പാമ്പുകളുടെ സ്വന്തം കൂട്ടുകാരൻ; ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നതെല്ലാം ‘വൈറൽ’ ദൃശ്യങ്ങൾ
Mail This Article
ഇൻസ്റ്റഗ്രാമിൽ സൈമൺ ആൻഡ് സിയൂക്‌സി എന്നൊരു പ്രൊഫൈലുണ്ട്. പാമ്പുവിദഗ്ധരായ ദമ്പതികൾ നടത്തുന്ന പ്രൊഫൈലാണ് ഇത്. മുന്നൂറിലേറെ പോസ്റ്റുകൾ ഇതിലുണ്ട്. ലോകമെമ്പാടുമുള്ള വിവിധയിനം പാമ്പുകളെപ്പറ്റിയുള്ള വിവരണങ്ങൾ ഇവിടെ കാണാം. പാമ്പുപിടിത്തക്കാരിലെ രാജ്യാന്തര സെലിബ്രിറ്റികളായ സൈമൺ കീസും ജീവിതപങ്കാളി സിയൂക്‌സി ഗില്ലെറ്റുമാണ് ഈ പ്രൊഫൈലിനു പിന്നിൽ.
വളരെ ദുഷ്‌കരമായ ഒരു പ്രവൃത്തിയായി കണക്കാക്കിയിരുന്ന പാമ്പുപിടിത്തം ലളിതമാക്കി അവതരിപ്പിച്ചാണ് 50കാരനായ സൈമൺ കീസ് പ്രശസ്തി നേടിയത്. ധാരാളം പ്രകൃതി സ്‌നേഹികളുടെ പ്രത്യേകിച്ച് പാമ്പുസ്‌നേഹികളുടെ മനസ്സുകീഴടക്കാൻ സൈമണിനു കഴിഞ്ഞു. പാമ്പുകളെ പിടികൂടിയ ശേഷം സ്വാഭാവിക വാസസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്നതാണ് സൈമണിന്‌റെ രീതി. ടാറ്റൂ ആർട്ടിസ്റ്റായ സൈമണിന്റെ ശരീരം മുഴുവൻ ടാറ്റുവാണ്. ഹെർപറ്റോളജിസ്റ്റ് കൂടിയാണ്.
നാഷനൽ ജ്യോഗ്രഫിക് ചാനലിലെ സ്‌നേക് സിറ്റി എന്ന പ്രോഗ്രാം വഴി ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധരെ സൃഷ്ടിച്ചിട്ടുണ്ട് കീസ്. 1974 ജൂലൈ 15ന് ഇംഗ്ലണ്ടിലാണ് സൈമൺ ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ സൈമൺ കീസിന് മൃഗസ്‌നേഹം, വിശിഷ്യാ പാമ്പുകൾ ഉൾപ്പെടെയുള്ള ഉരഗങ്ങളോടുള്ള സ്‌നേഹം തുടങ്ങി. കുട്ടിക്കാലത്ത് പഠനത്തിൽ അത്ര മിടുക്കനല്ലായിരുന്നു സൈമൺ. പുസ്തകങ്ങൾ വായിക്കുന്നതൊക്കെ നന്നേ കുറവ്. എന്നാൽ ഉരഗങ്ങളോട് താൽപര്യം തോന്നിയതിനു ശേഷം ഇവയെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹം വായിച്ചുതുടങ്ങി.
വീടിനു സമീപമുള്ള പറമ്പിൽനിന്ന് 10 വയസ്സുള്ളപ്പോഴാണ് ആദ്യമായി സൈമൺ ഒരു പാമ്പിനെപ്പിടിച്ചത്. 12 വയസ്സുമുതൽ അദ്ദേഹം പാമ്പുകളെ വളർത്തിത്തുടങ്ങി.
നാഷനൽ ജ്യോഗ്രഫിക്കിലെ സ്‌നേക് സിറ്റി എന്ന പ്രോഗ്രാമാണ് സൈമണിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമായാണ് ജീവിക്കുന്നത്. ദക്ഷിണാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നായി നൂറിലേറെ പാമ്പുകളെ സൈമൺ പിടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി തവണ കടിയേറ്റിട്ടുമുണ്ട്. ഒരുകാലത്ത് താൻ കിടക്കുന്ന മുറിയിൽ 88 വിഷപ്പാമ്പുകൾ ഉണ്ടായിരുന്നെന്ന് പറഞ്ഞ് സൈമൺ കീസ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.