സീലുകളെ ആക്രമിച്ച് പരുക്കേൽപിക്കുന്ന മാക്കോ! ഏറ്റവും ബുദ്ധിയുള്ള സ്രാവിനങ്ങളിൽ ഒന്ന്
Mail This Article
2013ൽ കലിഫോർണിയ തീരത്തിനടുത്ത് നിന്ന് ശാസ്ത്രജ്ഞർ ഒരു പ്രത്യേകയിനം സ്രാവിനെ കണ്ടെത്തി. 11 അടി നീളവും 590 കിലോഗ്രാം ഭാരവുമുള്ള ഒരു വമ്പൻ സ്രാവ്. ബീസ്റ്റ് എന്നാണ് ഈ സ്രാവിന് ശാസ്ത്രജ്ഞർ നൽകിയ പേര്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലുപ്പമുള്ള ഷോർട്ഫിൻ മാക്കോ ഇനത്തിൽപെട്ട സ്രാവായിരുന്നു ഇത്.
മാക്കോ ഇനത്തിൽപെട്ട സ്രാവുകളെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം ശരാശരി 7 അടി വരെ നീളമുള്ളതായിരുന്നു. എന്നാൽ മാക്കോ സ്രാവുകൾക്ക് ചിലപ്പോൾ വലിയ നീളവും ശരീരവലുപ്പവും വയ്ക്കാമെന്നുള്ളത് ശാസ്ത്രജ്ഞർക്ക് അറിയാവുന്ന കാര്യം തന്നെ. 1950ൽ തുർക്കിയിൽ നിന്നു കണ്ടെത്തിയ ഒരു മാക്കോ സ്രാവിന് 19 അടി വരെ നീളമുണ്ടായിരുന്നു.
അടുത്തിടെയായി കലിഫോർണിയ തീരത്തു കണ്ടെത്തുന്ന പല സീലുകളിലും പരുക്കുകളും ക്ഷതങ്ങളുമുണ്ട്. ഇവ മാക്കോ സ്രാവുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇതിനു കാരണമായി ഗവേഷകർ പറയുന്നത്. ഇതോടെയാണ് വടക്കൻ പസിഫിക് സമുദ്രത്തിലെ മാക്കോ സ്രാവുകളെപ്പറ്റി ശാസ്ത്രജ്ഞർക്കിടയിൽ താൽപര്യം വളർന്നത്.
ഇവ സാധാരണ കാണപ്പെടുന്ന മാക്കോ സ്രാവുകളെക്കാൽ ശരീരവലുപ്പം പൊതുവിൽ കൂടിയതാണോ എന്നാണ് ശാസ്ത്രജ്ഞർ അന്വേഷിക്കുന്നത്. ബ്ലൂ പോയിന്റർ, ബോണിറ്റോ തുടങ്ങിയ പേരുകളിലും മാക്കോ സ്രാവുകൾ അറിയപ്പെടാറുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഇവയെ ഐക്യരാഷ്ട്രസംഘടന പരിഗണിച്ചിരിക്കുന്നത്.
മവോരി ഭാഷയിൽ നിന്നാണ് മാക്കോ എന്ന പേര് ഈ സ്രാവുകൾക്ക് വന്നത്. ലോകത്തെ പല ഉഷ്ണമേഖലാ സമുദ്രങ്ങളിലും ഇവയെ കാണാറുണ്ട്. ലോങ്ഫിൻ മാക്കോ ഷാർക്ക് എന്ന ഇവയുമായി ബന്ധമുള്ള മറ്റൊരിനം സ്രാവിനെയും ചിലയിടങ്ങളിൽ കാണാം.
മികച്ച ബുദ്ധിശക്തിയുള്ള ഈ വിഭാഗം സ്രാവുകൾ കാര്യങ്ങൾ പെട്ടെന്നു പഠിക്കുന്നവയുമാണെന്ന് ഗവേഷകർ പറയുന്നു. ഈ സ്രാവുകൾ വിനോദത്തിനായി വലിയ തോതിൽ വേട്ടയാടപ്പെട്ടിട്ടുണ്ട്.