പെണ്ണുങ്ങൾ കാരണം തല വലുതായിപ്പോയ പാവം ആൺ വവ്വാൽ! ആഫ്രിക്കയിലെ ചുറ്റികത്തലയൻ
Mail This Article
ലോകത്ത് സസ്തനി കുടുംബത്തിലെ പ്രബല അംഗമാണ് വവ്വാലുകൾ. ആയിരത്തിലേറെ തരത്തിൽ ചെറുതും വലുതുമായുള്ള വവ്വാൽ വിഭാഗങ്ങൾ ഭൂമിയിൽ സർവവ്യാപകമാണ്. ഇക്കൂട്ടത്തിൽ അൽപം വ്യത്യസ്തനാണ് ആഫ്രിക്കയിലെ ചുറ്റികത്തലയൻ വവ്വാലുകൾ. ഹാമർ ഹെഡഡ് ബാറ്റ്സ് എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന ഈയിനം വവ്വാലുകൾ പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ കാടുകളിലാണ് താമസിക്കുന്നത്. ഒരു ബോക്സുപോലെയിരിക്കുന്ന ആകൃതിയിലുള്ള തലയാണ് ഇവയുടെ പ്രത്യേകത. ഇവർക്ക് ഇങ്ങനെ തല വരാൻ ഒരു കാരണമുണ്ട്. ഇത് ഈ വിഭാഗത്തിലെ പെൺവവ്വാലുമായി ബന്ധപ്പെട്ടാണുള്ളത്.
ചുറ്റികത്തലയൻ ആൺവവ്വാലുകൾക്ക് ഇണകളെ ലഭിക്കാൻ വലിയ പാടാണ്. ഈ വിഭാഗത്തിലെ പെൺവവ്വാലുകൾ വളരെ ‘ചൂസി’ ആയതാണ് കാരണം. പൊതുവെ ഒരു ഗ്രൂപ്പിലെ ആറു ശതമാനം ആൺവവ്വാലുകളെയാകും എല്ലാ പെൺവവ്വാലുകളും ഇണകളാക്കാൻ താൽപര്യപ്പെടുക. കടുത്ത മത്സരമാണ് ഈ വവ്വാലുകൾക്ക് ഇണയെ കണ്ടെത്തുകയെന്നുള്ളത്.
ഇണയുടെ ശ്രദ്ധയാകർഷിക്കാനായി പ്രത്യേക ശൈലിയാണ് ചുറ്റികത്തലയൻ വവ്വാലുകൾ നടപ്പാക്കുക. ഏകദേശം 150 ആൺവവ്വാലുകൾ എല്ലാ വർഷവും രണ്ട് തവണ മരത്തിൽ തലകീഴായിക്കിടന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചിറകടിക്കുകയും ചെയ്യും. പെൺവവ്വാലുകൾ ഇവർക്കരികിലേക്ക് പറന്നുചെന്ന് ഇഷ്ടമാകുന്ന ആൺവവ്വാലുകളെ ഇണകളായി തിരഞ്ഞെടുക്കും. പെൺവവ്വാലുകളുടെ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഏറ്റവും ഉയർന്ന ശബ്ദം പുറപ്പെടുവിക്കാനാകും ആൺവവ്വാലുകൾ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിനാൽ വികസിക്കപ്പെട്ട ശബ്ദനാളി ഇവയ്ക്കുണ്ട്. ഇവരുടെ ആന്തരികശരീരത്തിന്റെ പകുതിയോളം ഈ ശബ്ദനാളിയാണ്. ഇക്കാരണത്താൽ ഇത്തരം വവ്വാലുകളുടെ അവയവങ്ങളൊക്കെ സ്ഥിതി ചെയ്യുന്നത് അൽപം വ്യത്യസ്തമായാണ്. പ്രത്യേകരീതിയിലുള്ള തല ഇവയ്ക്കു വരാൻ കാരണവും ഇതുതന്നെ.
എന്നാൽ പെൺവവ്വാലുകൾക്ക് ഇണചേരാൻ ഇങ്ങനെ ശബ്ദമൊന്നും മുഴക്കേണ്ടതില്ലാത്തതിനാൽ ഇവയുടെ ശരീരത്തിൽ പരിണാമങ്ങൾ ഉണ്ടായില്ല. സാധാരണവവ്വാലുകളുടെ തലയുടെ ആകൃതിയാണ് ഈ വിഭാഗത്തിലെ പെണ്‍വവ്വാലുകൾക്കുള്ളത്.