ADVERTISEMENT

യുഎസ് എന്നു കേൾക്കുമ്പോൾ വ്യാവസായിക രാഷ്ട‌്രം എന്നാണു നമ്മുടെ ഉള്ളിൽ വരുന്ന ചിത്രമെങ്കിലും വലിയൊരു കാർഷികമേഖല അവിടെയുണ്ട്. ഇവിടത്തെ 15 സംസ്ഥാനങ്ങളിൽ വ്യാപകമായിരിക്കുന്ന പ്രത്യേകതരം മണ്ണിര പരിസ്ഥിതി ഗവേഷകരുടെ ശ്രദ്ധ നേടിയവയാണ്. ഏഷ്യൻ ജംപിങ് വേം അഥവാ ചാട്ടക്കാരൻ വിര എന്നറിയപ്പെടുന്ന ഇവ അധിനിവേശ സ്പീഷീസുകളുടെ ഒരു മികച്ച ഉദാഹരണമാണ്. 

മിനസോഡ, ഇലിനോയ്, വിസ്കോൻസെൻ, മിസോറി, നെബ്രാസ്ക, ഒഹായോ, ടെക്സസ്, ലൂസിയാന, ഇൻഡ്യാന, കെന്റക്കി, ടെന്നസി, ഓക്‌ലഹോമ തുടങ്ങിയിടങ്ങളിലാണ് ഇവ  കർഷകർക്കു തലവേദന സൃഷ്ടിക്കുന്നത്. അമിന്താസ്,  അലബാമ ജംപേഴ്സ് തുടങ്ങിയ പേരുകളിലും ഈ വിരകൾ അറിയപ്പെടാറുണ്ട്. ഈ ജീവികൾ കണ്ടാൽ യുഎസി‍ൽ സാധാരണ കാണപ്പെടുന്ന മണ്ണിരകളെപ്പോലെ തന്നെയിരിക്കും. എന്നാൽ വലുപ്പത്തിൽ ചെറുതാണ്. ബ്രൗൺ നിറമാണ് ഇവയ്ക്ക്.

ഇവ യുഎസിൽ സ്വാഭാവികമായി ഉണ്ടായിരുന്ന വിരകളല്ല. മറിച്ച് 19ാം നൂറ്റാണ്ടിൽ ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വന്നെത്തി മേഖലയിൽ അധീശത്വം സ്ഥാപിച്ചവയാണ്. ചെടികളും കളിമണ്ണുമൊക്കെ കയറ്റി വന്ന കപ്പലുകളിലാണ് ഇവയെത്തിയതെന്നാണു കരുതപ്പെടുന്നത്. കഴിഞ്ഞ പതിനഞ്ചുവർഷമായി ഇവയുടെ ശല്യം വർധിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഇത് അതീവരൂക്ഷവുമാണ്. കാലാവസ്ഥാ വ്യതിയാനും മൂലം പല സ്ഥലങ്ങളിലെയും താപനില വർധിച്ചതാണ് ഇതിനുള്ള കാരണായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സാധാരണ മണ്ണിരകൾ കർഷകരുടെ ചങ്ങാതിമാരെന്നാണ് അറിയപ്പെടുന്നതെങ്കിൽ ചാട്ടക്കാരൻ വിരകൾ ശത്രുക്കളാണ്. മണ്ണ് അകത്താക്കുന്ന ഇവ മണ്ണിലെ എല്ലാ പോഷകങ്ങളും വലിച്ചെടുത്ത ശേഷം പുറന്തള്ളും. യാതൊരു വളക്കൂറുമില്ലാത്ത മണ്ണാകും ഇപ്രകാരം പുറത്തു വരിക. ഇണചേരാതെ തന്നെ മുട്ടയിട്ട് കുട്ടികളെ ജനിപ്പിക്കാനുള്ള കഴിവുള്ള ഇവയുടെ പ്രജനനനിരക്ക് മറ്റു വിരകളേക്കാൾ അനേകം മടങ്ങ് അധികമാണ്. ഇവ മൂലം ജൈവമൂല്യമില്ലാതാകുന്ന ഭൂമിയിൽ വിളകൾ പൊടിക്കുകയില്ല. ഇത്തരത്തിൽ തദ്ദേശീയമായ കൃഷിക്കും സസ്യങ്ങൾക്കും നാശം വരുന്നത് ഇവയെ ആശ്രയിച്ച് ജീവിക്കുന്ന ജീവികൾക്കും പ്രതിസന്ധിയുണ്ടാക്കും. അവ മേഖല വിടാൻ ഇതു കാരണമാക്കും. അതോടൊപ്പം അനാവശ്യമായ കളകൾ വളരുകയും ചെയ്യും. വിര ആക്രമിച്ച ഒരു മേഖലയിൽ ഉണ്ടാകുന്ന ജൈവനാശങ്ങൾ പലതാണ്.

മൂന്നു വിഭാഗങ്ങളിൽ പെട്ട ചാട്ടക്കാരൻ വിരകളുണ്ട്. ഇവയ്ക്ക് അരയടിയോളം വലുപ്പം വയ്ക്കുമെന്നു പ്രദേശവാസികളായ ചില കർഷകർ പറയുന്നു. ആരെങ്കിലും പിടിക്കാൻ ശ്രമിച്ചാൽ വാൽ മുറിച്ചിട്ടു രക്ഷപ്പെടുന്ന രീതിയും ഇവയിൽ കണ്ടുവരുന്നുണ്ട്. ആളുകളുടെ ചില ശീലങ്ങൾ വഴിയും ഇവ പടരാനിടയാകുന്നുണ്ടെന്നു യുഎസ് അധികൃതർ പറയുന്നു. പലരും ഈ വിരകളെ മീൻപിടിക്കാനുള്ള ചൂണ്ടയിൽ കൊരുക്കാനായി വാങ്ങുന്നുണ്ട്. സാധാരണ ഇരയായിടുന്ന മണ്ണിരകളിൽ നിന്നു വ്യത്യസ്തമായി ഇവയിൽ ചലനങ്ങൾ കൂടുതലാണ്. ഇതു മൂലം പെട്ടെന്നു മീൻ ചൂണ്ടയി‍ൽ കടിക്കും.‌

വീട്ടാവശ്യത്തിനുള്ള കംപോസ്റ്റ് നിർമിക്കുന്ന പ്ലാന്റുകളിലേക്കും ഇവയ്ക്കു ഡിമാൻഡ് കൂടുതലാണ്. മണ്ണിരകളേക്കാൾ വേഗത്തിൽ ഇവ ജൈവാവശിഷ്ടങ്ങൾ സംസ്കരിക്കും എന്നതിനാലാണിത്. ഇത്തരത്തിലൊക്കെ പലയിടത്തും എത്തിയ ഇവ രക്ഷപ്പെട്ടതാണു പുതിയ വ്യാപനത്തിനു വഴിവച്ചത്. ഇവയെ എങ്ങനെ നശിപ്പിക്കാം എന്നുള്ളതു സംബന്ധിച്ച് ഗവേഷണങ്ങൾ യുഎസിൽ നടക്കുന്നുണ്ട്.

English Summary:

Unseen Invaders: How the Asian Jumping Worm is Disrupting US Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com