ADVERTISEMENT

ഭൂമിയിലെ ജീവിവർഗങ്ങൾക്ക് ഉയർച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. ഭൂമിവിഹരിച്ചു നടന്ന പല ജീവികളും പ്രകൃതിദുരന്തങ്ങളിലും മറ്റും പെട്ട് അപ്രത്യക്ഷമായി. അപ്പോൾ പുതിയ ജീവിവർഗങ്ങൾ തൽസ്ഥാനത്തേക്ക് ഉയരുകയും ഭൂമി അവരുടെ വിഹാരരംഗമാക്കി മാറ്റുകയും ചെയ്തു. ഇത്തരമൊരു കഥയാണ് സസ്തനികൾക്കുമുള്ളത്. ദിനോസറുകളുടെ കാലത്ത് ഭീമരായ ഉരഗവർഗങ്ങൾക്കായിരുന്നു ഭൂമിയിൽ ആധിപത്യം. എന്നാൽ മെക്‌സിക്കോയിലെ യൂക്കാട്ടനിൽ ഛിന്നഗ്രഹം പതിച്ചതും തുടർന്ന് ഉടലെടുത്ത തീവ്ര കാലാവസ്ഥാ മാറ്റങ്ങളും ദിനോസറുകൾക്ക് അന്ത്യമേകി. അതുവരെ ഭൂമിയിൽ പതുങ്ങിക്കഴിഞ്ഞിരുന്ന സസ്തനികൾ ഭൂമിയെമ്പാടും വ്യാപിക്കാനും ആധിപത്യം നേടാനും ഇടയാക്കിയത് ഈ സംഭവമാണ്.

വലുപ്പത്തിൽ ചെറുതായ പല സസ്തനികളും വലുതാകാനും ഭീമാകാരമായ രൂപം പ്രാപിക്കാനും ഇതു വഴിവച്ചു. ലോകത്തിൽ ഇതുവരെ ജീവിച്ച സസ്തനികളിൽ വച്ച് ഏറ്റവും വലുപ്പമുള്ള കരജീവികളിലൊന്ന് പാരസെറതെറിയം എന്ന ജീവിയാണ്. ഇന്നത്തെ കാലത്ത് കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ സസ്തനി ആഫ്രിക്കൻ ആനയാണ്. എന്നാൽ ഇവയൊന്നും പാരസെറതെറിയത്തിനു മുന്നിൽ ഒന്നുമായിരുന്നില്ല. ഇന്നത്തെ കാലത്തെ കാണ്ടാമൃഗങ്ങളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ജീവിവംശമാണ് പാരസെറതെറിയം.

3 കോടി വർഷം മുൻപ് ഏഷ്യയിലായിരുന്നു ഈ ജീവികൾ താമസിച്ചിരുന്നത്. ചൈന, മംഗോളിയ, കസഖ്സ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലകളിൽ നിന്ന് ഇവയുടെ ശേഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഏകദേശം ഏഴരമീറ്റർ നീളവും അഞ്ച് മീറ്റർ പൊക്കവുമുണ്ടായിരുന്ന ഈ ജീവികൾക്ക് 17 ടൺ വരെയായിരുന്നു ഭാരം. ഇന്നത്തെ റൈനോകളുടെ അഞ്ച് മടങ്ങു വരും ഈ ഭാരം. ജിറാഫിനെപ്പോലെ ശരീരത്തിൽ നിന്നു നീണ്ടുനിൽക്കുന്ന നീളമുള്ള കഴുത്തും ഇവയ്ക്കുണ്ടായിരുന്നു.

എന്നാൽ ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സസ്തനി ഇവയല്ലെന്നും വാദിക്കുന്നവരുണ്ട്. പാലിയോലോക്‌സഡോൺ എന്ന ആനയായിരുന്നു ഇതെന്നും ഇതിന് 22 ടൺ വരെ ഭാരമുണ്ടായിരുന്നെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. മാസ്റ്റഡോൺ എന്ന ജീവിക്കായിരുന്നു ഏറ്റവും വലുപ്പവും ഭാരമെന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു.

English Summary:

Discover the Titans of the Past: How the Paraceratherium Dwarfed Today's Giants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com