ADVERTISEMENT

ഇന്ന് ലോകപരിസ്ഥിതി ദിനം. ജീവിതത്തിലെ മനോഹരമായ പ്രകൃതി ഓർമകൾ പങ്കുവച്ച് കിരണ്‍ കണ്ണൻ.

വളരെ പണ്ടൊരിക്കൽ, ഞാൻ ഒരു കുഞ്ഞു കുട്ടിയായിരുന്നകാലത്ത് മഴനനഞ്ഞ മുറ്റത്ത് ഉമിക്കരിയോളം മാത്രം വലിപ്പമുള്ള നിലച്ചാടനെയും നോക്കി,  തലേന്ന് രാത്രി പൊഴിഞ്ഞ കണ്ണിമാങ്ങയും പെറുക്കി അലസമായി നടക്കുന്നതിനിടെയിലാണ് അമ്മ അടുക്കളയിൽ എന്തിനൊവേണ്ടി തിളപ്പിച്ച ഒരുകലം ചൂടുവെള്ളം മുറ്റത്തിന്റെ ഒരുമൂലയിലേക്ക് പരത്തി ഒഴിച്ചു കളഞ്ഞത്. "ചൂടുവെള്ളത്തിൽ ചവിട്ടല്ലേ" എന്ന താക്കീതോടെ അമ്മ അടുക്കളയിലേക്ക് കയറിപ്പോയി.

മഴരാത്രിയിയിൽ പൊഴിഞ്ഞ ഈയൽ ചിറകുകൾ കുനിയനുറുമ്പ് വരിവരിയായി മാവിൻ ചുവട്ടിലെ ഉറുമ്പുകൂനയിലേക്ക് കൊണ്ടുപോകുന്നു. അവരെ പിന്തുടർന്ന് നടക്കുമ്പോൾ പെട്ടെന്നാണ് ചൂടുവെള്ളം ഒഴിച്ചു കളഞ്ഞ ഭാഗത്ത് അനേകം കുഞ്ഞു മണ്ണിരകൾ മണ്ണിൽ നിന്ന് വലിഞ്ഞേന്തി പുറത്തുവന്ന് പിടഞ്ഞു ചാവുന്നത് കണ്ടത്. 

എത്രയെണ്ണമാണ് ! ഇത്രമേൽ ഞാഞ്ഞൂലുകൾ മുറ്റത്തെ മണ്ണിനടിയിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നതേയല്ല !

അത് പെരുമഴയുടെ ജൂൺ മാസമായിരുന്നു. പുഞ്ചപ്പാടത്തിനോട് ചേർന്നാണ് വീട്. വെള്ളപ്പൊക്കത്തിൽ മുറ്റം മുഴുവനും നാലഞ്ച് ദിവസങ്ങൾ വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയപ്പോഴാണ് മണ്ണിരകളുടെ കൂട്ടമരണങ്ങൾ ഞാൻ വീണ്ടും കണ്ടത്. ചത്ത് വിളറിയ അനേകം കുഞ്ഞുമണ്ണിരകളെ കാക്കയും കിളികളും കൊത്തിതിന്നുന്നു. ചെടികൾക്ക് പുതയിടാൻ മുറ്റമടിച്ച് ചവറ് കൂട്ടിയിട്ടുന്ന ഇടത്തുനിന്ന് ചൂല് കൂട്ടിപ്പിടിച്ച് അമ്മ ഒരുവാര ചപ്പ് വാരിക്കൊണ്ടിട്ടുന്നത് കണ്ടിട്ടുണ്ട്. 

എന്തോരം ജീവികളാണ് അതിനുള്ളിൽ മഞ്ഞയും കറുപ്പും നിറമുള്ള സുന്ദരിപ്പുഴു, ഇലകൾക്കടിയിലേക്ക് നാണിച്ച് ഓടിമറയുന്ന ഐസോപോഡുകൾ. അനക്കവും കണ്ടാൽ ചുരുണ്ടു കൂടുന്ന തേരട്ട വിളറി വെളുത്ത കുറെയേറെ കുഞ്ഞുങ്ങളെ ചുറ്റിപിടിച്ച് ഇലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന വലിയ പഴുതാര! വിരൽത്തുമ്പിന്റെ വലിപ്പം മാത്രമുള്ള തവളകൾ !

