ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരം! ഇതിന്റെ അയൽമരം 222 കിലോമീറ്റർ അകലെ
Mail This Article
നമ്മുടെ നാട് വൃക്ഷങ്ങളാൽ സമ്പന്നമാണ്. എവിടെ നോക്കിയാലും മരങ്ങൾ. എന്നാൽ ലോകത്തിൽ ഏറ്റവും ഒറ്റപ്പെട്ട മരം എവിടെയാണെന്നറിയുമോ? ആ മരം സ്ഥിതി ചെയ്യുന്നത് ന്യൂസീലൻഡിന്‌റെ നിയന്ത്രണത്തിലുള്ള കാംബെൽ ദ്വീപിലാണ്. ഈ മരത്തിന് ചുറ്റുമൊന്നും മറ്റ് മരങ്ങളേയില്ല. ഈ മരത്തിന്റെ അടുത്ത അയൽമരം 222 കിലോമീറ്റർ അകലെ ന്യൂസീലൻഡിലെ ഓക്‌ലൻഡ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്.
സിറ്റ്ക സ്പ്രൂസ് എന്നയിനത്തിൽപെട്ടതാണ് ഈ മരം. പിഷ്യ സിച്ചെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. റാൻഫർളി മരമെന്നാണ് ഈ മരം തദ്ദേശീയമായി അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂസീലൻഡിന്റെ ഗവർണർ ആയിരുന്ന റാൻഫർളി പ്രഭുവാണ് ഈ മരം നട്ടത്. അങ്ങനെയാണ് ഈ പേര് ലഭിച്ചത്.
തെക്കൻ സമുദ്രത്തിലെ കാർബൺ ബഹിർഗമനത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകാനാകുമെന്നതിനാൽ ഈ മരം പരിസ്ഥിതി ശാസ്ത്രജ്ഞർക്കും വലിയ താൽപര്യമുള്ള കാര്യമാണ്. ലോകത്തെ കാർബൺ ബഹിർഗമനത്തിന്റെ 10 ശതമാനം തെക്കൻ സമുദ്രം ആഗിരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിനുള്ള സൂചകമായി ഈ മരം സ്ഥിതി ചെയ്യുന്നു.
ഈ മരത്തിനു മുൻപ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട മരം ടെനറിയിലെ മരം ആയിരുന്നു. ട്രീ ഓഫ് ടെനറി എന്ന് ഇത് അറിയപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ നൈജറിൽ സ്ഥിതി ചെയ്യുന്ന സഹാറ മരുഭൂമിയുടെ ഭാഗത്താണ് ഇതു സ്ഥിതി ചെയ്തത്. സഞ്ചാരികൾ ഈ മരത്തെ ഒരു വഴികാട്ടിയായും ലാൻഡ്മാർക്കായുമൊക്കെ ഉപയോഗിച്ചിരുന്നു. മേഖലയുടെ ഭൂപടത്തിലൊക്കെ ഈ മരം സ്ഥിതി ചെയ്യുന്ന മേഖല അടയാളപ്പെടുത്തിയിരുന്നു.
1973ൽ മദ്യപിച്ച് വണ്ടിയോടിച്ച ഒരു ട്രക്ക് ഡ്രൈവർ ഈ മരത്തെ ഇടിച്ചുനശിപ്പിച്ചു. പിന്നീട് ഈ മരത്തിന്റെ അവശേഷിപ്പുകൾ നൈജർ ദേശീയ മ്യൂസിയത്തിലേക്ക് മാറ്റി. ഇന്നും ഇത് മ്യൂസിയത്തിലുണ്ട്