ഇണയെ തേടി ‘ജോണി’ തെലങ്കാനയിൽ; ആൺകടുവ സഞ്ചരിച്ചത് 300 കി.മീ
Mail This Article
ഇണയെ തേടി ആറര വയസുകാരനായ ജോണി കടുവ സഞ്ചരിച്ചത് 300 കിലോമീറ്റർ. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കിൻവത്തിൽ നിന്ന് 30 ദിവസം കൊണ്ട് തെലങ്കാനയിലെ ആദിലാബാദ്, നിർമൽ ജില്ലകളിലെത്തുകയായിരുന്നു. ഒക്ടോബർ മൂന്നാം വാരത്തോടെയാണ് യാത്ര ആരംഭിച്ചത്.
ജോണിയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളർ വഴിയാണ് സഞ്ചാര പാത മനസ്സിലാക്കുന്നത്. കിൻവത്തിൽ നിന്ന് തുടങ്ങിയ യാത്ര ഭയിൻസ, കുണ്ടാല, സാരംഗപുർ, ഇക്കോഡ, ഉത്‌നൂർ എന്നിവ കടന്നാണ് തെലങ്കാനയിലെത്തിയത്. തങ്ങൾ ജീവിക്കുന്ന സ്ഥലത്ത് ഇണയെ ലഭിച്ചില്ലെങ്കിൽ അവർക്കായി കിലോമീറ്ററുകളോളം സഞ്ചരിക്കാൻ ആൺ കടുവകൾ തയാറാകുന്നു.
ശൈത്യകാലത്താണ് ഇവർ ഇണചേരുന്നത്. ഈ സമയങ്ങളിൽ മഹാരാഷ്ട്രയിൽ നിന്ന് നിരവധി കടുവകൾ ആദിലാബാദ് ജില്ലയിലേക്ക് എത്താറുണ്ട്. ഉടൻ തന്നെ ജോണിക്ക് ഇണയെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആദിലാബാദ് ജില്ലാ ഫോറസ്റ്റ് ഓഫിസറായ പ്രശാന്ത് ബാജിറാവു പാട്ടിൽ പറഞ്ഞു. ജോണി ഇപ്പോൾ തിർയാനി മേഖലയിലേക്ക് കടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇതുവരെ അഞ്ച് കന്നുകാലികളെ ജോണി കൊന്നിട്ടുണ്ടെന്നും ഇവർ അറിയിച്ചു.