കുഞ്ഞുങ്ങളാണോ ? അതോ അവ ഇത്രയേ വളരൂ ? 

മാങ്ങ മൂക്കുമ്പോഴേക്കും പഴയീച്ചകൾ മാങ്ങയുടെ തൊണ്ട് തുരന്ന് മുട്ടകളിടും. പഴുത്ത് പൊഴിയുമ്പോൾ മുട്ടകൾ വിരിഞ്ഞ് മാമ്പഴം മുഴുവനും പുഴുക്കളായിരിക്കും. ചില മാങ്ങകൾ മുകളിൽ വച്ചുതന്നെ അണ്ണാറക്കണ്ണനും വവ്വാലും തത്തമ്മയുമെല്ലാം പാതി തിന്നിട്ടാണ് നിലത്തേക്ക് വീഴുക. അനാകർഷകമായ പെറുക്കാത്ത മാങ്ങകളുടെ അടിയിൽ അനേകം ജീവികൾ വരും. കൂടുതലും മണ്ണിനടിയിലെയും ചപ്പിലകളുടെയും കൂട്ടുകാർ. മീൻ നന്നാക്കിയാൽ വലിച്ചെറിയുന്ന മുള്ളും ചെതുമ്പലും എടുക്കാൻ പുളിയെറുമ്പുകൾ പട്ടാളമായാണ് വരിക ! മാവിലകൾ കൂട്ടിത്തുന്നിയ കൂടുകളാണ് അവർക്ക്.

മണ്ണിര ( Credit:stockcam / Istock)
മണ്ണിര ( Credit:stockcam / Istock)

മാവിൽ ഇതിക്കണിയിൽ വിലാസിനി എന്ന വർണ്ണഭംഗിയുള്ള ശലഭം മുട്ടയിടും. പറമ്പിലെ നാരകത്തിലും, കറിവേപ്പിലും കറുകമരത്തിലും മാവിലും തെച്ചിയിലും മന്താരത്തിലുമെല്ലാം ശലഭങ്ങൾ മുട്ടയിട്ടും. വീടിന്റെ മുകളിലേക്ക് വള്ളികെട്ടി പടർത്തിയ ശംഖുപുഷ്പത്തിന്റെ വള്ളികൾക്കിടയിലെ ഉറപ്പുള്ള ഒരിടത്ത് രണ്ട് ബുൾബുളുകൾ കോപ്പപോലെ ഒരു കൂട്ടുണ്ടാക്കി മുട്ടയിട്ട് വിരിയിച്ചു. അതിന്റെ കുഞ്ഞുങ്ങൾക്ക് പക്ഷികൾ എപ്പോഴും ശലഭപുഴുക്കളെയാണ് പിടിച്ചു കൊണ്ടുവന്ന് കൊടുക്കുക !

ചുമരിൽ വേട്ടാളൻ കൂട് വച്ചിട്ടുണ്ട്. കളിമണ്ണുകൊണ്ട് കുറെ അറകൾ ഒക്കെയുള്ള കൂട് !! ഓരോ മണിക്കൂറിലും ഓരോരോ പുഴുക്കളെയും പ്രാണികളെയുമെല്ലാം വിഷം കുത്തി മയക്കി പിടിച്ചുകൊണ്ടുവന്ന് കൂടിന്റെ ഓരോ അറകളിൽ നിറച്ച് ഭദ്രമായി അടച്ചു വക്കും. വെട്ടാളന്റെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തെത്തുമ്പോൾ തിന്നാണണത്രേ ! ചെമ്പകത്തിന്റെ ഇല വളച്ചു തുന്നി തുന്നതാരന്റെ കൂടുണ്ട്, പെട്ടെന്നൊന്നും കാണില്ല.

സ്ഥിരമായി തെച്ചിയിൽ നിന്ന് തേൻ കുടിക്കുന്ന സൂചീമുഖി പക്ഷിയുടെ കൂട് ബൾബില്ലാത്ത ലൈറ്റ് ഷേഡിന്റെ താഴേക്ക് തൂങ്ങി കിടക്കുന്നത് എളുപ്പം കാണാം . മാറാലയും, ഇലകളും, പഞ്ഞിയും തൂവലുകളുമെല്ലാം ചേർത്തുണ്ടാക്കിയ കൂടുകൾ, എല്ലാ വർഷവും അവർ ഒരേ ഇടതു തന്നെയാണ് കൂട്ടുണ്ടാക്കുന്നത്.  

