ADVERTISEMENT

പൂവൻ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടി കായലിലെ കക്കയുടെ ഉൽപാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കക്ക ഉൽപാദനത്തിൽ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലിൽ 30 ലക്ഷം കക്ക വിത്തുകൾ നിക്ഷേപിച്ചു. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉൽപാദിപ്പിച്ച വിത്തുകളാണ് കായലിൽ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

സുസ്ഥിരമായ രീതിയിൽ കായലിൽ കക്കയുടെ ലഭ്യത പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ് പദ്ധതി. ബിഷപ്പ് തുരുത്ത്, വളം അൻസിൽ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകൾ നിക്ഷേപിച്ചത്. ഒരു വർഷം നീണ്ടു നിന്ന ഗവേഷണത്തിലൂടെ സിഎംഎഫ്ആർഐ പൂവൻ കക്കയുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.

cmfri-kochi-gif

സാമ്പത്തിക-പാരിസ്ഥിതിക പ്രാധാന്യമുള്ള അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് ഈ കക്ക. എന്നാൽ, കുറച്ചു വർഷങ്ങളായി ഇവയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു വരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്.  

സിഎംഎഫ്ആർഐയുടെ കണക്കുകൾ പ്രകാരം, 1990 കളുടെ തുടക്കത്തിൽ ഈ കക്കയുടെ വാർഷിക ലഭ്യത 10,000 ടൺ ഉണ്ടായിരുന്നത് സമീപകാലത്ത് ആയിരം ടണ്ണിൽ താഴെയായി കുത്തനെ കുറഞ്ഞിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്നിവയാകാം കക്ക കുറയാനുള്ള കാരണങ്ങളെന്ന് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിപണികളിൽ ആവശ്യക്കാരേറുന്നതിനാൽ മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക. കല്ലുമ്മക്കായ വിത്തുൽപാദനത്തിനുള്ള ഹാച്ചറി സംവിധാനവും ഫിഷറീസ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു. സുസ്ഥിര മത്സ്യകൃഷി രീതികൾ വർധിപ്പിക്കുന്നതിനും ഉയർന്ന ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുകയുമാണ് ഹാച്ചറിയുടെ ലക്ഷ്യം. കല്ലുമ്മക്കായ വിത്തുകൾ കർഷകർക്ക് കൈമാറി.

English Summary:

CMFRI Revives Ashtamudi Lake's Poovan Kaki Population

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com