നീൽഗായ് മാൻകുഞ്ഞിനെ പെരുമ്പാമ്പ് വിഴുങ്ങി; പുറത്തെടുത്ത് നാട്ടുകാർ: വിമർശനം
Mail This Article
മൃഗസ്നേഹത്തിന്റെ പേരിൽ മറ്റൊരു മൃഗത്തിന്റെ ഭക്ഷണം നിഷേധിക്കാൻ മനുഷ്യർക്ക് അവകാശമുണ്ടോ? കഴിഞ്ഞ ദിവസം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ പുറത്തുവിട്ട വിഡിയോയാണ് പലരിലും ഈ ചോദ്യമുയർത്തിയത്. മാനിനെ ഭക്ഷണമാക്കിയ പെരുമ്പാമ്പിനെ കൊണ്ട് അതിന്റെ ഭക്ഷണം തിരിച്ചിറക്കാൻ ശ്രമിക്കുന്ന വിഡിയോയാണ് അദ്ദേഹം പങ്കുവച്ചത്.
ഹിമാചൽപ്രദേശിലെ യുനാ ജില്ലയിലാണ് സംഭവം നടന്നത്. വയലരികിൽ നീൽഗായ് മാനിനെ വിഴുങ്ങിക്കിടന്ന പാമ്പിനെ ഒരുകൂട്ടം യുവാക്കൾ കൈയിലെടുക്കുകയും ശക്തമായി ഇളക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോൾ പാമ്പ് മാനിനെ പുറന്തള്ളി. ജീവനറ്റ നിലയിലായിരുന്നു മാൻ.
നാട്ടുകാർ ചെയ്തത് ശരിയായോ നടപടിയാണോ എന്ന് പർവീൺ വിഡിയോയ്ക്കൊപ്പം ചോദിക്കുകയുണ്ടായി. ഒട്ടുമിക്കയാളുകളും ഇല്ലെന്നാണ് മറുപടി നൽകിയത്. പ്രകൃതിയുടെ ഭക്ഷ്യശൃംഖലയെ മനുഷ്യൻ തകർക്കുകയാണ്. മൂന്നോ നാലോ മാസത്തേക്ക് പാമ്പിന്റെ ആഹാരമായി മാറേണ്ടിയിരുന്നതായിരുന്നു. പുറത്തെടുത്തുകൊണ്ട് ആർക്കാണ് പ്രയോജനമുണ്ടായത്? മാനിനെ രക്ഷിക്കാനും ആയില്ല, പാമ്പിന് ഭക്ഷണവും കിട്ടിയില്ല. ഇത്തരം മനുഷ്യക്രൂരതകൾ അവസാനിപ്പിക്കണമെന്ന് ചിലർ വാദിച്ചു.