ശലഭങ്ങളെയും പക്ഷികളെയും പൂച്ചെടികളെയും വലിയ ജീവികളെയുമെല്ലാം നമ്മൾ എളുപ്പം കാണും. മൊബൈലിൽ ഓർമ്മച്ചിത്രങ്ങളെടുക്കും. പറമ്പ് മുഴുവനും ഒച്ചവച്ചു നടക്കുന്ന പൂത്താങ്കീരി പക്ഷികളുടെ എണ്ണം കുറഞ്ഞാൽ നമ്മളൊക്കെ ശ്രദ്ധിക്കും. പക്ഷേ, നമ്മൾ ശ്രദ്ധിക്കാതെപോകുന്ന ഇടങ്ങളിലാണ് ജീവന്റെ മഹാസാമ്രാജ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത്. 

എങ്ങിനെയാണ് തൊടിയിലും കാട്ടിലുമല്ലാം പുല്ലും മരങ്ങളുംഇങ്ങനെ തഴച്ചു വളരുന്നത് ? അവർക്ക് എങ്ങിനെയാണ് വളം കിട്ടുന്നത് ? മണ്ണിനടിയിലും പൊഴിഞ്ഞ ഇലപ്പുതപ്പുകൾക്ക് താഴെയും ജീവന്റെ മഹാസാമ്രാജ്യമുണ്ട്.  ബാക്ടീരിയകളും, മണ്ണിരയും ഐസോപോഡുകളും, സ്പ്രിംഗ്ടൈലുകളും ഒച്ചുകളും തേരട്ടയും തേളും ചിതലും സ്ലഗ്ഗുകളും, ഉറുമ്പുകളുമെല്ലാം ചേർന്ന ജീവന്റെ മഹാ സാമ്രാജ്യം. അവരാണ് ജീവനൈരന്തര്യത്തിന്റെ കാവലാളുകൾ.

കാർഷിക ഭൂമികൾ കാണുമ്പോൾ നല്ല ഹരിതാഭയും ഗൃഹാതുരമായ ഉൾകുളിരുമൊക്കെ തോന്നുമെങ്കിലും മണ്ണിന്റെ ജീവൻ നശിപ്പിക്കുന്ന പ്രകൃതിയിലെ സ്വാഭാവികമായ ഭക്ഷ്യസൃങ്കലയെ ഇല്ലായ്‌മ ചെയ്യുന്ന, സ്പീഷീസുകളെ ഇല്ലായ്മ ചെയ്യുന്ന ഒരു മഹാപരാധം നിഴൽ കൂടി ആ കാർഷിക ദൃശ്യങ്ങൾക്ക് പുറകിലുണ്ട് എന്നോർക്കണം.     

ലോകമാകമാനം കൃഷിയെ കുറിച്ചുള്ള നവചിന്തകളിൽ മണ്ണിന്റെ ജീവനെ ഉൾച്ചേർന്നുള്ള ബദൽ മാതൃകകൾ പരിഗണിക്കുന്നുണ്ട്.  ആധുനിക സാങ്കേതങ്ങളിലൂടെ കൃഷിയിടങ്ങളുടെ വിസ്തൃതി കുറയ്ക്കുക, രാസവളങ്ങളും കീടനാശിനികളും മണ്ണിലേക്ക് ലയിക്കാതെ സൂക്ഷിച്ചുള്ള സാധ്യമായവ അടഞ്ഞ സിസ്റ്റങ്ങളിൽ കൃഷി ചെയ്യുക, കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്ന ഹൈബ്രിഡ് വിത്തിനങ്ങൾ ഉപയോഗിക്കുക , ബയോടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നിവയൊക്കെ നൂതനമായ ആശയങ്ങളാണ്.

