ADVERTISEMENT

പരീക്ഷണങ്ങളുടെയും ഖനനത്തിന്റെയുമൊക്കെയായി ബോംബ് സ്‌ഫോടനങ്ങൾ നടത്തുന്നത് നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ 1970ൽ യുഎസിലെ ഒറിഗണിലുള്ള ഫ്‌ളോറൻസ് പട്ടണത്തിൽ ഒരു വ്യത്യസ്തമായ വിസ്‌ഫോടനം നടന്നു. ഈ വിസ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ഒരു തിമിംഗലമാണ്. ഏകദേശം 100 അടി പൊക്കത്തിൽ തിമിംഗലത്തിന്‌റെ മാംസമുൾപ്പെടെ അവശിഷ്ടങ്ങൾ പൊങ്ങിത്തെറിച്ചു. പിൽക്കാലത്ത് ഒറിഗണിലെ പൊട്ടിത്തെറിച്ച തിമിംഗലം വളരെ പ്രശസ്തമായി.

ഈ സംഭവത്തിനു ദിവസങ്ങൾ മുൻപാണ് കടൽത്തീരത്ത് ഒരു ചത്ത തിമിംഗലമടിഞ്ഞത്. 45 അടി നീളവും 8 ടൺ ഭാരവുമുള്ളതായിരുന്നു ഈ തിമിംഗലം. ഒറിഗണിന്‌റെ ഗതാഗതവകുപ്പിനായിരുന്നു ഈ തിമിംഗലത്തിന്‌റെ അവശിഷ്ടങ്ങൾ അവിടെനിന്ന് മാറ്റാനുള്ള ചുമതല. ജില്ലാ എൻജിനീയറായ ജോർജ് തോൺടൺ ഒടുവിൽ ഒരു തീരുമാനമെടുത്തു. ഈ തിമിംഗലത്തെ ബോംബുവച്ചു ചിതറിക്കുക.

(Photo: X/@tradingMaxiSL)
(Photo: X/@tradingMaxiSL)

ഈ സംഭവം ഒറിഗണിലെമ്പാടും പ്രശസ്തി നേടി. ടിവി ചാനലുകളും മറ്റും ഇതു നേരിട്ടു റിപ്പോർട്ട് ചെയ്യാനായി ബീച്ചിൽ വന്നു കാത്തിരിപ്പായി.

തോൺടൺ ഇതേ സമയം യുഎസ് നേവിയിലേതുൾപ്പെടെ സ്‌ഫോടനവിദഗ്ധരുമായി ചർച്ചകൾ നടത്തി. എത്ര അളവിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കണമെന്നതായിരുന്നു ചർച്ചാവിഷയം. ഒടുവിൽ അര ടൺ ഡൈനമിറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചു. ഐഡിയ ക്ലിയറായിരുന്നു. തിമിംഗലത്തിന്റെ ഉള്ളിൽ സ്‌ഫോടകവസ്തുക്കൾ വച്ചു പൊട്ടിത്തെറിപ്പിക്കും. സ്‌ഫോടനത്തിനു ശേഷം അവശിഷ്ടങ്ങൾ പൂർണമായും കടലിലേക്കു പോകും. പോകാതെ കടലിൽ കിടക്കുന്ന ചെറിയ കഷണങ്ങൾ കടൽപ്പക്ഷികളും മറ്റുജീവികളും തിന്നുകൊള്ളും. അങ്ങനെ സംഭവം ക്ലീൻ. സ്‌ഫോടനം നടക്കുന്ന സ്ഥലത്തിനു കുറെ ദൂരത്തേക്കു കാഴ്ചക്കാരെ മാറ്റുകയും ചെയ്തു അധികൃതർ.

സംഭവങ്ങൾ അത്ര സിംപിളായി നടന്നില്ല. തിമിംഗലം പൊട്ടിത്തെറിച്ചു. എന്നാൽ കടലിലേക്കു പോകുന്നതിനുപകരം ജനവാസമേഖലയിലേക്കാണ് അവശിഷ്ടങ്ങൾ പറന്നത്. ആർക്കുമൊന്നും പറ്റിയില്ല. എന്നാൽ തിമിംഗലത്തിന്റെ വലിയ കഷ്ണങ്ങൾ മഴപോലെ കാറുകളിലും മറ്റും വന്നു പതിച്ചു. ഒരു കാറിന് നല്ല തകരാർ പറ്റി. പലരുടെയും കാറുകളും വീടുകളുമൊക്കെ വൃത്തികേടായി. അങ്ങനെ ഈ സംഭവം യുഎസിൽ പ്രസിദ്ധി നേടുകയും ചെയ്തു.

English Summary:

Explosive Cleanup: Unforgettable Tale of Oregon's Blown-Up Whale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com