കടന്നുപോകുന്നത് കാലാവസ്ഥാ പ്രതിസന്ധിയുടെ നാളുകൾ; ഭൂമി പഴയ ഭൂമിയല്ല !
Mail This Article
ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവല്‍ക്കരണവും (Desertification), വരള്‍ച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനാചരണവിഷയം. നമ്മുടെ ഭൂമി, നമ്മുടെ ഭാവി (Our Land, Our Future) എന്ന മുദ്രാവാക്യവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിട്ടുണ്ട്. ആഗോളതാപനവും (Global Warming) അവയെ തുടര്‍ന്നുള്ള കാലാവസ്ഥ മാറ്റവും (Climate change) മുന്നിലെ യാഥാർഥ്യങ്ങളാണ്. സാധാരണയുള്ള കാലാവസ്ഥ വ്യത്യാസം (Climate variability) എന്ന നിലയില്‍ നിന്നും മനുഷ്യപ്രേരിത ഘടകങ്ങള്‍കൂടിയായപ്പോള്‍ (Anthropogenic Factors) കാലാവസ്ഥ മാറ്റത്തിലേക്ക് ഭൂമി മാറികഴിഞ്ഞു. ഇന്നിപ്പോള്‍ കാലാവസ്ഥ പ്രതിസന്ധിയുടെ നാളുകളാണ് കടന്നുപോകുന്നത്. കൃത്യവും സമഗ്രവും ശാസ്ത്രീയവുമായ കാലാവസ്ഥ പ്രവര്‍ത്തികളുടെ (Climatic Action) മുന്നിലുള്ളത്.
കാലാവസ്ഥ ദുരന്തങ്ങള്‍ ലോകമാകെ ബാധിക്കുകയാണ്. ഫോസില്‍ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗം അന്തരീക്ഷത്തിലെ കാര്‍ബണിന്‍റെ അളവ് ക്രമാതീതമായി വർധിപ്പിച്ചു. 2050 കളോടുകൂടി പെട്രോളിയം ഉൽപന്നങ്ങളുടെ കാര്യത്തില്‍ വലിയ കുറവ് ഉണ്ടാകുന്നതാണ്. ബദല്‍ വാഹന ഇന്ധന ഊർജസ്രോതസുകള്‍ വ്യാപകമായി വികസിപ്പിച്ചിട്ടുമില്ല. മാത്രമല്ല ഉപയോഗിച്ച ഫോസിലുകളുടെ ബാക്കി പത്രം അന്തരീക്ഷത്തില്‍ കാണുകയും ചെയ്യും. ശരാശരി 100 വര്‍ഷമെങ്കിലുമെടുക്കും കാര്‍ബണ്‍ വാതകങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ എന്നത് മറ്റൊരു പ്രതിസന്ധിയായി മുന്നിലുണ്ട്.
വർധിച്ച ജനസംഖ്യയും വികസനാവശ്യങ്ങളും ഒരു വശത്ത്. മറുവശത്ത് ഭൂമിക്ക് ചൂട് കൂടുന്നു. കടലും കരയും വേഗത്തില്‍ ചൂടാവുന്നു. വനം, തണ്ണീര്‍തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, വയലുകള്‍, കാവുകള്‍, തുടങ്ങിയ പ്രകൃതിദത്തസാഹചര്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാവുകയാണ്. സിമന്‍റ്, പെയിന്‍റ് എന്നിവയുടെ ഉപയോഗം കൊണ്ടും താപനില ഉയരുകയാണ്. മഞ്ഞുമലകള്‍ ഉരുകുന്നതും കടല്‍ നിരപ്പുയരുന്നതും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കാനിരിക്കുന്നത്. ശക്തമായ മഴമൂലം വെള്ളപ്പൊക്കവും പ്രളയവുമൊരുവശത്ത്. അതോടൊപ്പം മഴമാറിയാല്‍ മരുവല്‍ക്കരണം (Desertification) നടക്കാന്‍ സാധ്യതയേറെയാണ്. മഴയ്ക്ക് ശക്തികൂടിയാല്‍ മണ്ണില്‍ മഴവെള്ളം കരുതുന്നതിന് പരിമിതിയുണ്ട്. മേല്‍മണ്ണ് ധാരാളമായി നഷ്ടമാവുകയും ഉപരിതലനീരൊഴുക്ക് വർധിക്കുകയും ചെയ്യും. ഭൂഗര്‍ഭത്തിലും മണ്ണിലും വെള്ളം കരുതുന്നതിന്‍റെ അളവ് കുറഞ്ഞു വരികയാണ്. മണ്ണിന്‍റെ ജൈവാശം ഇല്ലാതാകുകയും മരുവല്‍ക്കരണ സാധ്യത കൂട്ടുകയും ചെയ്യുന്നതാണ്.
ക്രമരഹിതമായി മഴയും ചൂടുമായാല്‍ സസ്യ ജന്തുജാലങ്ങള്‍ക്ക് പ്രതിരോധശേഷി കുറയും. ജൈവവൈവിധ്യത്തിന്‍റെ നാശത്തിലേക്കായിരിക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കുക. 2018 ലെ പ്രളയത്തിനുശേഷം കേരളത്തിലെ പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ പ്രത്യുല്‍പാദനശേഷിയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാലങ്ങളായി പാലിന്‍റെ അളവും കുറയുന്നുണ്ട്. വൃക്ഷങ്ങളും ചെടികളും പൂക്കുന്നകാലത്തിനു സമയത്തിനും വലിയ മാറ്റമുണ്ടാകുന്നു. എന്തായാലും കാര്യങ്ങള്‍ അത്ര പന്തിയല്ല.
1972 ലെ സ്റ്റോക്ക് ഹോം സമ്മേളനം മുതല്‍ സുസ്ഥിരവികസന കാഴ്ചപ്പാട് മുന്നിലുണ്ട്. മാത്രമല്ല പാരീസ് സമ്മേളനം ഉള്‍പ്പെടെ വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. കാര്‍ബണ്‍ വാതകങ്ങളുടെ വ്യാപനം കുറക്കുവാനും ബദല്‍ ഊജവികസന സ്രോതസുകള്‍ കണ്ടെത്തുവാനും ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില ഇനിയും വർധിപ്പിക്കരുത് എന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ തത്വത്തില്‍ എത്തുന്നത് ശുഭസൂചനയാണ്. കോണ്‍ഫറന്‍സ് ഓഫ് പാര്‍ടീസ് തുടര്‍ച്ചയായ സമ്മേളനങ്ങള്‍ പ്രതിസന്ധിയുടെ ആഴം മനസിലാക്കിയിട്ടുണ്ട്. എന്തായാലും ഭൂമിയെ വീണ്ടെടുത്തേ കഴിയൂ. അതിനുള്ള ശ്രമങ്ങളാണ് ഇനി നടക്കേണ്ടത്.