ADVERTISEMENT

ഏറൽ (Aral sea) കടലിന്റെ ചരിത്രം സഹസ്രാബ്ദങ്ങൾ നീണ്ടതാണ്. അനേകം സംസ്‌കാരങ്ങളെയും യോദ്ധാക്കളെയുമൊക്കെ കണ്ടു ഈ തടാകം. അലക്‌സാണ്ടർ ചക്രവർത്തിയെപ്പോലുള്ളവർ ഈ തടാകത്തിന്റെ വ്യാപ്തി കണ്ട് അമ്പരന്ന് നിന്നതായി ചരിത്രകാരൻമാർ പറഞ്ഞിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനും കസഖ്സ്ഥാനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഏറൽ കടൽ ഇന്ന് പഴയതിന്റെ 10 ശതമാനം പോലുമില്ല. ഇതു നിന്ന സ്ഥലത്ത് ഇന്നൊരു ഉപ്പുമരുഭൂമിയാണ് ഉള്ളത്. അവിടെയവിടെ കെട്ടിക്കിടക്കുന്ന രീതിയിൽ വെള്ളവുമുണ്ട്.

ഒരുകാലത്ത് മേഖലയിലെ വ്യാപാര, മത്സ്യബന്ധന മേഖലകളിൽ ഏറൽ കടൽ വലിയ സ്വാധീനം പുലർത്തിയിരുന്നു. എന്നാൽ ഇന്ന് ഇതു വറ്റിപ്പോയതോടെ അതിന്റെ പ്രാധാന്യം നഷ്ടമായി. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളുമൊക്കെ ബാക്കിയായ ഉപ്പുമരുഭൂമിയിൽ ഉറച്ചുകിടക്കുന്നതും കാണാം. ലോകത്ത് മറ്റെങ്ങും കാണാത്ത ഒരു തദ്ദേശീയ ജൈവവൈവിധ്യത്തിനെക്കൂടിയാണ് ഈ ദുരന്തം ബാധിച്ചത്.

(Photo: X/@IAm_Tested_Okay)
(Photo: X/@IAm_Tested_Okay)

1960ലാണ് ഏറൽ കടലിന്റെ വിധി തിരുത്തിക്കുറിച്ച സംഭവം നടന്നത്. അന്ന് സോവിയറ്റ് യൂണിയന്റെ അധീനതയിലായിരുന്നു ഈ മേഖല. കോട്ടൺ കൃഷിയെ വികസിപ്പിക്കാനായി സോവിയറ്റ് അധികൃതർ അമു ദാറ്യ, സിർ ദാര്യ എന്നീ നദികൾ വഴിതിരിച്ചുവിട്ടു. ഏറൽ കടലിന്‌റെ ജീവനാഡികളായിരുന്നു ഈ നദികൾ. ഇതോടെ ഈ കടൽ വറ്റിവരളാൻ തുടങ്ങി.

ഇന്ന് ഈ മരുഭൂമിയിൽ കിടക്കുന്ന കപ്പലുകൾ തുരുമ്പെടുത്ത് ഏതോ ഹൊറർ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയാണ് കിടക്കുന്നത്. തടാകം വറ്റിവരണ്ട ശേഷം മേഖലയിൽ പൊടിക്കാറ്റുകളും ധാരാളമുണ്ട്. ഒരിക്കൽ ഇവിടം സന്ദർശിച്ച യുഎൻ മുൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ഭൂമിയിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നെന്നാണ് ഏറൽ കടലിനെ വിശേഷിപ്പിച്ചത്.

വറ്റിപ്പോയ ഏറൽ (Aral sea) കടൽ ( @worldgeographic,@UPSC_MAP)
വറ്റിപ്പോയ ഏറൽ (Aral sea) കടൽ ( @worldgeographic,@UPSC_MAP)

ഈ കടൽ ഒരോർമപ്പെടുത്തലാണ്, പരിസ്ഥിതിക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ നൽകുമെന്ന വലിയ പാഠം.

English Summary:

How the Mighty Aral Sea Turned into a Ghostly Salt Desert: A Tale of Environmental Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com