ഇതുവരെ കണ്ടെത്തിയത് 7 ജീവികളെ മാത്രം! അപൂർവ തിമിംഗലത്തെ പഠിക്കാൻ ശാസ്ത്രജ്ഞർ
Mail This Article
ലോകത്തെ ഏറ്റവും അപൂർവ തിമിംഗലം..അതാണു പാരപ്പല്ലൻ തിമിംഗലം അഥവാ സ്പേഡ് ടൂത്ത്ഡ് തിമിംഗലം. ഈ അപൂർവ തിമിംഗലത്തെ വിശദമായി പഠിക്കാനൊരുങ്ങുകയാണു ന്യൂസീലൻഡിലെ ഒരു സംഘം ശാസ്ത്രജ്ഞർ. ന്യൂസീലൻഡിലെ മാവോറി വിഭാഗക്കാരുടെ സഹകരണത്തോടെയാണു പഠനം നടത്തുന്നത്. മാവോറികൾക്ക് തിമിംഗലങ്ങൾ ദിവ്യമൃഗങ്ങളാണ്.
ജൂലൈയിൽ ന്യൂസീലൻഡ് തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ശരീരമാണു ശാസ്ത്രജ്ഞർ പഠനത്തിന് ഉപയോഗിച്ചത്. 35 വർഷമായി കൊക്കുള്ള തിമിംഗലങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ആന്റൺ വാൻ ഹെൽഡൻ എന്ന ശാസ്ത്രജ്ഞനാണു പഠനത്തിനു പിന്നിൽ. കൊക്കുള്ള തിമിംഗലങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണു സ്പേഡ് ടൂത്ത്ഡ് തിമിംഗലം.
ഈ തിമിംഗലങ്ങളുടെ ആവാസവ്യവസ്ഥ, ഭക്ഷണരീതികൾ, ദഹനവ്യവസ്ഥ തുടങ്ങിയവ ശാസ്ത്രജ്ഞർ പഠിക്കും. ഇതിനു മുൻപ് വെറും 6 സ്പേഡ് ടൂത്ത്ഡ് തിമിംഗലങ്ങളെ മാത്രമാണു കണ്ടെത്തിയിട്ടുള്ളത്. ആദ്യമായി ഇവയെ കണ്ടെത്തിയത് 1872ൽ ന്യൂസീലൻഡിലെ പിറ്റ് ദ്വീപിനു സമീപമാണ്. 1950ൽ മറ്റൊരു ദ്വീപിലും 1986ൽ ചിലെയിലെ റോബിൻസൻ ക്രൂസോ ദ്വീപിലും ഇവയുടെ രണ്ട് അവശിഷ്ടങ്ങൾ കൂടി കിട്ടി. ജനിതക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ ജീവിവർഗമാണെന്ന് ഉറപ്പിച്ചത്.
ഈ തിമിംഗലങ്ങളെ ആശ്രയിച്ചുള്ള പരാന്നഭോജികളായ മറ്റു ജീവികളുമുണ്ടാകും. ഇവ ചിലപ്പോൾ ജീവശാസ്ത്രത്തിനു തന്നെ പുതിയതാകുമെന്നും ഹെൽഡൻ പറയുന്നു.
തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തടിയുന്ന വേൽ സ്ട്രാൻഡിങ് എന്ന പ്രതിഭാസം പലപ്പോഴും ഉണ്ടായിട്ടുള്ള രാജ്യമാണു ന്യൂസീലൻഡ്. 1840 മുതൽ ഇന്നുവരെയുള്ള കാലയളവിൽ ഏകദേശം 5000 തവണ ഈ പ്രതിഭാസം ഉടലെടുത്തിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ അറിയില്ലെങ്കിലും ഇവ പസിഫിക് സമുദ്രത്തിന്റെ ആഴമേഖലകളിലാണ് താമസമെന്നാണ് ഗവേഷഖരുടെ അനുമാനം. അതിനാൽ തന്നെ ഇവ ജലോപരിതലത്തിലെത്തുക അപൂർവമാണ്.
കഴിഞ്ഞവർഷം തായ്‌ലൻഡിലെ ഫൂക്കെറ്റിൽ വെളുത്ത ഒമൂറ തിമിംഗലത്തെ കണ്ടെത്തിയതും വാർത്തയായിരുന്നു. ഒമൂറ തിമിംഗലങ്ങൾ വളരെ അപൂർവമായി മാത്രം കാണപ്പെടുന്നവയാണ്. 2015ലാണ് ഇത്തരത്തിലൊരു തിമിംഗലത്തെ ആദ്യമായി ലോകം കണ്ടത് തന്നെ. എന്നാൽ പൂർണമായും വെളുത്ത (ആൽബിനോ) ഒമൂറ വെട്ടപ്പെടുന്നത് ഇതാദ്യമായിരുന്നു.
ഒമൂറ തിമിംഗലങ്ങൾ നീണ്ടു മെലിഞ്ഞവയാണ്. പൊതുവെ വയറിന്റെ ഭാഗത്തു വെളുത്തനിറവും മുകൾ ശരീരത്തിൽ കറുത്തനിറവുമാണ് ഇത്തരം തിമിംഗലങ്ങൾക്ക്. പൊതുവെ ഒറ്റയ്ക്കോ കൂട്ടമായോ ആണ് ഇവ സഞ്ചരിക്കുക. വളരെ പതുക്കെയുള്ള ശബ്ദത്തിൽ ഇവ പാട്ടുപാടാറുണ്ട്. ഇവയെക്കുറിച്ച് വലിയ പഠനങ്ങൾ നടന്നിട്ടില്ല. അപൂർവജീവികളായതിനാൽ ഇവയെത്രയെണ്ണം ഉണ്ടെന്നോ എവിടെയൊക്കെയാണുള്ളതെന്നോ ഒന്നും ശാസ്ത്രജ്ഞർക്ക് കൃത്യമായി പറയാനാകാത്ത അവസ്ഥയാണ്.