മഞ്ഞ് പുതച്ച അന്റാർട്ടിക്കയൊക്കെ പണ്ട്! പച്ചപ്പ് വർധിച്ചത് 10 മടങ്ങ്; 5,00,000 ചതുരശ്ര കിലോമീറ്ററിൽ സസ്യജാലങ്ങൾ
Mail This Article
വനങ്ങളും പുൽമേടുകളും നശിപ്പിക്കപ്പെടുന്നതാണ് ഇന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ഇതുമൂലം പച്ചപ്പിന്റെ കണിക പോലും കാണാനാവാത്ത ഒട്ടേറെ ഭൂപ്രദേശങ്ങളും ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടു. എന്നാൽ വെളുത്ത മഞ്ഞുപുതച്ചു മാത്രം നാം കണ്ടിരുന്ന അന്റാർട്ടിക്കയിലും എവിടെയും പച്ചപ്പ് നിറയുകയാണ്. പക്ഷേ ഇത് അങ്ങേയറ്റം ആശങ്കയോടെയാണ് ലോകം കാണുന്നത് എന്ന് മാത്രം. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത മൂലം സസ്യങ്ങൾക്ക് വളരാൻ പാകത്തിന് അന്റാർട്ടിക്കയിലെ സാഹചര്യങ്ങൾ മാറിമറിയുകയാണ്.
1986 മുതൽ 2021 വരെയുള്ള 35 വർഷത്തെ കണക്കെടുക്കുമ്പോൾ അന്റാർട്ടിക്കയിൽ പച്ചപ്പിന്റെ സാന്നിധ്യം 10 മടങ്ങായി വർധിച്ചു. മഞ്ഞുമലകൾ മാത്രം കാണപ്പെട്ടിരുന്ന പ്രദേശത്ത് ഇന്ന് ധാരാളം സസ്യജാലങ്ങളെ കാണാം. ഇപ്പോൾ കാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അന്റാർട്ടിക്കൻ ഭൂപ്രകൃതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് 30 ശതമാനം അധിക വേഗത്തിലാണ്.
യുകെയിലെ എക്സെറ്റർ സർവകലാശാല, ഹെർട്ട്ഫോർഡ് സർവകലാശാല, ബ്രിട്ടീഷ് അന്റാർട്ടിക് സർവേ എന്നിവിടങ്ങളിൽ നിന്നുമുള്ള ഗവേഷകർ അടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. അന്റാർട്ടിക്കൻ ഉപദ്വീപിന്റെ 5,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ മേഖലയിൽ സസ്യജാലങ്ങളുടെ സാന്നിധ്യം അസാമാന്യമാം വിധം വർധിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. 1986ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെയായിരുന്നു പച്ചപ്പ് നിറഞ്ഞിരുന്നതെങ്കിൽ 2021 ഓടെ ഏകദേശം 12 ചതുരശ്ര കിലോമീറ്റർ എന്ന നിലയിലേക്ക് അത് വ്യാപിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഡാറ്റകളുടെ സഹായത്തോടെയാണ് സംഘം പഠനം നടത്തിയത്.
2016 മുതൽ ഇങ്ങോട്ടാണ് സാഹചര്യങ്ങൾ അപകടകരമാംവിധം മാറി തുടങ്ങിയത്. അന്റാർട്ടിക്ക ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലാണ് അടുത്തകാലങ്ങളിലായി ഇവിടെ താപനില രേഖപ്പെടുത്തുന്നത്. 2024 ൽ തന്നെ അന്റാർട്ടിക്കയുടെ ചില ഭാഗങ്ങളിൽ താപനില ശരാശരിയേക്കാൾ 50 ഡിഗ്രി ഫാരൻഹീറ്റായി ഉയർന്നിരുന്നു. അന്റാർട്ടിക്കൻ ഭൂപ്രകൃതിയിൽ ഇപ്പോഴും പ്രധാനമായും മഞ്ഞ്, ഐസ്, പാറ എന്നിവയാണ് കാണാനാവുന്നതെങ്കിലും സസ്യജാലങ്ങളുടെ സാന്നിധ്യം വർധിക്കുന്നത് അത്യന്തം ഭീഷണി ഉളവാക്കുന്ന സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് പഠന സംഘാംഗമായ ഡോ. തോമസ് റോളണ്ട് പറയുന്നു.
പ്രധാനമായും പായലുകളാണ് അന്റാർട്ടിക്കയിലെ കൂടുതൽ മേഖലകളിലും കണ്ടുവരുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും കഠിനമായ കാലാവസ്ഥകളിൽ ഒന്നിൽ അവ ഇത്രയും വേഗതയിൽ വളർന്നുവരുന്നത് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സ്ഥിതികൾ എത്രത്തോളം മാറി എന്നതിന് ഉദാഹരണമാണ്. അന്റാർട്ടിക്കയിലെ കടൽ ഹിമത്തിന്റെ വ്യാപ്തിയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതിന് പിന്നിലും പ്രവർത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനം തന്നെയാണ്.
ആഗോള ശരാശരിയേക്കാൾ കൂടുതൽ വേഗത്തിൽ അന്റാർട്ടിക്കയിലെ താപനില ഉയരുന്നതും താപനില റെക്കോർഡുകൾ സൃഷ്ടിക്കുന്നതും പതിവായി മാറുന്നു. ഇതിനൊപ്പം സസ്യജാലങ്ങൾ വർധിക്കുന്നത് അന്റാർട്ടിക്കയിലെ ആവാസവ്യവസ്ഥ തകിടംമറിയുന്നതിനും കാരണമായേക്കും. നിലവിലുള്ളതിനേക്കാൾ കൂടുതൽ ഇനം സസ്യങ്ങൾ ഇവിടെ വളരാനും അതിലൂടെ തദ്ദേശീയമല്ലാത്ത പല ഇനങ്ങളിൽപ്പെട്ട വ്യത്യസ്ത ജീവിവർഗങ്ങളുടെ സാന്നിധ്യം ഉണ്ടാകാനും സാധ്യതയുണ്ട്. അന്റാർട്ടിക്കയുടെ തനത് ഭൂപ്രകൃതിയും കാലാവസ്ഥയും അങ്ങേയറ്റം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഈ ദുർബല പ്രദേശത്തെ സംരക്ഷിക്കാനും പരിസ്ഥിതിയെ പുനർനിർമിക്കാനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന നിർദ്ദേശമാണ് ഗവേഷകർ മുന്നോട്ടുവയ്ക്കുന്നത്.