ADVERTISEMENT

കൊടുംവനത്തിൽ നിന്നു നാട്ടിലെ ആവാസവ്യവസ്ഥയിലേക്കു രണ്ടു മരങ്ങൾ. നിറംപാലിയും മന്തിപ്പുളിയും നാട്ടിൽ നട്ടുവളർത്താനൊരുങ്ങി വനംവകുപ്പ്. വംശനാശം സംഭവിക്കുന്നതും എണ്ണത്തിൽ കുറവുള്ളതുമായ മരങ്ങൾക്കു സംരക്ഷണം ഒരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു മരങ്ങൾ നടുന്നത്. നോഹയുടെ പെട്ടകം നിർമിക്കാൻ ഉപയോഗിച്ച മരം ഗോഫറാണ്. ഗോഫർ മരത്തിന്റെ പേര് നാട്ടുഭാഷയിൽ നിറംപാലിയെന്നാണ്. ഒരു വർഷത്തിനിടെ ജില്ലയിൽ 50 നിറംപാലി തൈകൾ വളർത്തിയെടുത്തു നട്ടിരിക്കുകയാണു വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗം. 

ഗവി, ഇടമലക്കുടി വനമേഖലയിലാണു നിറംപാലി മരങ്ങളുള്ളത്. സംഗീതോപകരണം ഉണ്ടാക്കാനും ഭവനനിർമാണത്തിനും നിറംപാലിയുടെ തടി ഉപയോഗിക്കുന്നു. നിറംപാലിയുടെ ഇല ചുമയ്ക്കും സന്ധിവേദനയ്ക്കും ഔഷധമായി ഉപയോഗിക്കും. വനംവകുപ്പ് പാറാമ്പുഴ ഡിപ്പോയിലും ജില്ലയിലെ സ്കൂൾ, കോളജ് പരിസരത്തുമാണു നിറംപാലി, മന്തിപ്പുളി മരങ്ങൾ നട്ടിരിക്കുന്നതെന്നു കോട്ടയം സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി.സുഭാഷ് പറഞ്ഞു. 

കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണു തൈകൾ വികസിപ്പിച്ചെടുക്കുന്നത്. ഇടമലക്കുടിയിൽ നിന്നു പുതിയതായി കണ്ടെത്തിയ ഗാർസീനിയ പുഷ്പഗദാനി(മന്തിപ്പുളി)യുടെ തൈകൾ ഉൽപാദിപ്പിക്കാനും കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ശ്രമം നടത്തുന്നു. 

മന്തിപ്പുളിയുടെ പഴം മൃഗങ്ങൾക്കെല്ലാം പ്രിയങ്കരമാണ്. പഴങ്ങൾ മൃഗങ്ങൾ അകത്താക്കും. ഇക്കാരണത്താൽ തൈകൾ ഉണ്ടാകാതെ മരം നശിക്കും. ആദിവാസികളെ രംഗത്തിറക്കി പഴം ശേഖരിച്ചു നടാനുള്ള ശ്രമങ്ങളാണു റിസർച് വിഭാഗം നടത്തുന്നത്. ഈ വർഷം ജില്ലയിൽ 10 മന്തിപ്പുളിയുടെ തൈകൾ നട്ടിട്ടുണ്ട്. വനത്തിലും മന്തിപ്പുളി തൈകൾ നട്ട് മൃഗങ്ങൾ കാടിറങ്ങാതിരിക്കാനുള്ള നടപടിയും വനംവകുപ്പ് നടത്തുന്നുണ്ട്.

English Summary:

Noah's Ark Tree & Rare 'Mantippuli' Get New Life in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com