മഴയുടെ നിയന്ത്രണം കൈപിടിയിൽ, കാലാവസ്ഥയുടെ അച്ചുതണ്ട്; ഭൂമിക്കു നല്ല വായു നൽകുന്നവർ
Mail This Article
ഭൂമിയിലെമ്പാടും വ്യാപിച്ചു കിടക്കുന്ന ഉപ്പുരുചിയുള്ള ജലഭാഗമാണു സമുദ്രം. ഇതിലാണു വൻകരകൾ സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ, വൻകരകൾ സമുദ്രത്തെ വേർതിരിക്കുന്നതു വച്ചു നോക്കുമ്പോൾ 5 മഹാസമുദ്രങ്ങളാണുള്ളത് – പസിഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക് എന്നിവയാണവ. ഇത്തരം സമുദ്രങ്ങളുടെ താരതമ്യേന ചെറിയ ഭാഗങ്ങളാണ് കടലുകൾ. ഭൗമ ഉപരിതലത്തിലെ 71 ശതമാനവും സമുദ്രങ്ങളും കടലുകളുമാണ്.
∙ ഭൂമിയിലെ 94% ജൈവവൈവിധ്യവും കടലുകളിലും സമുദ്രങ്ങളിലുമാണ്. പക്ഷേ, ഇപ്പോൾ മലിനീകരണം അവയെ ഇല്ലാതാക്കിത്തുടങ്ങിയതോടെ ഭൂമിയുടെ സന്തുലനാവസ്ഥ തെറ്റിത്തുടങ്ങിയിരിക്കുന്നു.
∙ നിങ്ങൾ ശ്വസിക്കുന്ന ഓക്സിജന്റെ പകുതിയിലേറെയും സമ്മാനിക്കുന്നത് സമുദ്രങ്ങളിലെയും കടലുകളിലെയും കുഞ്ഞൻ ചെടികളാണ്. കാർബൺ ഡൈ ഓക്സൈഡിനെ കൂടുതൽ വലിച്ചെടുത്തു ഭൂമിക്കു നല്ല വായു ഏകുന്നതും കടൽ തന്നെ.
∙ മഴയുൾപ്പെടെയുള്ളവയെ നിയന്ത്രിക്കുന്നതും കാലാവസ്ഥയുടെ അച്ചുതണ്ടായി പ്രവർത്തിക്കുന്നതും സമുദ്രങ്ങളും കടലുകളുമാണ്. മലിനീകരണവും പരിസ്ഥിതി വിരുദ്ധപ്രവർത്തനങ്ങളും ഏറുകയും ചൂട് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ കാലാവസ്ഥയിലെ അടുക്കും ചിട്ടയും തെറ്റിപ്പോയിരിക്കുന്നു.
∙ വർഷം തോറും 80 ലക്ഷം ടൺ പ്ലാസ്റ്റിക് ആണു കടലിൽ എത്തുന്നത്.
∙ കടലിൽ തള്ളുന്ന ഇ–മാലിന്യം ഉൾപ്പെടെയുള്ളവ വേറെ. അരുവികളും തോടുകളും പുഴകളും ഇല്ലാതാകുകയും ശേഷിക്കുന്നവ മുഴുവൻ മാലിന്യവാഹികളാകുകയും ചെയ്തതിനാൽ ഇവ എത്തിച്ചേരുന്ന കടലിന്റെ സ്ഥിതി പറയേണ്ടല്ലോ.
∙ ലോകമെമ്പാടുമുള്ള എണ്ണക്കപ്പൽ സഞ്ചാരത്തെ തുടർന്ന് കടലിൽ എണ്ണയുടെ അംശം കൂടുന്നു. ചില എണ്ണക്കപ്പലുകൾ അപകടത്തിൽപെടുമ്പോൾ ടൺ കണക്കിന് എണ്ണ ഒഴുകിപ്പരന്ന് കടലിനെ നശിപ്പിക്കുന്നു.
∙ മാലിന്യങ്ങളിലെ 70% കടൽത്തട്ടിൽ അടിഞ്ഞുകൂടി ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നു. 15% പൊങ്ങിപ്പരന്നു കിടക്കുന്നു. ബാക്കി 15% ആകട്ടെ തിരികെ കരയിലേക്ക് അടിച്ചു കയറുന്നു.
∙ മത്സ്യസമ്പത്ത് അപ്പാടെ കുറയ്ക്കുന്ന രീതിയിലുള്ള അശാസ്ത്രീയ മത്സ്യബന്ധനം സൃഷ്ടിക്കുന്ന നാശം ഭക്ഷ്യശൃംഖലയെ തന്നെ ബാധിക്കും. കടലിലെ ആവാസവ്യവസ്ഥയിലേക്കു മാലിന്യങ്ങൾ കലരുകയും ഇത് ഭക്ഷ്യശൃംഖലയുടെ ഭാഗമാകുകയും ചെയ്യുന്നത് കാൻസർ പോലെയുള്ള ഗുരുതര രോഗങ്ങൾക്കു കാരണമാകുന്ന ഘടകങ്ങളെ ഭക്ഷണത്തിലൂടെ മനുഷ്യരിലെത്തിക്കും.