പൂമ്പാറ്റകളെപ്പോലെ പൂന്തേൻ നുകർന്ന് ചെന്നായ്ക്കൾ; ഇത്യോപ്യയിലെ അദ്ഭുത കാഴ്ച
Mail This Article
ജന്തുലോകത്തെ മികച്ച മാംസാഹാരികളാണ് ചെന്നായ്ക്കൾ. എന്നാൽ ഇത്യോപ്യൻ മരുഭൂമിയിൽ നിന്ന് പുതിയൊരു കാഴ്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇത്യോപ്യൻ റെഡ് ഹോട്ട് പോക്കർ എന്ന പൂവിന്‌റെ തേൻ നുകരുന്ന ചെന്നായ്ക്കളുടെ കാഴ്ചയാണ് ഇത്. ഒരു ലോലിപോപ്പ് നുണയുന്നതുപോലെ എന്നാണ് ഗവേഷകർ ഈ കാഴ്ചയെപ്പറ്റി പറഞ്ഞത്.
ഇതാദ്യമായാണ് ഇത്രയും വലുപ്പമുള്ള മാംസാഹാരികൾ തേൻ നുകരുന്നത് ഗവേഷകർ കാണുന്നത്. തേൻ കുടിക്കുക മാത്രമല്ല, പരാഗണത്തിലും ഇവ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇതു സ്ഥിരീകരിച്ചിട്ടില്ല. സ്ഥിരീകരണത്തിനായി കൂടുതൽ തെളിവുകൾ വേണം. കാനിസ് സിമെൻസിസ് എന്ന ശാസ്ത്രനാമമുള്ളവയാണ് ഇത്യോപ്യൻ ചെന്നായ്ക്കൾ. ഇത്യോപ്യൻ വൂൾഫ് കൺസർവേഷൻ പ്രോഗ്രാമിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണു പഠനം നടന്നത്. ഒരു ചെന്നായ 30 പൂക്കളിൽ വരെ സന്ദർശനം നടത്തുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മുതിർന്ന ചെന്നായ്ക്കൾ ചെറിയ ചെന്നായ്ക്കളെ പൂക്കളിലേക്ക് എത്തിക്കുന്ന സംഭവങ്ങളും ഗവേഷകർ രേഖപ്പെടുത്തി.
അപൂർവജീവികളായ ഇത്യോപ്യൻ ചെന്നായ്ക്കൾ വംശനാശഭീഷണി നേരിടുന്നവയുമാണ്. ഇത്യോപ്യൻ ഹൈലാൻഡ് മേഖലയിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. 500 ജീവികൾ മാത്രമാണ് ഇവിടെ നിലകൊള്ളുന്നതെന്നാണ് കണക്ക്.