പ്രിസിഷൻ ഫാമിങ്, ഹൈഡ്രോ ഫോണിക്‌സ്, വെർട്ടിക്കൽ ഫാമിങ്, ബയോട്ടനോളജി ഉപയോഗിച്ച് ജെനിതക വ്യതിയാനം വരുത്തിയ നടീൽ വസ്തുക്കൾ, റോബോട്ടിക്‌സ് എന്നിങ്ങനെ പയറ്റി തെളിഞ്ഞു വരുന്ന സാങ്കേതിക കൃഷിരീതികൾ വ്യാപകമാകുന്നതോടെ. ഭൂമിയിലെ കൃഷിയടങ്ങളുടെ വ്യാപ്തി കുറയും. തൊടിയും പറമ്പും കാടും തണ്ണീർത്തടങ്ങളും വെറുതേ കിടക്കും. ഋതുഭേദങ്ങൾക്കനുസരിച്ച് പ്രജനനത്തിനും ഭക്ഷണത്തിനും സുരക്ഷയ്കുമായി ദേശാടനം നടത്തുന്ന പക്ഷികൾക്ക് ഭൂമിയിൽ കുറെയേറെ സുരക്ഷിതമായ ഭക്ഷ്യസമൃദ്ധമായ ട്രാൻസിറ്റ് സ്റ്റോപ്പുകൾ ലഭിക്കും.

മണ്ണിന് പുതുജീവൻ വരും. ഞാഞ്ഞൂലുകളും ഐസോപോഡുകളും ചിതലും ഉറുമ്പുകളുമെല്ലാം തുരന്ന് ഇളക്കിമറിച്ചിട്ട മണ്ണിന്റെ ഊർവരമായ മൃദുലതകളിലൂടെ മരങ്ങളുടെ വേരുകൾ പടർന്ന് വളരും. പൊഴിയുന്ന ഇലകളെയും, ചത്ത്‌ വീഴുന്ന ജീവികളേയും തിന്ന് വളമാക്കാൻ ഒരുപാട് സൂഷ്മജീവികൾ മണ്ണിൽ കാത്തിരിക്കും മണ്ണ് വളമാകും. കൂടുതൽ മരങ്ങൾ വളരും.

ചെറുപ്പത്തിലെ കുറെ കുഞ്ഞോർമ്മകളില്ലേ? മണ്ണാത്തിപ്പുള്ള് മണ്ണിലേക്ക് നൂഴ്ന്നിറങ്ങുന്ന ഒരു വലിയ ഞാഞ്ഞൂലിനോട് വടംവലി നടത്തുന്നത്. കശുവണ്ടിയും വിത്തുകളുമെല്ലാം സമൃദ്ധമായി ഒളിച്ചു സൂക്ഷിക്കുന്ന അണ്ണാറക്കണ്ണന്റെ കൂടുകൾ. തന്നെക്കാളും വലിയ കുയിൽ കുഞ്ഞിന് ശലഭ ലാർവയെ പിടിച്ചു കൊടുക്കുന്ന പൂത്താങ്കീരികിളികൾ. കൈതക്കാട്ടിലൂടെ ഓടിപോവുന്ന കുളക്കോഴികൾ,  കീരി,  പുഞ്ചവരമ്പിൽ വെയില് കായുന്ന നീർന്നായ , തലപോയ തെങ്ങിലെ തത്തമ്മ കൂട്, കുയിൽപാട്ട്, ജൈവഭൂമിയുടെ ചൈതന്യമുള്ള കാഴ്ചകൾ. 

"In the end, we will conserve only what we love, we will love only what we understand, and we will understand only what we are taught." സെനഗലിൽലെ ഫോറസ്റ്ററി എൻജിനീയറായ ബാബ ഡിയോം 1968ൽ ഡൽഹിയിൽ ഐയുസിഎൻ  സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ പറഞ്ഞ വിഖ്യാതമായ വാചകമാണിത്.

പരിസ്ഥിതി ദിനങ്ങൾ ആഘോഷിക്കണം. കുഞ്ഞുകൈകളാൽ വിത്ത് പാകണം,  മരം നടണം, കിളിനിരീക്ഷണം നടത്തണം, ശലഭപ്പുഴുക്കളെ വളർത്തി വിരിയിക്കണം,  പ്രകൃതിയെ കുറിച്ച് പഠിപ്പിക്കണം. പഠിച്ചാൽ സ്നേഹിക്കും. സ്നേഹിച്ചാൽ സംരക്ഷിക്കും.

English Summary:

A Rainy Childhood Memory: Discovering a Hidden World Beneath the Flooded Yard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com