലയിൽ നിന്ന് ശാസ്ത്രലോകത്തിന് പരിചയമില്ലാത്ത പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുന്നത്. ഫെബ്രുവരി 2024 ൽ നടത്തിയ പര്യവേഷണത്തിൽ നൂറിലധികം പുതിയ ജീവികളെ ഗവേഷകർ ഈ മേഖലയിൽ നിന്ന് പുതിയതായി കണ്ടെത്തിയിരുന്നു. പ്രിസ്റ്റീൻ ഗണത്തിൽ പെടുന്ന പ്രദേശമായാണ് ഈ മലയിടുക്കുകളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. അതായത് ഒട്ടനവധി ജീവികൾക്ക് മറ്റെവിടെയും ഇല്ലാത്ത വിധമുള്ള തനതായ ഒരു ജൈവവ്യവസ്ഥ ലഭിക്കുന്ന പ്രദേശം എന്നർത്ഥം. അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്തിന്റ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നതും.