ADVERTISEMENT

തിമിംഗല വേട്ട മനുഷ്യരുടെ സമീപകാലചരിത്രത്തിലെ വളരെ സജീവമായ ഒരേടായിരുന്നു. മനുഷ്യപ്രവർത്തനങ്ങൾ മൂലം നീലത്തിമിംഗലങ്ങൾ ഉൾപ്പെടെ പല തിമിംഗല വംശങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടു. 1986ൽ രാജ്യാന്തര വേലിങ് കമ്മിഷൻ വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗല വേട്ട നിരോധിച്ചു. എന്നാൽ ജപ്പാൻ, നോർവേ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ ഇതിനെതിരായിരുന്നു. തങ്ങളുടെ രാജ്യങ്ങളുടെ സംസ്‌കാരവും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് തിമിംഗലവേട്ടയെന്നതായിരുന്നു ഇവരുടെ പ്രധാന വാദം.

ഇപ്പോഴിതാ നീലത്തിമിംഗലങ്ങളെ വേട്ടയാടാനായി ഒരു അത്യാധുനിക കപ്പൽ ജപ്പാനിൽ പുറത്തിറക്കിയിരിക്കുകയാണ്. ഹിദേകി ടൊകോറോ എന്ന സംരംഭകന്റെ കീഴിലുള്ള ക്യോഡോ സെൻപാകു എന്ന കമ്പനിയാണ് കാംഗെ മാരു എന്ന പുതിയ തിമിംഗലവേട്ടക്കപ്പൽ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇതു നീറ്റിലിറങ്ങി. രാജ്യത്തിന്‌റെ വടക്കൻ മേഖലയിലുള്ള സമുദ്രത്തിലാകും കാംഗെ മാരു 8 മാസം നീളുന്ന വേട്ട നടത്തുക.

(Photo: X/@HanakoMontgome1)
(Photo: X/@HanakoMontgome1)

48 ദശലക്ഷം ഡോളറാണ് കാംഗെമാരുവിന് വേണ്ടി വന്ന ചെലവ്. 370 അടി നീളവും 9300 ടൺ ഭാരവുമുള്ള കപ്പലാണ് ഇത്. നേരത്തെ ജപ്പാനിൽ നിന്ന് നിഷിൻ മാരു എന്നൊരു തിമിംഗലവേട്ടക്കപ്പൽ സമുദ്രത്തിൽ ഇറങ്ങിയിരുന്നു. ഒഴുകുന്ന അറവുശാല എന്നാണ് പരിസ്ഥിതി പ്രവർത്തകർ ഈ കപ്പലിനെ വിമർശനാത്കമായി വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 3 പതിറ്റാണ്ടു നീണ്ട വേട്ടദൗത്യങ്ങൾക്കൊടുവിൽ ഈ കപ്പൽ 2020ൽ ഡീകമ്മിഷൻ ചെയ്യപ്പെട്ടു. ഇതിനിടയിൽ പലതവണ പരിസ്ഥിതി പ്രവർത്തകർ ഈ കപ്പലിന് നേർക്ക് കടൽസമരങ്ങൾ നടത്തിയിരുന്നു.

തുടർച്ചയായി 60 ദിവസം യാത്ര ചെയ്യാൻ കഴിവുള്ള കാംഗെമാരു നിഷിൻ മാരുവിനെക്കാൾ കരുത്തുറ്റതാണ്. 13000 കിലോമീറ്ററാണ് ഇതിന്‌റെ റേഞ്ച്. തിമിംഗലങ്ങളെ 100 കിലോമീറ്റർ ചുറ്റളവിൽ കണ്ടെത്താൻ വഴിയൊരുക്കുന്ന അത്യാധുനിക ഡ്രോണുകളും ഇതിലുണ്ട്.

85 അടിവരെ നീളമുള്ള തിമിംഗലങ്ങളെ പിടികൂടാൻ കാംഗെമാരുവിൽ സൗകര്യമുണ്ട്. നീലത്തിമിംഗലങ്ങൾ സമുദ്രത്തിലെ ഏറ്റവും ഉയർന്ന വേട്ടക്കാരും തീറ്റക്കാരുമാണെന്നതാണ് തങ്ങളുടെ തിമിംഗലവേട്ടയ്ക്ക് കാരണമായി ടൊകോറോ പറയുന്നത്. വൻതോതിൽ നീലത്തിമിംഗലങ്ങൾ മീനുകളെയും മറ്റു സമുദ്രജീവികളെയും തിന്നൊടുക്കുന്നത് മനുഷ്യന് ഭക്ഷണദൗർലഭ്യം സൃഷ്ടിക്കും. നീലത്തിമിംഗലത്തെ വേട്ടയാടുന്നത് സന്തുലനത്തിനു കൂടിയാണെന്നാണ് ടൊകോറോയുടെ ന്യായം.

(Photo: X/@Seasaver)
(Photo: X/@Seasaver)

എന്നാൽ ഈ പരാമർശങ്ങൾക്കെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ ജീവി എന്നതിനപ്പുരം സമുദ്രത്തിലെ ധാതുക്കളും പോഷകങ്ങളും ചംക്രമണം നടത്തുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്ന ജീവികൂടിയാണ് നീലത്തിമിംഗലമെന്ന് അവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com