നായ്ക്കുട്ടിക്കു രക്തം തേടി രത്തൻ ടാറ്റ; ആറര ലക്ഷത്തിലേറെ ലൈക്ക്, പിന്നാലെ സഹായവും
Mail This Article
മുംബൈയിൽ രോഗാവസ്ഥയിലുള്ള നായ്ക്കുട്ടിക്കു രക്തം തേടി ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ടാറ്റ ട്രസ്റ്റിനു കീഴിലുള്ള മൃഗാശുപത്രിയിൽ 7 മാസം പ്രായമുള്ള നായ്ക്കുട്ടി അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും നായ്ക്കളുടെ രക്തം ആവശ്യമുണ്ടെന്നുമായിരുന്നു കുറിപ്പ്. നായ്ക്കുട്ടിയുടെ ചിത്രം സഹിതമാണ് മൃഗസ്നേഹിയായ രത്തൻ ടാറ്റയുടെ പോസ്റ്റ്. ജൂൺ 27ന് പബ്ലിഷ് ചെയ്ത പോസ്റ്റിന് ആറര ലക്ഷത്തിലേറെ ലൈക്ക് കിട്ടിയിരുന്നു. പിന്നാലെ തന്നെ രക്തദാതാക്കളും എത്തി.
കാസ്പർ, ലിയോ സ്കൂബി, റോണി, ഇവാൻ എന്നീ നായകളാണ് രക്തം നൽകാൻ എത്തിയത്. ഇവർക്ക് നന്ദിയറിയിച്ച് രത്തൻ ടാറ്റ മറ്റൊരു പോസ്റ്റും കൂടി ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു. ഈ നായകളുടെയും ഉടമയുടെയും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
രക്തം ദാനം ചെയ്യാൻ കൊണ്ടുവരുന്ന നായ്ക്കൾക്കു വേണ്ട ‘യോഗ്യത’ സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ രത്തൻടാറ്റ നൽകിയിരുന്നു. 1–8 പ്രായപരിധിയിലുള്ള, പ്രതിരോധ കുത്തിവയ്പുകളെടുത്ത, 25 കിലോ ഭാരമുള്ള നായ്ക്കളുടെ രക്തമാണ് വേണ്ടത്. ഗുരുതര രോഗങ്ങളൊന്നും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.