പുള്ളിപ്പുലിക്ക് തടി കൂടുതൽ! പ്രത്യേക ഡയറ്റ് ഏർപ്പെടുത്തി, പ്ലാൻ പൊളിഞ്ഞു
Mail This Article
മാസങ്ങൾക്ക് മുൻപ് ചൈനയിലെ സിചുവാനിലുള്ള പൻസിഹുവ മൃഗശാലയിൽ വസിക്കുന്ന ഒരു പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തടിച്ചുകൊഴുത്ത ശരീരവുമായി കൂട്ടിൽ നിൽക്കുന്ന പുള്ളിപ്പുലി! ചിത്രത്തിനുപിന്നാലെ മൃഗശാല അധികൃതർ വിമർശനങ്ങൾക്കു വിധേയരായി. ഇതിനുപിന്നാലെ ഇവർ പുള്ളിപ്പുലിക്ക് പ്രത്യേക ഡയറ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ രണ്ട് മാസംകൊണ്ട് പ്ലാൻ പാളിപ്പോയിരിക്കുകയാണ്.
മാർച്ചിലാണ് 16 വയസ്സുള്ള പുള്ളിപ്പുലിയുടെ ഡയറ്റ് ആരംഭിച്ചത്. കൊടുക്കുന്ന മാംസത്തിന്റെയും ഭക്ഷണത്തിന്റെയും അളവ് കാര്യമായി കുറയ്ക്കുകയായിരുന്നു. എന്നാൽ ഈ പ്രായത്തിലുള്ള പുള്ളിപ്പുലിയെ മനുഷ്യനോട് താരതമ്യപ്പെടുത്തുകയാണെങ്കിൽ 70–80 വയസ്സുള്ളയാളുടെ അത്രയും വരും. വാർധക്യത്തിൽ എത്തിനിൽക്കുന്ന പുള്ളിപ്പുലിക്ക് ഡയറ്റ് ഏർപ്പെടുത്തുന്നത് ശരിയല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കൂടാതെ രണ്ട് മാസം ഡയറ്റ് ചെയ്തിട്ടും പുലിയുടെ ശരീരഭാരത്തിൽ കാര്യമായ മാറ്റമൊന്നും കാണാനായില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെയാണ് മൃഗശാല ഡയറ്റ് പ്ലാൻ ഉപേക്ഷിച്ചത്.
‘പുള്ളിപ്പുലിയുടെ തടി കുറയ്ക്കാനായി നിരവധി വിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. എന്നാൽ എല്ലാവരും അതിന് പ്രായമായെന്നും വാർധക്യകാലം ആസ്വദിക്കട്ടെയെന്നുമാണ് പറഞ്ഞത്.’– മൃഗശാല പ്രതിനിധി ലിയു മോജുൻ പറഞ്ഞു.
ദിവസവും ഒന്നരക്കിലോയോളം ബീഫാണ് പുള്ളിപ്പുലിക്ക് നൽകുന്നത്. ചില സമയങ്ങളിൽ ബീഫിനുപകരം മുയലിറച്ചിയും കോഴിയിറച്ചിയും നൽകാറുണ്ട്. എന്നും പുള്ളിപ്പുലിയുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. ദീർഘകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയെന്നതാണ് പ്രധാനമെന്നും ലിയു വ്യക്തമാക്കി.