അങ്ങനെ അർജന്റീനയിൽ ജനിച്ചു ലങ്ക; അപൂർവങ്ങളിൽ അപൂർവ കുഞ്ഞൻമാൻ
Mail This Article
ഭൂമിയിലെ മനോഹരജീവികളാണ് മാനുകൾ. കവിതയിലും കഥയിലും സൗന്ദര്യവർണനകളിലുമൊക്കെ മാനുകളെപ്പറ്റി എത്രയോ പറഞ്ഞിരിക്കുന്നു. ലോകത്ത് പലയിനം മാനുകളുണ്ട്. പുള്ളിമാൻ, കലമാൻ, കസ്തൂരിമാൻ...അങ്ങനെ പലതരം. മാനുകളിലെ ഏറ്റവും ചെറിയ ഇനങ്ങളിൽ രണ്ടാം സ്ഥാനത്താണ് സതേൺ പുഡു. ഈ വിഭാഗത്തിൽ ഒരു മാൻ അർജന്റീനയിലെ ബയോപാർക്കിൽ ജനിച്ചു. ലങ്ക എന്നാണ് ഈ കുഞ്ഞൻമാന്റെ പേര്. 1.2 കിലോഗ്രാം ഭാരവും ചെറുപുള്ളികളുമുള്ളതാണ് ഈ മാൻ. വളരെ അപൂർവ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ പുഡു ഇനത്തിൽപ്പെട്ട മാനുകൾക്ക് മേൽ രാജ്യാന്തര പരിസ്ഥിതി രംഗത്തിന്റെ ശ്രദ്ധയുണ്ട്. അടുത്തിടെ സതേൺ പുഡു വിഭാഗത്തിൽപ്പെട്ട കുഞ്ഞൻ മാൻ പോളണ്ടിലെ വാഴ്സ മൃഗശാലയിൽ ജനിച്ചിരുന്നു.
തെക്കൻ അമേരിക്കൻ രാജ്യങ്ങളായ ചിലെയിലെയും അർജന്റീനയിലെയും വാൽഡിവിയൻ കാടുകളിലാണ് സതേൺ പുഡു വിഭാഗത്തിലുള്ള മാനുകൾ കാണപ്പെടുന്നത്. പൂർണവളർച്ചയെത്തിയ പുഡു മാനുകൾക്ക് 46 സെന്റിമീറ്റർ പൊക്കവും 15 കിലോ വരെ ഭാരവുമുണ്ടാകാം. ഇവയുമായി ബന്ധമുള്ള നോർത്തേൺ പുഡുവാണ് മാനുകളിൽ ഏറ്റവും ചെറിയ ജീവികൾ.
വംശനാശഭീഷണി വളരെയേറെ നേരിടുന്ന മാനുകളാണ് സതേൺ പുഡു. എപ്പോഴും ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്ന മൃഗങ്ങളാണ് ഇവ. അതിനാൽ തന്നെ ഇവയെ കാടുകളിലും മറ്റും കണ്ടെത്താൻ സാധ്യത വളരെ കുറവാണ്. യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകളിലും മറ്റും ഇവയെ കണ്ടെത്താൻ സാധിക്കും.
പൊതുവെ ഏകാന്ത ജീവിതം നയിക്കുന്നവരാണ് സതേൺ പുഡു മാനുകൾ. ഇവ പുല്ലുമേയുമ്പോഴും മറ്റും അതീവ ജാഗ്രത പുലർത്താറുണ്ട്. എന്തെങ്കിലും ഭീഷണി ശ്രദ്ധയിൽപെട്ടാൽ ഇവ സിഗ്സാഗ് ശൈലിയിൽ ഓടിയൊളിക്കും. രക്ഷപ്പെടാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ ഇവ അനങ്ങാതെ നിൽക്കും. വേട്ടയാടുന്ന മൃഗങ്ങൾ പലപ്പോഴും ഇരയുടെ ചലനം നോക്കിയായിരിക്കും വേട്ട നടത്തുന്നത്. ഈ ആനുകൂല്യം മുതലെടുത്ത് രക്ഷ നേടാനാണ് സതേൺ പുഡു ഈ രീതിയിൽ നിൽക്കുന്നത്.