യുദ്ധത്തിന് സൈനികരെ അയച്ചു; ഉത്തരകൊറിയയ്ക്ക് സമ്മാനമായി റഷ്യ നൽകിയത് പക്ഷികളും മൃഗങ്ങളും
Mail This Article
യുക്രെയ്നെതിരെ യുദ്ധം ചെയ്യാനായി റഷ്യയ്ക്ക് പതിനായിരത്തോളം സൈനികരെ നൽകിയ ഉത്തരകൊറിയയ്ക്ക് പ്രതിഫലമായി കിട്ടിയത് പക്ഷികളും മൃഗങ്ങളും. 25 ഫേസറ്റുകൾ 40 മാൻഡരിൻ ഡക്ക്, 2 വെള്ള കോക്കറ്റൂ, 2 യാക്ക്, രണ്ട് ബ്രൗൺ കരടി, ഒരു ആഫ്രിക്കൻ സിംഹം എന്നിങ്ങനെ 72ലധികം മൃഗങ്ങളെയും പക്ഷികളെയുമാണ് റഷ്യ സമ്മാനമായി നൽകിയത്. മൃഗങ്ങളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്.
റഷ്യയുടെ പ്രകൃതിവിഭവ മന്ത്രിയായ അലക്സാണ്ടർ കൊസ്‌ലോവയാണ് ജീവികളുടെ കൈമാറ്റത്തിന് നേതൃത്വം വഹിച്ചത്. മോസ്കോ മൃഗശാലയിൽ നിന്ന് ഉത്തരകൊറിയയിലെ പ്യോങ്‌യാങ് സെന്‍ട്രല്‍ മൃഗശാലയിലേക്കാണ് പക്ഷികളെയും മൃഗങ്ങളെയും വ്യോമമാര്‍ഗം എത്തിച്ചത്. ഈ വർഷമാണ് റഷ്യയും ഉത്തരകൊറിയയും പ്രതിരോധ കരാറിൽ ഒപ്പുവയ്ക്കുന്നത്. ഒരു രാജ്യത്തിനെതിരെ അധിനിവേശ ശ്രമം ഉണ്ടാകുമ്പോൾ മറ്റേ രാജ്യം സൈനികസഹായം ഉറപ്പാക്കണമെന്നാണ് കരാർ.
ചരിത്രപരമായി, മൃഗങ്ങൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന് കണ്ണിയായി പ്രവർത്തിക്കാറുണ്ട്. കൂടാതെ ഈ കൈമാറ്റം പിന്തുണ, കരുണ, പരിപാലനം എന്നിവയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു– മന്ത്രി അലക്സാണ്ടർ കൊസ്‌ലോവ പറഞ്ഞു. മുൻപ് ഉത്തരകൊറിയയുടെ പരമാധികാരിയായ കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ 24 കുതിരകളെ സമ്മാനമായി നൽകിയിരുന്നു. ഇതിന്റെ സന്തോഷത്തിൽ രണ്ട് നായകളെയാണ് പുടിന് കിം ജോങ് നൽകിയത്.