ഡൽഹി ‘ഗ്യാസ് ചേംബർ’: ഒൻപതാം ദിവസവും വായു ഗുണനിലവാരം മോശം; ശ്വാസമെടുക്കാനാകാതെ ജനങ്ങൾ
Mail This Article
രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശമായി തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ഗുണനിലവാര സൂചിക 360 കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് കർത്തവ്യ പഥിലെ AQI 391 ലെത്തി. വ്യാഴാഴ്ച 16 കാലാവസ്ഥാ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത് 400ന് മുകളിലായിരുന്നു.
അലിപുർ, ആനന്ദ് വിഹാർ, അക്ഷർദം എന്നീ മേഖലകളിലും വായു മലിനീകരണം രൂക്ഷമാണ്. ദീപാവലിക്കു ശേഷമാണ് വായു ഗുണനിലവാരം കൂടുതൽ മോശമായത്. പ്രായമായവരിലും കുട്ടികളിലും ശ്വാസംമുട്ടലും ശ്വാസകോശ സംബന്ധമായ അസുഖം റിപ്പോർട്ട് ചെയ്തുവരുന്നുണ്ട്. ഡൽഹിയിൽ രോഗികളുടെ എണ്ണം കൂടിവരികയാണെന്ന് ശ്രീ ഗംഗ ആശുപത്രിയിലെ റെസ്പിറേറ്ററി ഡിപ്പാർട്‌മെന്റ് വൈസ് ചെയർമാൻ ഡോ. ബോബി ബലോത്ര പറയുന്നു.
വാഹനങ്ങൾ വിനയാകുന്നു
ഡൽഹിയിലെ വായു മലിനീകരണത്തിന്റെ വലിയൊരു പങ്കും വാഹനങ്ങളിൽ നിന്നാണെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) പഠനറിപ്പോർട്ട്. മലിനീകരണത്തിന്റെ 50 ശതമാനവും വാഹനങ്ങളിൽ നിന്നാണ്. ഓരോ ദിവസവും, ഏകദേശം 11 ലക്ഷം വാഹനങ്ങളാണു ഡൽഹിയിലേക്ക് വരികയും പോകുകയും ചെയ്യുന്നത്. ഈ വാഹനങ്ങൾ പുറത്തുവിടുന്ന പുകയാണു വായുമലിനീകരണത്തിന്റെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗതാഗതക്കുരുക്കാണ് മലിനീകരണം രൂക്ഷമാക്കുന്നതിന്റെ മറ്റൊരു കാരണം. നഗരത്തിലെ വായുവിൽ കലരുന്ന 81 ശതമാനം നൈട്രജൻ ഓക്സൈഡുകളും വാഹനങ്ങൾ പുറന്തള്ളുന്നതാണ്. നഗരത്തിലെ മൊത്തത്തിലുള്ള മലിനീകരണത്തിന്റെ 30.34ശതമാനം പ്രാദേശികമായി ഉണ്ടാകുന്നതാണ്. അയൽ എൻസിആർ ജില്ലകൾ 34.97ശതമാനം മലിനീകരണത്തിന് കാരണമാകുന്നു. മറ്റ് പ്രദേശങ്ങൾ 27.94 ശതമാനം ഡൽഹിയെ മലിനപ്പെടുത്തുന്നുണ്ട്.
ലഹോർ മുന്നിൽ
ദിവസങ്ങൾക്ക് മുൻപ് ലോകത്തിലെ ഏറ്റവും മോശം വായുനിലവാര സൂചികയുള്ള നഗരമായി തിരഞ്ഞെടുത്തത് പാക്കിസ്ഥാനിലെ ലഹോറിനെയാണ്. ഡൽഹിയേക്കാൾ 6 മടങ്ങ് മോശം വായുവാണ് എന്നാണു റിപ്പോർട്ട്. 14 ദശലക്ഷമാണു ലഹോറിലെ ജനസംഖ്യ. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പരിധിയേക്കാൾ 6 മടങ്ങ് കൂടുതലാണ് ഇവിടെ വായുമലിനീകരണം. അയൽരാജ്യമായ ഇന്ത്യയിൽ നിന്നുള്ള കാറ്റാണു ലഹോറിലെ വായുമലിനീകരണത്തിനു കാരണമെന്നാണു പാക്കിസ്ഥാന്റെ ആരോപണം. വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു പാക്ക് ഭരണകൂടം കത്തയച്ചിരുന്നു.