ബാൾട്ടിക് കടലിലെ പച്ചനിറമുള്ള ചുരുളി; അകപ്പെടുന്ന ജീവികൾക്ക് അപായക്കെണി ഒരുക്കിയ പ്രതിഭാസം
Mail This Article
2018ൽ ബാൾട്ടിക് കടലിൽ സൂക്ഷ്മജീവികളുടെ ഒരു പെരുകൽ സംഭവിച്ചു. 25 കിലോമീറ്റർ പരമാവധി വ്യാസമുള്ള ഒരു ചുരുളിയുടെ രൂപത്തിലുള്ള ഈ ഘടന കമനീയമായിരുന്നു. ബഹിരാകാശത്തു നിന്നു നാസ എർത്ത് ഒബ്‌സർവേറ്ററി എടുത്ത ഇതിന്റെ ചിത്രങ്ങൾ കമനീയവുമാണ്. എന്നാൽ ഈ ചുരുളിക്ക് ഒരു ദുരൂഹ വശം കൂടിയുണ്ടായിരുന്നു. കടലിലെ ജീവികൾക്ക് ഒരു അപായക്കെണി കൂടിയാണ് ഇതുമൂലം ഉണ്ടായത്.
ബാൾട്ടിക് കടലിന്റെ ഭാഗമായ ഗൾഫ് ഓഫ് ഫിൻലൻഡിലായിരുന്നു ഈ ചുരുളി ഉടലെടുത്തത്. ഫിൻലൻഡ്, എസ്റ്റോണിയ, റഷ്യ എന്നീ രാജ്യങ്ങൾക്കിടയിലാണ് ഇതു സ്ഥിതി ചെയ്തത്. സ്യാനോബാക്ടീരിയ എന്നറിയപ്പെടുന്ന സമുദ്രബാക്ടീരിയകളായിരുന്നു ഈ ഘടനയ്ക്ക് പിന്നിൽ. സസ്യങ്ങളെപ്പോലെ പ്രകാശസംശ്ലേഷണത്തിനു കഴിവുള്ള ബാക്ടീരിയകളാണ് ഇവ. ഡയാറ്റം എന്നറിയപ്പെടുന്ന പ്ലാങ്ക്ടണുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇത്തരം പെരുകലുകൾ ബാൾട്ടിക് കടലിൽ സാധാരണമായി ഉണ്ടാകാറുണ്ട്. വേനൽക്കാലത്ത് സമുദ്രോപരിതലത്തിലേക്ക് ധാരാളം ലവണങ്ങളും പോഷണങ്ങളും എത്തുന്നതാണ് ഇതിനു കാരണം. എന്നാൽ ചുരുളിഘടനയിൽ ഇത്രത്തോളം പൂർണമായി ഇതുണ്ടായത് ആദ്യമായി ആയിരുന്നു. അടുത്തകാലത്തായി ഇത്തരം പെരുകലുകൾ കൂടിവരികയാണെന്നു വിദഗ്ധർ പറയുന്നു. കൃഷിയുടെ ഭാഗമായി ധാരാളം വളം സമുദ്രത്തിലെത്തുന്നതാണ് സമുദ്രത്തിലെത്തുന്നതാണ് കാരണം.
-
Also Read
കടലിനടിയിൽ 93 ദിവസം; 10 വയസ്സ് കുറഞ്ഞു!
കാണാൻ അപാരമായ ഭംഗിയുള്ളവയാണെങ്കിലും ഇതിനു മറ്റൊരു വശം കൂടിയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഈ ഘടനകളുണ്ടാകുമ്പോൾ തൊട്ടുതാഴെയുള്ള ജലത്തിലെ ഓക്‌സിജനെ അവ ഗണ്യമായി കുറയ്ക്കും. ഡെഡ് സോൺ എന്നാണ് ഈ ഘടന ഉൾപ്പെടുന്ന മേഖലയ്ക്ക് ശാസ്ത്രജ്ഞർ പറയുന്ന പേര്. 2018ൽ ഉണ്ടായ ഈ ഘടന കണക്കുകൂട്ടിയപ്പോൾ അമേരിക്കൻ സംസ്ഥാനമായ വെസ്റ്റ് വിർജീനിയയുടെ അത്ര വിസ്തീർണമുണ്ടെന്നു ഗവേഷകർ മനസ്സിലാക്കി. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടാകുന്ന ഉയർന്ന സമുദ്രോപരിതല താപനിലയും ഓക്‌സിജൻ അളവ് കുറയ്ക്കുന്നുണ്ട്.